ADVERTISEMENT

എലി പിടിയന്മാരായ പൂച്ചകൾ പോലും വലിയ എലികളെ കൈയിൽ കിട്ടിയാൽ അവയെ പൂർണമായി ഭക്ഷിക്കാൻ അല്പം സമയമെടുക്കും. . എന്നാൽ ഒറ്റയടിക്ക് ഒരു കൂറ്റൻ എലിയെ ഒന്നോടെ വിഴുങ്ങുന്ന കൊക്കിന്റെ ദൃശ്യമാണ് ന്യൂയോർക്കിൽ നിന്നു പുറത്തു വരുന്നത്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ നിന്നും പകർത്തിയതാണ് ദൃശ്യം.

പാർക്കിൽ നിന്നും കൊത്തിയെടുത്ത എലിയുമായി  കുളത്തിലെത്തിയ ശേഷം വെള്ളത്തിൽ നിന്നാണ് ബ്ലൂ ഹെറൺ ഇനത്തിൽപ്പെട്ട കൊക്ക് അതിനെ ഭക്ഷിക്കുന്നത്. മാൻഹട്ടൻ ബേർഡ് അലർട് എന്ന സംഘടനയുടെ സ്ഥാപകനായ ഡേവിഡ് ബാരെറ്റ് പകർത്തിയ ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോവിഡ് വ്യാപനത്തെ  തുടർന്ന് സന്ദർശകരുടെ എണ്ണം കുറഞ്ഞതോടെ പാർക്കിൽ എലികളുടെ ശല്യം അധികമായിരുന്നു. അതിനാൽ പാർക്കിലുണ്ടായിരുന്നവരെയും ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ചയായിരുന്നു ഇത്. 

സാധാരണയായി മീനുകളെയാണ് ബ്ലൂ ഹെറണുകൾ ഭക്ഷണമാക്കാറുള്ളത്. എന്നാൽ തവളകളെയും ഞണ്ടുകളെയും എലികളെയുമൊക്കെ ഇരയാക്കാൻ ഒരവസരം കിട്ടിയാൽ അത് ഇവ പാഴാക്കാറുമില്ല. എങ്കിലും ഒരു എലിയെ അപ്പാടെ ഹെറണുകൾ വിഴുങ്ങുന്നത് അത്ര സാധാരണമല്ല. നഗരപ്രദേശത്ത് വസിക്കുന്ന ജീവികൾക്ക് അവയുടേതായ പ്രത്യേക ഭക്ഷണരീതിയുണ്ട് എന്നതിന് തെളിവാണ് ഈ കാഴ്ചയെന്ന് ഡേവിഡ് ബാരെറ്റ് ട്വിറ്ററിൽ കുറിച്ചു. 

കൗതുകകരമായ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെ എലി ശല്യത്തിൽ  നിന്നും രക്ഷനേടാൻ കൂടുതൽ ഹെറണുകളെ  മാൻഹട്ടനിലേക്ക് എത്തിക്കേണ്ടിവരുമെന്നാണ്  പലരുടെയും പ്രതികരണം. എന്നാൽ മാൻഹട്ടനിലും സമീപപ്രദേശങ്ങളിലുമായി ആകെ  നൂറിൽ താഴെ ഹെറണുകളാണുള്ളത്. അവയിൽത്തന്നെ ഇരുപതിൽ താഴെ എണ്ണം മാത്രമാണ് നഗരത്തിൽ പതിവായെത്തുന്നത്. എന്നാൽ ഇവിടുത്തെ എലികളുടെ എണ്ണമാവട്ടെ നാലു ലക്ഷത്തിന് മുകളിലുണ്ടാവുമെന്നാണ് ഏകദേശ കണക്ക്. അതായത്  ഈ ഒരൊറ്റ കാഴ്ചകണ്ട്  എലികളെ തുരത്താൻ ഹെറണുകളെ ആശ്രയിക്കാമെന്ന പ്രതീക്ഷ  വെറുതെയാണെന്ന് ചുരുക്കം.

English Summary: Wild footage of bird swallowing giant rat in one gulp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com