ADVERTISEMENT

വയനാടിന്‍റെ വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലകളെല്ലാം ഇന്ന് കടുവാ ഭീതിയിലാണ്. എന്നാല്‍ പ്രശ്നക്കാരായ കടുവകള്‍ മനുഷ്യന്‍റെ പരിചരണത്തില്‍ കഴിയുന്ന ഒരിടമുണ്ട് വയനാട്ടില്‍. നാട്ടില്‍ നിന്ന് പിടികൂടിയ രണ്ട് കടുവകളാണ് ഇപ്പോള്‍ വനം വകുപ്പിന്‍റെ  വന്യമൃഗ പരിചരണ കേന്ദ്രത്തില്‍ കഴിയുന്നത്. കഴിഞ്ഞ അ‍ഞ്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം നാല് വയസുകാരനായ കടുവയെ തുറന്ന കൂട്ടിലേക്ക് വിട്ടു. കൂട്ടില്‍ നിന്നും വനത്തിലേക്ക് ചാടി രക്ഷപ്പെടാനുള്ള പരാക്രമത്തിലായിരുന്നു കടുവ. പുല്‍പരപ്പും ഇരുമ്പു വലയുമുള്ള വിശാലമായ പെഡോക്ക്, ബത്തേരി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ തുറന്ന കൂടാണിത്. വനംവകുപ്പ് ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ സക്കറിയയും സംഘവും കൂടിന്റെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. അ‍ഞ്ച് മാസത്തിന് ശേഷം പെഡോക്കിലേക്കുള്ള ചെറിയ വാതില്‍തുറന്നതോടെ ആകാംക്ഷയോടെ നോക്കിനിന്നവര്‍ക്ക് മുന്നില്‍ ഗര്‍ജനത്തോടെ കടുവ കുതിച്ചുപാഞ്ഞു. 

 

തുറന്ന കൂട്ടിലേക്ക് വിട്ട കടുവ കാട് കണ്ടയുടന്‍ പുറത്തുചാടാന്‍ പരാക്രമം കാട്ടിയെങ്കിലും പതിയെ ശാന്തനായി.  മാനന്തവാടിയില്‍  ഭീതിപരത്തിയ നാല് വയസുള്ള ആണ്‍കടുവയെ മാര്‍ച്ച് 10നാണ് വനംവകുപ്പ്  ഇവിടെ എത്തിച്ചത്. പിടികൂടുമ്പോള്‍ പരുക്കേറ്റ് അവശ നിലയിലായിരുന്നു. കടുവയ്ക്ക് വനംവകുപ്പ് കിച്ചുവെന്ന് പേരിട്ടു. വലതുകാലില്‍ മുടന്തുള്ളതിനാല്‍ ഇനി കാട്ടില്‍ വേട്ടയാടാനാകില്ല. അതുകൊണ്ട് ആജീവനാന്തം ഇവിടുത്തെ അന്തേവാസിയായിരിക്കും. ജൂലൈ 20ന് വാകേരിയില്‍ നിന്നും പിടികൂടിയ 14 വയസുള്ള പെണ്‍കടുവയും പരിചരണ കേന്ദ്രത്തിലുണ്ട്. പ്രായക്കൂടുതല്‍ കൊണ്ടോ പരുക്കു പറ്റിയോ വേട്ടയാടാനുള്ള ശേഷി നഷ്ടമാകുമ്പോഴാണ് ഭൂരിഭാഗം കടുവകളും നാട്ടിലിറങ്ങി കന്നുകാലികളെ ആക്രമിക്കുന്നത്. 

 

പിടികൂടുന്ന കടുവകളെ തിരികെ കാട്ടില്‍ വിട്ടാലും വീണ്ടും നാട്ടിലെത്തും. അതിനാലാണ് കടുവകളെ പരിചരണ കേന്ദ്രത്തില്‍ തന്നെ പാര്‍പ്പിക്കുന്നത്. നരഭോജികളായ കടുവകളെ വനംവകുപ്പ് വെടിവെച്ച് കൊല്ലും. ജനങ്ങളുടെ ഭീതി അകറ്റുന്നതിനൊപ്പം മനുഷ്യനെ ആക്രമിക്കാത്ത കടുവകളെ സംരക്ഷിക്കുക എന്ന ചുമതലും വനംവകുപ്പിന് മുന്നിലുണ്ട്. മൃഗശാലയില്‍ അല്ലാതെ കടുവകളെ മനുഷ്യന്‍ പരിചരിക്കുന്ന സംസ്ഥാനത്തെ ഏക കേന്ദ്രമാണ് ഇവിടം. കാടിനുള്ളില്‍ തന്നെ വനപാലകരുടെ സംരക്ഷണത്തില്‍ പ്രശ്നക്കാരായ കടുവകള്‍ അച്ചടക്കം പഠിക്കുകയാണ്. 

 

English Summary: A forest like environs for tigers in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com