ADVERTISEMENT

കാട്ടിലെ ഏറ്റവും ഭീകരൻമാരായ വേട്ടക്കാരാണ് ചെന്നായ്ക്കള്‍. കൂട്ടത്തോടെ ആക്രമിക്കുന്ന ഇവയോട് പിടിച്ചു നില്‍ക്കാന്‍ മറ്റൊരു ജീവിക്കും സാധ്യമല്ല എന്നതാണ് സത്യം. കൈയില്‍ തോക്കുണ്ടെങ്കില്‍ പോലും കാട്ടില്‍ വച്ച് വിശന്നിരിക്കുന്ന ചെന്നായ് കൂട്ടത്തിനു മുന്നില്‍ പെട്ടാല്‍ മനുഷ്യർ പോലും രക്ഷപെടില്ലെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചെന്നായ്ക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് അവ വേട്ടയാടിയ ഭക്ഷണവും കൈക്കലാക്കിയ ഒരു കരടിയാണ് ഇപ്പോള്‍ അദ്ഭുതപ്പെടുത്തുന്നത്. യുഎസിലെ യെല്ലോ സ്റ്റോണ്‍ ദേശീയ പാര്‍ക്കിലുണ്ടായ ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പാര്‍ക്ക് അധികൃതര്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. 

 

ചെന്നായ്ക്കളും കരടിയും ചേര്‍ന്ന് മാന്‍ വർഗത്തില്‍ പെട്ട കൗ എല്‍ക്ക് എന്ന ജീവിയെ വേട്ടയാടാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. ചെന്നായ്ക്കൂട്ടവും കരടിയും എല്‍ക്കുകളുടെ കൂട്ടത്തെ തുരത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും. ചെന്നായ്ക്കള്‍ പല ദിശകളില്‍ നിന്നായി വളഞ്ഞതോടെ എല്‍ക്കുകള്‍ കൂട്ടം തെറ്റി ഓടാൻ തുടങ്ങി. ഇതില്‍ ചെറിയ കൂട്ടത്തെ ലക്ഷ്യമാക്കി ചെന്നായ്ക്കള്‍ വീണ്ടും നീങ്ങി. ഒടുവില്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട ഒരു എല്‍ക്കിനെ ചെന്നായ്ക്കള്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

Startling Video From Yellowstone Shows Freeloading Grizzly Steal Prey From Wolves

 

ഈ ജീവിയെ ആഹാരമാക്കാനായി ചെന്നായ്ക്കള്‍ തുടങ്ങുമ്പോഴാണ് കരടിയുടെ രംഗപ്രവേശം. തുടക്കത്തില്‍ എല്‍ക്കിന് പുറകെ അല്‍പസമയം ഓടിയതൊഴിച്ചാല്‍ മറ്റ് കായിക അധ്വാനമൊന്നും ഈ കരടി നടത്തിയിരുന്നില്ല. ഇനി നടത്തിയിരുന്നുവെങ്കില്‍ തന്നെ മനുഷ്യരെ പോലെ അധ്വാനത്തിനനുസിച്ചുള്ള പങ്കു വയ്പിന്‍റെ ശീലമൊന്നും ജന്തുക്കളുടെ ഇടയില്‍ എന്തായാലും ഇല്ല. അതുകൊണ്ട് കരടിയെ കൂടെ കൂട്ടിയാലുള്ള നഷ്ടം കണക്കിലെടുത്തു ചെന്നായ്ക്കള്‍ ഈ ജീവിയെ ചെറുത്തു.

 

സാധാരണഗതിയില്‍ ഒരു ഡസനോളം വരുന്ന ചെന്നായ്ക്കളുടെ കൂട്ടത്തെ കരടികള്‍ എതിരിടാന്‍ നില്‍ക്കാറില്ല. ഒരുമിച്ച് നില്‍ക്കാനുള്ള അവയുടെ കഴിവ് കാരണം കരടിയെന്നല്ല സിംഹത്തെ വരെ ചെറുത്തു തോല്‍പ്പിയ്ക്കാന്‍ കഴിവുള്ളവയാണ് ചെന്നായ്ക്കൂട്ടം. എന്നാല്‍ യെല്ലോസ്റ്റോണില്‍ സംഭവിച്ചത് മറിച്ചാണ്. ചെന്നായ്ക്കൂട്ടത്തിന്‍റെ വിരട്ട് കരടിയുടെ മുന്നിലേറ്റില്ല. കിട്ടിയ തക്കത്തിന് തന്‍റെ കായികശേഷി മുതലാക്കിയ കരടി മാനിനെയും കടിച്ചെടുത്ത് ചെന്നായ്ക്കളില്‍ നിന്ന് ഓടി മാറഞ്ഞു. 

 

ചെന്നായ്ക്കളുടെ ഭക്ഷണം കരടികള്‍ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ യെല്ലോസ്റ്റോണില്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതേസമയം അവരെ അദ്ഭുതപ്പെടുത്തിയത് കരടി ചെന്നായ്ക്കള്‍ക്കൊപ്പം ചേര്‍ന്ന് മാനുകളെ വേട്ടയാടിയതാണ്. ഇത് ആദ്യമായാണ് ദേശീയ പാര്‍ക്കില്‍ നിരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. മാനുകളുടെ കൂട്ടത്തെ ചെറു കൂട്ടങ്ങളായി പിരിക്കുന്നതില്‍ തുടക്കത്തില്‍ കാര്യമായ പങ്ക് കരടി വഹിച്ചിരുന്നു. അതും ചെന്നായ്ക്കളും കരടിയും ആസൂത്രിതമായി നീങ്ങിയതു പോലെയാണ് മാനുകളെ വേട്ടയാടിയതും. അതുകൊണ്ട് തന്നെ ഈ സംഭവത്തെ ഒരു സാധാരണ പ്രതിഭാസമായി കാണാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

ഒരു ജീവി വേട്ടയാടിയ ഭക്ഷണം മറ്റൊരു ജീവി തട്ടിയെടുക്കുന്നത് വനത്തില്‍ സാധാരണമാണ്. കുറുക്കന്‍മാര്‍, കഴുതപ്പുലികള്‍, പരുന്തുകള്‍ തുടങ്ങിയ ജീവികള്‍ ഇതിന് കുപ്രസിദ്ധരാണ്. ചീറ്റപ്പുലികളില്‍ നിന്നും പുള്ളിപ്പുലികളില്‍ നിന്നും പോലും ഈ ജീവികള്‍ ഭക്ഷണം തട്ടിയെടുക്കുന്ന കാഴ്ചകള്‍ ആഫ്രിക്കയിലും മറ്റും സാധാരണാണ്. ക്ലെപ്റ്റോപാരാസൈറ്റിസം എന്നാണ് ഈ മോഷണത്തെ വിശേഷിപ്പിക്കുന്നത്. 

 

യെല്ലോസ്റ്റോണിലും ചെന്നായ്ക്കളുടെ സാന്നിധ്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന ജീവികളാണ് കരടികളെന്ന് വനപാലകര്‍ പറയുന്നു. പലപ്പോഴും ചെന്നായ്ക്കള്‍ വേട്ടയാടി അവശേഷിപ്പിച്ച്പോകുന്ന ജീവിയുടെ മാംസവും മറ്റുമാണ് കരടികള്‍ ഭക്ഷിക്കാറുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം പോരാട്ടങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെ നേര്‍ക്കുനേര്‍ വരുമ്പോള്‍ മിക്കപ്പോഴും ചെന്നായ്ക്കള്‍ക്ക് ഈ ഭക്ഷണം തിരിച്ച് കിട്ടാറില്ലെന്നും വനപാലകര്‍ സാക്ഷ്യപ്പെടുത്തുന്നു. കരടികളും ചെന്നായ്ക്കളും തമ്മിലുള്ള ഈ കൊടുക്കല്‍ വാങ്ങലും സഹവര്‍ത്തിത്വവും വളരെ മുന്‍പ്തന്നെ യെല്ലോസ്റ്റോണ്‍ മേഖലയില്‍ കണ്ടു വരുന്നതാണെന്നും ഇവര്‍ വിശദീകരിച്ചു.

 

English Summary: Startling Video From Yellowstone Shows Freeloading Grizzly Steal Prey From Wolves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com