ADVERTISEMENT

ചരിത്രാതീതകാലത്ത് നിർമിക്കപ്പെട്ടതെന്നു കരുതുന്ന കുന്തത്തിനു സമാനമായ ആയുധത്തിന്റെ ഭാഗമടക്കമുള്ള വസ്തുക്കൾ കൂറ്റൻ മുതലയുടെ വയറിനുള്ളിൽ കണ്ടെത്തി.13 അടി നീളവും 750 പൗണ്ട് (340 കിലോഗ്രാം ) ഭാരവുമുള്ള മുതലയുടെ വയറിനുള്ളിലാണ് അമൂല്യ വസ്തുക്കൾ കണ്ടെത്തിയത്. ജോൺ ഹാമിൽട്ടൺ എന്ന വ്യക്തി മിസിസിപ്പിയിലെ ഈഗിൾ ലേക്കിൽ നിന്നും പിടികൂടിയ മുതലയാണിത്.

മാംസ വിൽപനശാലയായ റെഡ് ആന്റ്ലർ പ്രോസസിങ് എന്ന സ്ഥാപനമാണ് മുതലയുടെ വയർ തുറന്ന് പരിശോധിച്ചത്. മിസിസിപ്പി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റ് ക്വാളിറ്റിയിലെ ഉദ്യോഗസ്ഥനായ ജെയിംസ് സ്റ്റാർനസ് മുതലയുടെ ഉള്ളിൽ നിന്നും ലഭിച്ച വസ്തുക്കളുടെ ചിത്രങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് അവയിലൊന്ന് ആയുധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ക്രിസ്തുവിനും 6000 വർഷങ്ങൾക്കു മുൻപ് നിർമിക്കപ്പെട്ടതാണെന്നാണ് നിഗമനം.

ആഴം അളക്കുന്ന ഈയക്കട്ടിക്ക് സമാനമായ ഒന്നാണ് മുതലയുടെ വയറിനുള്ളിൽ കണ്ടെത്തിയ രണ്ടാമത്തെ വസ്തു. ഇത് 1700 ബിസിയിൽ നിർമിക്കപ്പെട്ടതാണ്. എന്നാൽ ഇത് എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ദഹനപ്രക്രിയയ്ക്ക് സഹായകരമാകുന്നതിനുവേണ്ടി പാറക്കല്ലുകൾ പോലെ കട്ടിയുള്ള വസ്തുക്കൾ ഉരഗങ്ങൾ ഭക്ഷിക്കുന്നത് സാധാരണയാണ്. ഇത്തരത്തിലാവാം കണ്ടെത്തിയ വസ്തുക്കളും മുതലയുടെ വയറിനുള്ളിൽ എത്തിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മിസിസിപ്പി, സൗത്ത് കാരലൈന, ടെക്സസ് എന്നിവയടക്കം അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും മുതലകളെ വേട്ടയാടുന്നതിന് നിയമാനുമതിയുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് കാരലൈനയിൽ നിന്നും പിടികൂടിയ ഒരു മുതലയുടെ  വയറിനുള്ളിൽ നായകളെ തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന ടാഗുകളും ബുള്ളറ്റ് ജാക്കറ്റുകളുമടക്കം പല വസ്തുക്കളും കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് പിടികൂടുന്ന മുതലകളുടെ  വയർ തുറന്നു പരിശോധിക്കുന്ന രീതി ആരംഭിച്ചത്.

English Summary: Prehistoric Native American artifacts from 6,000 BC were found in a Mississippi alligator's stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com