ADVERTISEMENT

വന്യജീവി സങ്കേതങ്ങളിലേക്കുള്ള യത്രകൾ സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളാവും. അവയിൽ പലതും നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. അത്തരമൊരു ചിത്രമാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്താഫ്രിക്കയിലെ ഗ്രേറ്റർ ക്രൂഗർ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. ഗൈഡായ ഡിയോൺ വെസ്സൽസ് ആണ് അപൂർവമായ ഈ കാഴ്ച കണ്ടതും അത് ക്യാമറയിൽ പകർത്തിയതും.

 

സാബി സാൻഡിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഈ  ചിത്രം ഡിയോൺ പകർത്തിയത്. രണ്ട് മൂന്ന് ദിവസം മുൻപ് ഇവിടെ പ്രായാധിക്യത്താലുള്ള അവശതകൾ മൂലം ഒരു കാട്ടാന ചരിഞ്ഞിരുന്നു. അതിനെ ഭക്ഷിക്കുന്ന തിരക്കിലായിരുന്നു ഇവിടുത്തെ അറിയപ്പെടുന്ന സിംഹക്കൂട്ടങ്ങൾ. ഇതിനിടയിലൂടെയാണ് പൊന്തക്കാടിനുള്ളിൽ മറഞ്ഞിരുന്ന ഒരു കഴുതപ്പുലി കിട്ടിയ തക്കത്തിന് സിംഹക്കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച് ആനക്കാലുമായി കടന്നത്. 

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് കഴുതപ്പുലിക്ക് ആനയുടെ കാൽ കടിച്ചെടുക്കാനായത്. കഴുകൻമാർക്കൊപ്പം മരൂള മരത്തിന്റെ പിന്നിൽ ഏറെനേരമായി കാത്തിരിക്കുകയായിരുന്നു കഴുതപ്പുലി. സിംഹങ്ങളെ കൃത്യമായി വീക്ഷിച്ച ശേഷമാണ് അവയുടെ  ശ്രദ്ധമാറിയ തക്കത്തിന് ആനയുടെ കൂറ്റൻ കാലും കടിച്ചുപിടിച്ച് അവിടെനിന്ന് ഓടിമറഞ്ഞത്.

 

മൃഗങ്ങുടെ അഴുകിയ ശരീരഭാഗങ്ങളാണ് കഴുതപ്പുലികളുടെ പ്രധാന ഭക്ഷണം. മികച്ച വേട്ടക്കാരുമാണ് ഇവ. മൃതശരീരങ്ങൾ ഭക്ഷിച്ച് കാടിനെ സംരക്ഷിക്കുന്നത് കഴുതപ്പുലികളും കഴുകൻമാരും അടങ്ങുന്ന സംഘമാണ്. സിംഹങ്ങളും മറ്റും ഭക്ഷിച്ച് ഉപേക്ഷിച്ച് പോകുന്ന മൃഗങ്ങളുടെ അഴുകിയ ശരീരഭാഗങ്ങൾ ഭക്ഷിച്ച് രോഗങ്ങളും മറ്റും തടയുന്നത് ഇവയാണ് . ഇവയുടെ ശരീരത്തിനുള്ളിലെ ദഹനരസത്തിന് ബാക്ടീരിയകളെയും മറ്റും നശിപ്പിക്കാനുള്ള കഴിവുണ്ട്. ജീവിതത്തിൽ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന കാഴ്ചയെന്നാണ് ഡിയോൺ ഈ കാഴ്ചയെ വിശേഷിപ്പിച്ചത്

 

English Summary: Hyena Gets Away With Elephant’s Giant Foot

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com