ADVERTISEMENT

വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ വിഷമത്തിൽ ദിവസങ്ങളോളം കഴിച്ചുകൂട്ടുന്നവരുണ്ട്. ചില അവസരങ്ങളിൽ വളർത്തുനായകളും മറ്റും ഉടമയുടെ മരണത്തെത്തുടർന്ന് അതീവ ദുഃഖത്തിൽ കഴിയുന്നതായുള്ള വാർത്തകളും പുറത്തുവരാറുണ്ട്. മൃഗങ്ങൾക്കും  അവരുടെ പ്രിയപ്പെട്ട ഉടമകളെ പിരിയേണ്ടി വരുന്നത് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അത്തരത്തിൽ തന്റെ ഉടമയുടെ മരണത്തെത്തുടർന്ന് വിഷാദരോഗം ബാധിച്ച തത്തയാണ് ജെസ്സെ. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റിലാണ് ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപ്പെട്ട ജെസ്സെ ഉടമയ്ക്കൊപ്പം കഴിഞ്ഞിരുന്നത് 

ഉടമയുടെ മരണത്തെത്തുടർന്ന് റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് എന്ന സംഘടന ജെസ്സെയെ ഏറ്റെടുത്തു.  എന്നാൽ മറ്റു തത്തകളിൽ നിന്നും വ്യത്യസ്തമായി തീരെ ഉത്സാഹമില്ലാത്ത തരത്തിലായിരുന്നു സംരക്ഷണകേന്ദ്രത്തിലെത്തിയതിനു ശേഷം ജെസ്സെയുടെ അവസ്ഥ. ഉടമയെ പിരിഞ്ഞതാണ് കാരണമെന്ന് മനസ്സിലായെങ്കിലും ദിവസങ്ങൾക്കുള്ളിൽ ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രത്തിലെ  ജോലിക്കാർ. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും തത്തയുടെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു.

വല്ലപ്പോഴും ഒരിക്കൽ ഗുഡ്ബൈ എന്ന വാക്ക് മാത്രമാണ് ജെസ്സെ പറഞ്ഞിരുന്നത്. ഒടുവിൽ സ്വന്തം ശരീരത്തിൽ നിന്നും തൂവലുകൾ കൊത്തിയടർത്തി കളഞ്ഞു തുടങ്ങി. എന്തെങ്കിലും അസുഖമോ ത്വക്കിന്  അലർജി വന്നതോ ആവാം കാരണമെന്ന് കരുതിയെങ്കിലും ഉടമയുടെ മരണത്തെ തുടർന്നുള്ള മാനസിക ആഘാതമാണ് വിചിത്ര തത്തയുടെ പെരുമാറ്റത്തിനുള്ള കാരണമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. മരണച്ചുപോയ ഉടമയുടെ വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്ന ജെസ്സെയ്ക്ക് മറ്റൊരു സാഹചര്യവുമായി ഇണങ്ങിച്ചേരാനാവാത്തതായിരുന്നു പ്രധാന കാരണം. ഇത് തിരിച്ചറിഞ്ഞ സംഘടന ജെസ്സെക്കായി പുതിയ ഉടമയെ തേടിത്തുടങ്ങി. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗത്ത് വെയ്ൽസിൽ നിന്നുള്ള റേച്ചൽ ലെതർ എന്ന യുവതി ജെസ്സെയെ ഏറ്റെടുക്കുകയായിരുന്നു.

രണ്ടു നായകളെയും അഞ്ച് പൂച്ചകളെയും വളർത്തുന്ന വീട്ടിൽ  വലുപ്പമുള്ള ഒരു കൂടിനുള്ളിലാണ് റേച്ചൽ ജെസ്സെയെ പാർപ്പിച്ചിരിക്കുന്നത്. തത്തയുടെ മുൻകാലത്തെക്കുറിച്ച് അറിയുന്നതിനാൽ പ്രത്യേക പരിചരണവും കരുതലും നൽകിയിരുന്നു. പതിയെ പതിയെ ജെസ്സെ സാധാരണനിലയിലേക്കെത്തുന്നതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. തൂവലുകൾ കൊത്തിക്കളയുന്ന ശീലത്തിൽ നിന്നും പൂർണമായി അവൻ മോചനം നേടിയിട്ടില്ലെങ്കിലും ശരീരത്തിൽ പുതിയ തൂവലുകൾ വളർന്നുവരുന്നത് നല്ല സൂചനയായാണ് കണക്കാക്കുന്നത്. 

ഗൃഹാന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തിയതോടെ ജെസ്സെ കുറച്ചുകൂടി ഊർജസ്വലനായിട്ടുണ്ട്. ഇപ്പോൾ കൂടുതൽ വാക്കുകൾ സംസാരിച്ചു തുടങ്ങിയതായും റേച്ചൽ പറയുന്നു. ജെസ്സെ മുൻപ് താമസിച്ചിരുന്ന വീട്ടിൽ വെല്ലാർഡ് എന്നപേരിൽ ഒരു നായ ഉണ്ടായിരുന്നിരിക്കണം എന്ന അനുമാനത്തിലാണ് റേച്ചൽ. കാരണം റേച്ചലിന്റെ രണ്ട് നായകളെയും ഇപ്പോൾ വെല്ലാർഡ് എന്നാണ് ജെസ്സെ വിളിക്കുന്നത്. ഏറെക്കാലമായി ഒരു തത്തയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അവയെ കൂട്ടിലടച്ചു വളർത്തേണ്ടിവരുമെന്നതിനാൽ ആ ആഗ്രഹം വേണ്ടെന്നുവച്ചു കഴിയുകയായിരുന്നു റേച്ചൽ. എന്നാൽ ജെസ്സെയുടെ കഥ അറിഞ്ഞതോടെ അവനെ ഏറ്റെടുത്തു സ്നേഹം നൽകി പരിചരിക്കണമെന്ന് ആഗ്രഹം തോന്നി. കൂടെ പാർപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളുവെങ്കിലും ഇത്രയും കാലം ജെസ്സെ ഇല്ലാതെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന കാര്യം ഇപ്പോൾ ചിന്തിക്കാൻ പോലുമാവുന്നില്ലെന്ന് റേച്ചലും ഭർത്താവും പറയുന്നു.

English Summary: Depressed parrot who plucked out his own feathers after owner died finds new loving home in Aberdare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com