അപ്രതീക്ഷിത വെള്ളപ്പൊക്കം, റോഡിൽ കണ്ടെത്തിയത് കൂറ്റൻ ആരപൈമയെ, അമ്പരന്ന് കാഴ്ചക്കാർ

Amazing Giant Arapaima Fish Stranded, After the Garut Flood
Grab Image from video shared on Twitter by SEA Today News
SHARE

കനത്ത മഴയെ തുടർന്നുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു പിന്നാലെ റോഡിൽ കണ്ടെത്തിയത് കൂറ്റൻ ആരാപൈമ മത്സ്യത്തിനെ. പടിഞ്ഞാറൻ ജാവയിലെ ഗാരട്ടിലുള്ള സിപേജൂഹിലാണ് സംഭവം നടന്നത്. വെള്ളപ്പൊക്കത്തിനു പിന്നാലെയാണ് പ്രദേശവാസികൾ റോഡിനു നടുവിൽ വമ്പൻ മത്സ്യത്തെ കണ്ടെത്തിയത്. മത്സ്യത്തെ കണ്ടതോടെ പ്രദേശവാസികൾ ചുറ്റും കൂടിനിന്ന് അതിനെ പരിശോധിക്കാൻ തുടങ്ങി. മത്സ്യത്തിന്റെ വലിയ ചെതുമ്പലുകൾ ഇളകിപ്പോയിരുന്നു. പ്രദേശവാസികളിൽ ഒരാളാണ് ഇത് ആരാപൈമ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അവർ മത്സ്യത്തിന്റെ ചിത്രങ്ങളും ദൃശ്യവും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആരുടെയെങ്കിലും വളർത്തു മത്സ്യമാകാം ഇതെന്നാണ് പ്രദേശവാസികളുടെ നിഗമനം. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനൊപ്പം പുറത്തെത്തിയതാവാം ഇത്. ഈ മത്സ്ത്തിന്റെ ചിത്രങ്ങളും ദൃശ്യവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണ് അരപൈമ ഗൈഗസ്. ആമസോൺ നദീതടത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. പിറാറ്യുക്യു എന്നും വിളിപ്പേരുള്ള ഈ മീനിന് സവിശേഷതകളേറെയാണ്. പൂർണ വളർച്ചയെത്തിയ ഈ മത്സ്യത്തിന് ഒരു മനുഷ്യനേക്കാളേറെ നീളമുണ്ടാകും. അതായത് പത്തടി വരെ നീളമുണ്ടാകും ഇവയ്ക്ക്.  200 കിലോഗ്രാം വരെ ഭാരവും. വെള്ളത്തിലെ ഓക്സിജൻ മാത്രമല്ല, ഒരു ദിവസം മുഴുവൻ കരയിൽ കഴിഞ്ഞാലും അന്തരീക്ഷ വായു ശ്വസിച്ചും ഇവയ്ക്കു ജീവൻ നിലനിർത്താൻ സാധിക്കും. ബ്രസീൽ, ഗയാന, പെറു എന്നിവിടങ്ങളിലെ നദികളിൽ ഇവയെ കാണാനാകും. ഈ നദികളിലെല്ലാം മറ്റുമീനുകൾക്ക് ഭീഷണിയായി പിരാനകളുമുണ്ട്. 200 കിലോയിലേറെ മാംസം ശരീരത്തിലുണ്ടെങ്കിലും ഇവയെ നോക്കി വെള്ളമിറക്കാനേ പിരാനകൾക്കു സാധിക്കൂ. അതിനു കാരണം ഇവയുടെ പ്രകൃതിദത്ത പടച്ചട്ടകയാണ്. 

ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റിന്റെ എല്ലാ ഗുണങ്ങളും പിറാറ്യുക്യുവിന്റെ ശൽക്കങ്ങൾക്കുണ്ട്. കൂർത്ത വസ്തുക്കളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷിയും ഏത് ആകൃതിയിലും വഴങ്ങാനുള്ള കഴിവുമാണത്. ഭാരവും കുറവാണ്. ദശലക്ഷക്കണക്കിനു വർഷമെടുത്താണ് മത്സ്യശൽക്കങ്ങൾ രൂപപ്പെടുന്നത്. അതിനാൽത്തന്നെ കാലം പകർന്നു നൽകിയ കരുത്തുമുണ്ടാകും അവയ്ക്ക്. പിരാനകൾ ആരാപൈമകളെ കടിച്ചാൽ ശൽക്കത്തിലെ കൊളാജൻ ഫൈബറുകളുടെ പാളിക്ക് ചെറിയ കേടുപാടുണ്ടാകുമെന്നല്ലാതെ മാംസത്തിന് ഒരു പോറലു പോലുമേൽക്കില്ല.

English Summary: Amazing Giant Arapaima Fish Stranded, After the Garut Flood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS