ADVERTISEMENT

ഒരു ലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന രക്തക്കൊതിയൻ വാംപയർ വവ്വാലിന്റെ അവശിഷ്ടങ്ങൾ അർജന്റീനയിലെ ഗുഹയിൽ നിന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള വവ്വാലായിരുന്ന ഡെസ്മോഡസ് ഡ്രാകുളെയുടെ കവിളെല്ലിന്റെ ഭാഗമാണു കണ്ടെടുത്തത്.നിലവിൽ ഭൂമിയിലുള്ള വാംപയർ ബാറ്റുകളുടെ മുൻഗാമിയാണ് ഇവർ. നിലവിലുള്ള വാംപയർ ബാറ്റുകളെക്കാൾ 30 ശതമാനം വലുപ്പം കൂടുതലാണു ഡ്രാക്കുള വവ്വാലിന്. പ്ലീസ്റ്റോസിൻ കാലഘട്ടത്തിൽ മധ്യ, തെക്കൻ അമേരിക്കയിലെ കാടുകളിലാണ് ഈ വവ്വാലുകൾ ജീവിച്ചിരുന്നത്. 1988ൽ വെനിസ്വേലയിൽ നിന്നാണ് ഇവയുടെ ശേഷിപ്പുകൾ ആദ്യമായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇത്തരത്തിലൊരു വവ്വാൽക്കൂട്ടമുണ്ടെന്നു ലോകമറിഞ്ഞതും അപ്പോൾ.

 

നിലവിലുള്ള വാംപയർ ബാറ്റുകളും തെക്കേ അമേരിക്കയിലാണ് അധിവാസം. ഡ്രാക്കുള കഥകളിൽ ഇത്തരം വവ്വാലുകളെ യൂറോപ്പിൽ കാണിക്കുന്നുണ്ടെങ്കിലും യൂറോപ്പിൽ ഇവ ഇല്ലെന്നതാണു സത്യം. ഇവയ്ക്ക് 40 ഗ്രാം വരെ ഭാരമുണ്ട്. ഒരൗ‍ൺസ് രക്തം ഒറ്റ വലിക്ക് കുടിക്കാൻ ഇവയ്ക്കു സാധിക്കും. തെക്കേ അമേരിക്കയിലെ ഖനികളിലും ഇരുണ്ട ഗുഹകളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആയിരത്തോളം വവ്വാലുകളടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് ഇവയുടെ താമസം. 

 

ഗ്രൂപ്പുകളിൽ ആൺ വവ്വാലുകളുടെ എണ്ണം വളരെ കുറവായിരിക്കും. ഭീകരമായ പരിവേഷം ഉണ്ടെങ്കിലും ഇവ വളരെ സാമൂഹികമായി ജീവിക്കുന്ന ജീവികളാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്തുകൊണ്ടാണു വാംപയർ ബാറ്റുകൾ രക്തം കുടിക്കുന്നതെന്ന് ശാസ്ത്രജ്ഞരെ എന്നും വിസ്മയിപ്പിച്ചിരുന്നു. നീണ്ട തങ്ങളുടെ ജീവിതചരിത്രത്തിലെ ഏതെങ്കിലുമൊരു കാലഘട്ടത്തിൽ ഇവയ്ക്ക് ഭക്ഷണദൗർലഭ്യം അനുഭവപ്പെട്ടിരിക്കാം. ഇതായിരിക്കാം ഇവരെ രക്തപാനികളാക്കി മാറ്റിയതെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. കന്നുകാലികളെയും മറ്റു വലിയ ജീവികളെയുമൊക്കെയാണ് ഇവ ആക്രമിച്ചു ചോര കുടിക്കുന്നത്.

 

മനുഷ്യരെ ഇവ ആക്രമിക്കാറില്ലെന്നായിരുന്നു ഇടക്കാലത്ത് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാൽ ഇതു പിന്നീട് തെറ്റാണെന്നു തെളിഞ്ഞു. തങ്ങൾക്ക് ഇരകളായി മറ്റു മൃഗങ്ങളെ കിട്ടാതാകുമ്പോഴാണ് ഇവ മനുഷ്യരെ ആക്രമിക്കുന്നതെന്നാണു കരുതപ്പെടുന്നത്. തെക്കൻ അമേരിക്കയിൽ ഒരുപാട് പേർക്ക് ഇവയുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 12 പേർ മരിക്കുകയും ചെയ്തു. എന്നാൽ ഇവ രക്തം കുടിച്ചതു മൂലം ചോരവാർന്നായിരുന്നില്ല ആ മരണങ്ങൾ. മറിച്ച് ഇവയിൽ നിന്നു പേ വിഷബാധ പകർന്നതു മൂലമാണ്. നിലവിൽ 1400 വിഭാഗങ്ങളിലുള്ള വാംപയർ ബാറ്റുകളുണ്ടെന്നാണു കണക്ക്. കാട്ടിൽ 9 വർഷം വരെ ഇവ ജീവിക്കും. എന്നാൽ ചോര കുടിക്കാൻ കിട്ടാതായാൽ ഇവ 48 മണിക്കൂറിൽ മരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

English Summary: Remains of Giant Vampire Bat From 100,000 Years Ago Found in Argentinian Cave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com