ADVERTISEMENT

സമുദ്രജീവികളില്‍ ബുദ്ധിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് കണക്കാക്കുന്നവയാണ് നീരാളികള്‍. ബുദ്ധിയുടെ കാര്യത്തില്‍ മാത്രമല്ല വിവിധ വൈകാരിക തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തിലും നീരാളികള്‍ മാനസിക വളര്‍ച്ച നേടിയവയാണ്. അതുകൊണ്ട് തന്നെ യുകെ ഉള്‍പ്പടെ അപൂര്‍വം രാജ്യങ്ങള്‍ ആളുകള്‍ക്ക് സഞ്ചരിക്കുന്നതിനൊപ്പം കൊണ്ട് പോകാന്‍ കഴിയുന്ന ജീവികളായി കൂടി നീരാളികളെ നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നീരാളികളുടെ ബുദ്ധിയും വൈകാരിക തലവും പലപ്പോഴും അവയുടെ തലച്ചോറിന്‍റെ വലുപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ക്വീന്‍സ്‌ലന്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നീരാളികളുടെ തലച്ചോറിന്‍റെ വലുപ്പം സംബന്ധിച്ചും അത് ബുദ്ധിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും പഠനം നടത്തിയത്. സാധാരണയില്‍ നിന്നും ശക്തിയേറിയ എംആര്‍ഐ മെഷീന്‍ ഉപയോഗിച്ചായിരുന്നു നീരാളികളുടെ തലച്ചോറിനെക്കുറിച്ചുള്ള പഠനം നടത്തിയത്. ഈ എംആര്‍ഐ മെഷീനിലൂടെ തലച്ചോറിലെ നേരിയ ഭാഗങ്ങള്‍ പോലും കൃത്യമായി വിലയിരുത്താന്‍ ഗവേഷകര്‍ക്കു സാധിച്ചു.

വിവിധ മേഖലകളില്‍ ജീവിക്കുന്ന നീരാളികളുടെ വ്യത്യസ്ത വിഭാഗങ്ങളിലാണ് ഡോ. വെന്‍ സുങ് ചെങിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പഠനം നടത്തിയത്. നീരാളികളികളെയും കണവകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നെന്നു കണക്കാക്കുന്ന വാംപയര്‍ സ്ക്വിഡുകളെയും ഈ പഠനത്തിന്‍റെ ഭാഗമാക്കിയിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ നീരാളികളെക്കാളും ബുദ്ധിയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഈ വാംപയര്‍ സ്ക്വിഡുകളെന്ന് പഠനത്തില്‍ വ്യക്തമായി. ബുദ്ധി കുറഞ്ഞ ജീവികളില്‍ കാണപ്പെടുന്നതു പോലെയുള്ള മിനുസമുള്ള തലച്ചോറായിരുന്നു വാംപയര്‍ സ്ക്വിഡുകളില്‍ കാണാന്‍ കഴിഞ്ഞത്.

നീരാളികളുടെ തലച്ചോറും ബുദ്ധിയും

ജീവിക്കുന്ന മേഖലയ്ക്കനുസരിച്ച് നീരാളികളിലെ തലച്ചോറിന്‍റെ വലുപ്പവും ബുദ്ധിയും വ്യത്യസ്തമായി കാണപ്പെടുന്നു എന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. പ്രത്യേകിച്ചും കടലില്‍ വളരെ ആഴത്തില്‍ ജീവിക്കുന്ന നീരാളി വിഭാഗങ്ങള്‍ക്ക് വാംപയര്‍ സ്ക്വിഡുകളുടേതിനു സമാനമായ ബുദ്ധിയാണ് ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ അതിജീവിന സാധ്യത പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഇരയെ കണ്ടെത്തുന്നതിലാണ്. അതിനാല്‍ തന്നെ ഈ മേഖലയിലെ ജീവികള്‍ക്ക് ഇതിനാവശ്യമായ വലിയ കണ്ണുകള്‍ പോലുള്ള ശാരീരിക പ്രത്യേകതകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഇതില്‍ നിന്ന് വിപരീതമാണ് ആഴം കുറഞ്ഞ മേഖലകളില്‍ പ്രത്യേകിച്ചും പവിഴപ്പുറ്റുകള്‍ക്കിടയില്‍ ജീവിക്കുന്ന നീരാളികളുടെ സ്ഥിതി. ഈ മേഖലയില്‍ ഇരതേടലും ഒപ്പം തന്നെ വേട്ടക്കാരില്‍ നിന്ന് രക്ഷപ്പെടലുമെല്ലാം തന്നെ ശാരീരിക പ്രത്യേകതകളേക്കാള്‍ ബുദ്ധിക്ഷമത ആവശ്യം വരുന്ന പ്രവര്‍ത്തികളാണ്. അതീവശ്രദ്ധവും, ചിന്താശക്തിയും വേണ്ട ജീവിത പരിസരമാണ് പവിഴപ്പുറ്റ് നിറഞ്ഞ് നില്‍ക്കുന്ന മേഖലകള്‍. ഇതിന് അനുസൃതമായി ഈ മേഖലയിലെ നീരാളികളുടെ ചിന്താശക്തിയും, ബുദ്ധിയും വികസിച്ചിരിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. മനുഷ്യരോട് ഉപമിക്കാന്‍ കഴിയില്ലെങ്കിലും ആഴക്കടലിലെ നീരാളി വര്‍ഗങ്ങളെ അപേക്ഷിച്ച് പവിഴപ്പുറ്റ് മേഖലയിലെ നീരാളി വര്‍ഗങ്ങളുടെ തലച്ചോര്‍ മിനുസം വളരെ കുറഞ്ഞതാണെന്നും എംആര്‍ഐ പഠനങ്ങള്‍  തെളിയിക്കുന്നു.

കൂടാതെ ഈ മേഖലയിലെ നീരാളികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രത്യേകതയാണ് വിവിധ ജീവി വര്‍ഗങ്ങളുമായ സഹകരിക്കാനുള്ള പ്രവണത. പൊതുവെ ഒറ്റയാന്‍മാരായ നീരാളികള്‍ ഇത്തരത്തില്‍ സഹവര്‍ത്തിത്വത്തിന് തയാറാകുന്നതും അതിജീവനത്തിന്‍റെ ഭാഗമായുള്ള പരിണാമം കൊണ്ടാണ്. കോറല്‍ ട്രൗട്ട് പോലുള്ള മത്സ്യങ്ങളുമായി ചേര്‍ന്ന് പവിഴപ്പുറ്റ് മേഖലയില്‍ വേട്ടയാടുന്ന നീരാളികളുടെ രീതി ഇതിനുദാഹരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വേട്ടയ്ക്കിടയില്‍ ട്രൗട്ട് മത്സ്യങ്ങള്‍ പുറപ്പെടുവിക്കുന്ന സന്ദേശങ്ങള്‍ വരെ മനസ്സിലാക്കാനുള്ള കഴിവും നീരാളികള്‍ക്കുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.

ഡോനട്ട് തലച്ചോര്‍

വലുപ്പത്തിലും മിനുസത്തിലും ആഴക്കടലിലെയും പവിഴപ്പുറ്റ് മേഖലയിലേയും നീരാളികളുടെ തലച്ചോറുകള്‍ തമ്മില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസമാണ് ഈ തലച്ചോറുകളുടെ പ്രവര്‍ത്തന ക്ഷമതയിലും വ്യക്തമാകുന്നത്. അതേസമയം രൂപത്തില്‍ ഈ രണ്ട് ജീവികളുടെയും തലച്ചോര്‍ ഏറെക്കുറെ സാമ്യമുള്ളതാണ്. ഡോനട്ട് എന്ന പലഹാരത്തിന്‍റെ ആകൃതിയിലാണ് ഈ നീരാളികളുടെയെല്ലാം തലച്ചോര്‍ കാണപ്പെടുന്നത്. 

English Summary: All Octopuses May Be Sentient, But Only Some Are Smart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com