മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ആന ഷൂ തുമ്പിക്കൈകളിൽ കോരിയെടുത്ത് കുട്ടിക്ക് തിരികെ നൽകുന്ന ദൃശ്യം വൈറലാകുന്നു. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ രംഗം നടന്നത്. 25 വയസ്സുള്ള മൗണ്ടേൻ എന്ന ആനയാണ് ഷൂ മടക്കി നൽകിയത്.
ചെറുപ്പം മുതലേ സാമർത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേൻ എന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. ആളുകളുമായി അടുത്തിടപഴകാനും മണ്ടേന് ഏറെയിഷ്ടമാണ്. അതാകാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെന്നാണ് നിഗമനം.
സന്ദർശകരിലാരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു. ലക്ഷക്കണക്കിനാളുകൾ ചുരുങ്ങിയ സമയംകൊണ്ട് ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ആനയുടെ വിവേചനശക്തി അപരമെന്നാണ് കാഴ്ച കണ്ടവർ പരയുന്നത്. ഏറെ കരുതലോടെയാണ് തറയിൽ കിടന്ന ഷൂ ആന തുമ്പിക്കൈയിലെടുത്ത ശേഷം വേലിക്കെട്ടിനോട് ചേർന്ന് നിന്ന് തുമ്പിക്കൈ ഉയത്തി കുട്ടിയുടെ കൈകളിലേക്ക് ഷൂ മടക്കി നൽകുന്നത്.
English Summary: Elephant returns child’s shoe that fell inside its enclosure. Watch viral video