ADVERTISEMENT

മൗണ്ടൻ ലയൺ അഥവാ കൂഗറുകള്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കണ്ടുവരുന്ന പുലിവര്‍ഗത്തില്‍ പെട്ട ജീവികളാണ്. കാനഡ മുതല്‍ വെനസ്വേല വരെ ഇവയുടെ സാന്നിധ്യമുണ്ട്. പ്രധാനമായും കാനഡയുടെ മധ്യമേഖല മുതല്‍ മെക്സിക്കോയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെയാണ് ഇവയെ കണ്ടുവരുന്നത്. മറഞ്ഞു നടക്കാനുള്ള മിടുക്കുകൊണ്ട് തന്നെ മനുഷ്യവാസമുള്ള പ്രദേശത്തു പോലും പലപ്പോഴും ഇവയെ കണ്ടുവരാറുണ്ട്. പേരില്‍ സിംഹമുണ്ടെങ്കിലും പുലി കുടുംബത്തില്‍ പെട്ടവരാണ് കൂഗറുകള്‍.

 

പക്ഷേ തന്‍റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ തന്നെ വേട്ടയാടാൻ മികച്ച ശേഷിയുള്ളവയാണ് കൂഗറുകളും. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ ജീവികളാണ് എല്‍ക് വിഭാഗത്തില്‍ പെട്ട മാനുകളെ പോലും ശരാശരി വലുപ്പമുള്ള ഈ കൂഗറുകള്‍ വേട്ടയാടി ഭക്ഷണമാക്കാറുണ്ട്. ഇത്തരത്തില്‍ ഒരു എല്‍കിനെ വീടിന്റെ പോര്‍ച്ചിലിട്ട് വേട്ടയാടി കൊന്നു ഭക്ഷണമാക്കുന്ന കൂഗറിനെ കണ്ടാണ് യുഎസില്‍ ഒരാള്‍ ഉറക്കമുണർന്നത്.

 

വൈറലായ വിഡിയോ

യുഎസിലെ പശ്ചിമമേഖലയില്‍ പെട്ട പ്രവിശ്യകളില്‍ ഒന്നാണ് കൊളറാഡോ. മലനിരകള്‍ നിറഞ്ഞ വനപ്രദേശങ്ങള്‍ ഏറെയുള്ള പ്രവിശ്യയാണിത്. അതുകൊണ്ട് തന്നെ കൂഗറുകള്‍ മുതല്‍ കരടികള്‍ വരെയുള്ള ജീവികള്‍ ഇവിടെ ധാരാളമായി കാണപ്പെടാറുണ്ട്. പക്ഷേ ചാള്‍സ് സെലങ്ക എന്ന കൊളറാഡോ സ്വദേശി ഒരു ദിവസം അസാധാരണ ശബ്ദം കേട്ട് പുലര്‍ച്ചെ ഉണർന്നപ്പോൾ കണ്ടത് അത്ര സാധാരണമല്ലാത്ത കാഴ്ചയായിരുന്നു. ചാള്‍സ് സെലങ്ക ക്യാമറയില്‍ പകര്‍ത്തിയ ആ കാഴ്ച വൈകാതെ അദ്ഭുതത്തോടെ തന്നെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.

 

രാവിലെ വീട്ടുമുറ്റത്ത് നിന്ന് അസാധാരണമായ ശബ്ദങ്ങള്‍ കേട്ടാണ് ചാള്‍സ് ഉറക്കമുണർന്നത്. പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച സെലങ്കയുടെ രക്തം മരവിപ്പിക്കുന്നതായിരുന്നു. വീടിന്‍റെ പോര്‍ച്ചില്‍ അസാധാരണ വലുപ്പമുള്ള ഒരു എല്‍ക്കിന്‍റെ ശരീരം. ആ ശരീരം കടിച്ച് മുറിച്ച് അതിന്‍റെ മാംസം ഭക്ഷിക്കുന്ന ഒരു കൂഗർ. തൊട്ടടുത്ത നിമിഷം തന്നെ മറ്റൊരു ജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ കൂഗര്‍ ചാള്‍സിനെ ഒന്ന് നോക്കി. ചോര നിറഞ്ഞ മുഖവുമായുള്ള കൂഗറിന്‍റെ ആ നോട്ടമാണ് ജീവിതത്തില്‍ തന്നെ ഏറ്റവും ഭയപ്പെടുത്തിയ നിമിഷങ്ങളിലൊന്ന് എന്ന് ചാള്‍സ് വ്യക്തമാക്കി.

 

വാതിലിനു പുറത്തും അകത്തുമായാണ് കൂഗറും ചാള്‍സും നിന്നതെങ്കിലും വേട്ടയാടി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ സമയത്ത് മറ്റൊരു ജീവിയുടെ സാന്നിധ്യം കൂഗറിന് ഇഷ്ടമായില്ല. അതുകൊണ്ട് തന്നെ അല്‍പം ദേഷ്യത്തോടെയും അക്രമണോത്സുകതോടെയുമാണ് കൂഗര്‍ പ്രതികരിച്ചത്. ഇതിനിടയിലാണ് ചാൾസ് തന്‍റെ ഫോണില്‍ ഈ അപൂര്‍വ കാഴ്ച ചിത്രീകരിച്ചത്.

 

ഇരയെ ഉപേക്ഷിക്കേണ്ടി വന്ന കൂഗര്‍

അതേസമയം ചാള്‍സിന്‍റെ സാമീപ്യത്തില്‍ അസ്വസ്ഥനായ കൂഗര്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങി. വൈകാതെ തന്‍റെ ഇരയെ ഉപേക്ഷിച്ച് കൂഗര്‍ ഇരുട്ടിലേക്ക് ഓടി മറയുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. ആദ്യം വീട്ടുമുറ്റത്ത് എല്‍ക്കിനെ കണ്ടതോടെ വാഹനമിടിച്ചോ മറ്റോ പരിക്കേറ്റ ജീവി അവിടെയെത്തി ചത്തുവീണതാകാമെന്നാണ് ചാള്‍സ് കരുതിയത്. പരിശോധിക്കാനായി പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് കൂഗര്‍ തല പൊക്കി നോക്കിയതെന്ന് ചാള്‍സ് വിശദീകരിക്കുന്നു.

 

അതേസമയം കഷ്ടപ്പെട്ട് വേട്ടയാടിയ ജീവിയെ കൂഗര്‍ ഉപേക്ഷിച്ചതില്‍ ചാള്‍സിന് വിഷമം ഉണ്ട്. ഇരയെ ഉപക്ഷിക്കാന്‍ താന്‍ കാരണമായല്ലോ എന്നതിൽ ചാള്‍സ് കുറ്റബോധവും പ്രകടിപ്പിച്ചു. ഏറെ നേരം പുറത്തുകിടന്നത് കൊണ്ട് എല്‍ക്കിന്‍റെ മാംസം മറ്റ് ജീവികള്‍ക്കും നല്‍കുന്നത് സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ ആ ജീവിയെ മറവുചെയ്യേണ്ടി വന്നെന്നും ചാള്‍സ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരിച്ചു. 

 

English Summary: Man Wakes Up to Find Cougar Feasting on Elk on Front Porch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com