ADVERTISEMENT

ചൊവ്വ രാവിലെ വിളിച്ചുണർത്തിയ ഫോണ്‍ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനു സമീപം കാലടി പ്ലാന്റേഷനിലെ എണ്ണപ്പനത്തോട്ടത്തില്‍ കാട്ടാന ചരിഞ്ഞു എന്ന സന്ദേശമായിരുന്നു. വിവരം കേട്ടപാതി ഉറക്കത്തില്‍ നിന്നെണീറ്റ് സംഭവസ്ഥലത്തേക്ക് ക്യാമറയുമായി പാഞ്ഞു. പാതി വഴി എത്തിയപ്പോള്‍ അറിയിപ്പു തന്ന സുഹൃത്തിന്റെ വിളി വീണ്ടും വന്നു. വേഗം വരണം, ആളുകൂടുന്നു. ‌വീട്ടില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള സംഭവ സ്ഥലത്ത് എത്തുമ്പോള്‍ സമയം രാവിലെ എട്ടുമണി കഴിഞ്ഞു. തോട്ടത്തിലെ ജീവനക്കാരും സ്ത്രീകളും കുട്ടികളുമടക്കം അൻപതില്‍ താഴെ ആളുകള്‍ കാഴ്ചക്കാരായുണ്ട്. വണ്ടി നിർത്തി ക്യാമറയുമെടുത്ത് ഇറങ്ങുമ്പോള്‍ ബൈജു ചേട്ടനെന്ന സുഹൃത്ത് ആന കിടക്കുന്നത് കാട്ടിത്തന്നു. റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയാണ് ആന ചരിഞ്ഞ് കിടന്നിരുന്നത്. 

 

elephant-sleeps-peacefully-in-oil-palm-plantation-kalady-viral-picture
ചിത്രം: ബാബു അതിരപ്പിള്ളി

ആനയുടെ അടുത്തേക്ക് പോകാന്‍ ധൈര്യപ്പെടാതെ നിന്നിരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് രണ്ട് പേര്‍ ആനയെ ലക്ഷ്യം വച്ച് പോകുന്നത് കണ്ടു. ഒരു പടമെടുക്കണം എന്ന ആഗ്രഹത്തില്‍ ഞാനും അവര്‍ക്കു പിറകെ വച്ചുപിടിച്ചു. ചത്തു കിടക്കുന്ന ആനയുടെ പടം അടുത്ത് നിന്നു് എടുക്കാമെന്ന തോന്നലുള്ളതിനാല്‍ വണ്ടിയില്‍ നിന്നു ടെലിലെന്‍സ് എടുക്കാതെയാണ് ആനയുടെ അടുത്തേക്കു പോയത്. എനിക്കു മുന്‍പേ പോയവര്‍ ആനയുടെ അടുത്ത് എന്നേക്കാള്‍ മുന്‍പേ എത്തിയിരുന്നു. ഞാനും മറ്റു രണ്ടുപേരുമാണ് ആനയുടെ അടുത്ത് എത്തിയിട്ടുള്ളത്.

elephant-sleeps-peacefully-in-oil-palm-plantation-kalady-viral-picture2
ചിത്രം: ബാബു അതിരപ്പിള്ളി

 

കാട്ടില്‍ പടമെടുക്കാന്‍ പോയുള്ള പരിചയമുള്ളതിനാല്‍ മൃഗത്തെയും ചുറ്റുപാടും നിരീക്ഷിച്ച ശേഷം സുരക്ഷിതമായി നിന്നാണ് പടമെടുക്കാറുള്ളത്. ഞാന്‍ ഇതിനിടയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയ ശേഷം പടമെടുക്കാന്‍ ക്യാമറയുമായി ആനയുടെ 10 മീറ്റര്‍ ദൂരത്തില്‍ തലഭാഗത്തുള്ള പാറക്കെട്ടിന്റെ മറവിലേക്ക് മാറി നിന്നു. ഇതിനിടയില്ലാണ് ആനയുടെ കാലും ചെവിയും അനങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അതോടെ ആനക്കു ചുറ്റും നിശ്ചിത ദൂരത്തില്‍ നടന്നു നോക്കിയിരുന്നവര്‍ അകലം പാലിച്ചു. ആളുകൾ തൊട്ടടുത്ത് എത്തിയിട്ടും ആന കണ്ണുതുറക്കാതെ കിടക്കുന്നത് കണ്ടപ്പോള്‍ തീരെ ഭയം തോന്നിയില്ല. വയര്‍ വീര്‍ത്ത നിലയില്‍ കാണപ്പെട്ട ആന അവശനിലയില്‍ ആയിരിക്കുമെന്ന പ്രായം ചെന്നയാളുടെ അഭിപ്രായം കൂടുതല്‍ ധൈര്യം പകര്‍ന്നു. പെട്ടെന്ന് ആനയ്ക്ക് ഓടിക്കയറി വരാന്‍ സാധിക്കില്ലെന്ന ധാരണയില്‍ ആന കിടക്കുന്നതിനടുത്ത് പാറയുടെ മറവില്‍ നിന്ന് ഞാന്‍ ഒരു പടമെടുത്തു.

 

കൂടുതല്‍ വ്യക്തതയുള്ള ചിത്രം എടുക്കാന്‍ ഇടം നോക്കുന്നതിനിടയില്‍ ഗര്‍ഭാലസ്യത്തില്‍ കിടന്ന് ഉറങ്ങിപ്പോയിരുന്ന ആന ഞെട്ടിയുണര്‍ന്നു. പിടഞ്ഞെണീറ്റ ആനയെ കണ്ടതോടെ കൂടെവന്നയാൾ ജീവനും കൊണ്ട് പാഞ്ഞു. പാറയ്ക്കു മറവില്‍ ക്യാമറയുമായി മുട്ടുകുത്തിയിരുന്നിരുന്ന ഞാൻ എങ്ങോട്ട് ഓടണമെന്ന നിശ്ചയമില്ലാതെ അങ്കലാപ്പിലായി. ആന മുന്നോട്ടോടിയാല്‍ വരുന്നത് എന്റെ നേര്‍ക്കാണ്. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ വിറയാര്‍ന്ന കാലുകളാല്‍ പയറുവള്ളികള്‍ പടര്‍ന്നുകിടക്കുന്ന വന്ന വഴിയില്‍ തിരിച്ചോടി. കിട്ടിയ പടവുമായി ക്യാമറയും നെഞ്ചോട് അടുക്കി ഞാനും ജീവിതത്തിലേക്ക് തിരിച്ച് നടന്നു. ചത്തുകിടക്കുന്ന കാട്ടാനയുടെ പടമെടുക്കാന്‍ പോയ എനിക്കു ലഭിച്ചത് ജീവനുള്ള ആനയുടെ ഉറങ്ങിക്കിടക്കുന്ന നല്ല ചിത്രം.

English Summary: Elephant sleeps peacefully in Oil Palm Plantation Kalady viral picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com