ADVERTISEMENT

ഇരപിടിയൻമാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ എന്തുവഴിയും ഏതൊരു ജീവിയും സ്വീകരിക്കും. എന്നാൽ സമുദ്രത്തില്‍ കാണപ്പെടുന്ന സ്നേക്ക് ഈലുകൾ വേട്ടക്കാരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ സ്വീകരിക്കുന്ന മാർഗം വിചിത്രമാണ്. മൂര്‍ച്ചയേറിയ വാലിന്‍ തുമ്പുള്ള കടല്‍ ജീവികളാണ് സ്നേക്ക് ഈലുകള്‍. ഏതെങ്കിലും മത്സ്യമോ മറ്റ് ജീവികളോ ഇവയെ അകത്താക്കാന്‍ ശ്രമിച്ചാല്‍ ആ ജീവിയാകും വൈകാതെ മരണപ്പെടുക. സ്നേക്ക് ഈലുകളാകട്ടെ വയറിനുള്ളിലെത്തി അധികം താമസിയാതെ രക്ഷപ്പെടുകയും ചെയ്യും. അതിന് ഇവയെ സഹായിക്കുന്നത് മൂര്‍ച്ചയേറിയ അവയുടെ കൂര്‍ത്ത വാലാണ്.

 

ഈ വാല്‍ ഉപയോഗിച്ച് ശത്രുവിന്‍റെ വയറ് തുളച്ചാണ് സ്നേക്ക് ഈലുകള്‍ പുറത്തു കടക്കുക. ശരീരം കീറി മുറിക്കപ്പെടുന്നതോടെ സ്നേക്ക് ഈലുകള വിഴുങ്ങുന്ന ജീവികള്‍ വൈകാതെ ചത്തു പോവുകയും ചെയ്യും. ഓസ്ട്രേലിയന്‍ മേഖലയിലുള്ള സമുദ്രങ്ങളിലാണ്  വേട്ടക്കാരുടെ വയര്‍ കീറി മുറിച്ച് രക്ഷപ്പെടുന്ന ഈലുകളെ ഗവേഷകര്‍ കണ്ടെത്തിരിയത്. അതേസമയം എല്ലാ ഈലുകള്‍ക്കും ഇങ്ങനെ രക്ഷപ്പെടാന്‍ കഴിയില്ല. ചില ഈലുകളെങ്കിലും വലിയ മത്സ്യങ്ങളുടെ വയര്‍ പൂര്‍ണമായി തുളയ്ക്കുന്നതില്‍ പരാജയപ്പെടാറുണ്ട്.

 

ഈ ഈലുകളുടെയും ജീവികളുടെയും അവസ്ഥ പരിതാപകരമാണ്. രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുന്ന ഈലുകളില്‍ ഭൂരിഭാഗവും വേട്ടക്കാരന്‍റെ വയറ്റില്‍ തന്നെ തുടരും. പക്ഷേ ആമാശയത്തിന് അകത്തല്ല എന്നതിനാല്‍ ജീവനോടെയാകും തുടരുക. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഈ പാമ്പ് ഈലുകള്‍ പാതി വഴിയിലാകും കുടുങ്ങി പോവുക. ഇതോടെ ഇവ പുറത്തേക്കും അകത്തേക്കുമില്ലെന്ന അവസ്ഥയിലെത്തും. വൈകാതെ ഇവ ജീവനുള്ള മമ്മികളായും പിന്നീട് അവിടെ തുടരും.

 

സ്നേക്ക് ഈലുകൾ സാധാരണ മത്സ്യങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമല്ല. മറ്റൊന്നും കിട്ടാതെ വരുമ്പോഴാണ് വലിയ മത്സ്യങ്ങള്‍ സ്നേക്ക് ഈലുകളുടെ പുറകെ പോവുക. പക്ഷേ ഗവേഷകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായി സ്നേക്ക് ഈലുകളെ മത്സ്യങ്ങള്‍ ഭക്ഷണമാക്കുന്നുമുണ്ട്. ഭൂമധ്യരേഖാ മേഖലയിലാണ് സ്നേക്ക് ഈലുകള്‍ പൊതുവെ കാണപ്പെടുക. ഈ മേഖലയിലെ വലിയ മത്സ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് പലതിന്‍റെയും വയറ്റില്‍ പാരാസൈറ്റ് എന്ന പോലെ എന്നാല്‍ അനങ്ങാന്‍ കഴിയാതെ കുടുങ്ങി കിടന്ന് ജീവിക്കുന്ന ഈലുകളെ കണ്ടെത്തിയത്. വടക്ക് പടിഞ്ഞാറന്‍ അറ്റ്ലാന്‍റിക്കിലും മെഡിറ്ററേനിയന്‍ സമുദ്രമേഖലയിലും സമാനമായ അവസ്ഥ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

 

വേട്ടക്കാരുടെ അപൂര്‍വമായുള്ള ഭക്ഷ്യവസ്തുക്കളാണ് ഈലുകള്‍, പക്ഷേ ഇങ്ങനെ ഭക്ഷിക്കപ്പെടുന്ന ഈലുകളില്‍ ഒരു വിഭാഗം അതീവ ദയനീയമായാണ് പിന്നിടുള്ള ഇവയുടെ ജീവിതം കഴിച്ചു കൂട്ടുന്നതെന്ന് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് മ്യൂസിയം ഉള്‍പ്പടെയുള്ള അഞ്ചോളം സമുദ്രഗവേഷണ സ്ഥാനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വിഴുങ്ങുന്ന ഈലുകള്‍ ആമാശയത്തിലെ ദഹന രസത്തില്‍ നിന്ന് രക്ഷപ്പെടുമെങ്കിലും പുറത്തു കടക്കാനുള്ള ശ്രമത്തില്‍ ബോഡി കാവിറ്റിയില്‍ കുടുങ്ങിപ്പോവുകയാണ് മിക്കവാറും ചെയ്യുകയെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്നാണ് ഈ ഈലുകള്‍ മമ്മിഫൈഡ് അവസ്ഥയിലേക്ക് മാറുക. ഈലുകള്‍ വയറ്റില്‍ തുടരുന്നത് ഇവയെ വിഴുങ്ങിയ ജീവികളിലും അവസാനിക്കാത്ത വേദനയ്ക്ക് കാരണമാകുന്നു എന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ഈലുകള്‍ ഏതൊക്കെ ജീവികളില്‍ നിന്നാണ് രക്ഷപ്പെടുന്നതെന്നും, ഏതൊക്കെ ജീവികളുടെ വയറിലാണ് കുടുങ്ങി പോകുന്നതെന്നും ഇതുവരെ തീര്‍ച്ചപ്പെടുത്താന്‍ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. അത് പോലെ തന്നെ ബറോവിങ് ഈല്‍ വര്‍ഗത്തിലെ ഏതൊക്ക വിഭാഗത്തിന് ഇങ്ങനെ വയറില്‍ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും കണ്ടെത്താനായിട്ടില്ല. ഈലുകളെ കുറിച്ച് ഇതുവര നടന്ന പഠനങ്ങള്‍ പരിമിതമായതിനാലാണ് ഈ ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തത്. ഭാവിയില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതോടെ ഈ സംശയങ്ങള്‍ക്കും ഉത്തരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

 

English Summary: Eaten Snake Eels burst through predator stomachs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com