ADVERTISEMENT

വന്യജീവി സങ്കേതങ്ങളിലേക്കുള്ള ഓരോ യാത്രകളും സമ്മാനിക്കുന്നത് അദ്ഭുതക്കാഴ്ചകളായിരിക്കും, അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. സാധാരണയായി സിംഹങ്ങൾ ഇരയെ വളഞ്ഞാൽ നിമിഷ നേരംകൊണ്ട് അവയെ ആക്രമിച്ച് കീഴടക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിനു വിപരീതമായിരുന്നു സിംഹക്കൂട്ടത്തിന്റെ രീതി. പുള്ളിപ്പുലിയെ ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ ദൃശ്യം ഗൈഡായ കെറി ബാലാം ആണ് പകർത്തിയത്.

 

വിനോദ സഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയതായിരുന്നു കെറി. സാബി ക്യംപിനു സമീപമാണ് കെറിയും സംഘവും സിംഹക്കൂട്ടത്തെ കണ്ടത്. ഇതിൽ ഒരു ആൺ സിംഹവും ഒരു പെൺസിംഹവും ചേർന്ന് പുള്ളിപ്പുലിയുടെ പിന്നാലെ പായുന്നത് ഇവർ കണ്ടു. സിംഹങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പുള്ളിപ്പുലി ഓടിയൊളിച്ചത് പുല്ലു വളർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലേക്കാണ്. എന്നാൽ പിന്നാലെയെത്തിയ സിംഹക്കൂട്ടം പുള്ളിപ്പുലിയെ വളയുകയായിരുന്നു.

 

സിംഹങ്ങളുടെ ആക്രമണം ചെറുക്കാൻ പുള്ളിപ്പുലി പഠിച്ച പണി പതിനെട്ടും പയറ്റി. സിംഹങ്ങളിൽ ഒന്ന് അടുത്തുവന്നപ്പോഴേക്കും മുരൾച്ചയോടെ പാറയിൽ കിടന്നുരുണ്ടു. ഇതോടെ സമീപമെത്തിയ സിംഹം ആക്രമിക്കാതെ പിൻവാങ്ങി. ഞൊടിയിടയിൽ പുലി പഴയപടി തന്നെ കിടന്നു. സിംഹങ്ങളുടെ ശ്രദ്ധ പുലിയിൽ നിന്ന് മാറിയതും ആ തക്കത്തിന് പുള്ളിപ്പുലി ജീവനുംകൊണ്ട് അവിടെനിന്ന് ഓടിമറഞ്ഞതും ഒന്നിച്ചായിരുന്നു. സിംഹങ്ങൾ അപ്പോഴും പാറപ്പുറത്ത് കിടക്കുന്നുണ്ടായിരുന്നു. സിംഹക്കൂട്ടത്തിനു നടുവിൽ അകപ്പെട്ടിട്ടും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ട പുള്ളിപ്പുലിയുടെ ഭാഗ്യം അപാരമെന്നാണ് വിനോദ സഞ്ചാരികൾ വിശേഷിപ്പിച്ചത്. അപൂർവ ദൃശ്യം നേരിൽ കണ്ട സന്തോഷത്തിലാണ് വിനോദസഞ്ചാരികളുടെ സംഘം അവിടെനിന്ന് മടങ്ങിയത്. 

English Summary: Leopard Tries to Escape Pride of Lions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com