ADVERTISEMENT

കരയിലായാലും കടലിലായാലും ജീവികൾ തമ്മിൽ  ഏറ്റുമുട്ടുന്നത് സർവസാധാരണമാണ്. ഇത്തരത്തിൽ ഏറ്റുമുട്ടുന്നത് തിമിംഗലങ്ങളാണെങ്കിൽ അത് ഏറെ കൗതുകമുള്ള കാഴ്ചയാണ്. ഇപ്പോഴിതാ രണ്ട് വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട തിമിംഗലങ്ങൾ ചേരിതിരിഞ്ഞ് പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഷിങ്ടണിലെ സാലിഷ് സമുദ്രത്തിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഹംപ്ബാക്ക് തിമിംഗലങ്ങളും ഓർക്ക അഥവാ കൊലയാളി തിമിംഗലങ്ങളുമാണ് ദൃശ്യത്തിലുള്ളത്.

 

ഈ വിഭാഗങ്ങളിൽപെട്ട തിമിംഗലങ്ങൾ പരസ്പരം പോരാടുന്നത് അത്ര സാധാരണ കാഴ്ചയല്ല. എന്നാൽ സാലിഷ് സമുദ്രത്തിൽ ഹംപ്ബാക്ക് തിമിംഗലങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നതിനാലും ഓർക്കകൾ എണ്ണത്തിൽ ഏറെയുള്ളതിനാലും  അടുത്തിടെയായി ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകൾ അധികമായി നടക്കാറുണ്ട്. പസിഫിക് വെയ്ൽ വാച്ചിങ് അസോസിയേഷൻ എന്ന സംഘടനയിലെ തിമിംഗല നിരീക്ഷകരാണ് കടലിലെ പോരിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഓർക്ക തിമിംഗലങ്ങളുടെ വലിയൊരു കൂട്ടവും രണ്ട് ഹംപ്ബാക്ക് തിമിംഗലങ്ങളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. വെള്ളമാകെ ഇളക്കിമറിക്കുന്ന തരത്തിൽ വാലുകൾ ഉയർത്തിയടിക്കുകയും ചിറകുകൾ ഉയർത്തുകയും ചെയ്തായിരുന്നു ഇരുവിഭാഗത്തിന്റെയും പോർവിളി.

 

തുടക്കത്തിൽ ഓർക്കകൾ ഹംപ്ബാക്ക് തിമിംഗലങ്ങളെ പിന്തുടരുന്നതായാണ് നിരീക്ഷകർ കണ്ടത്. എന്നാൽ ഓർക്കകൾ അല്പം പിന്നിലാകുന്ന സമയത്ത് ഹംപ്ബാക്ക് തിമിംഗലങ്ങൾ പിന്തിരിഞ്ഞ് അവയ്ക്കരികിലേക്കെ‌ത്തുന്നതായും കണ്ടെത്തി. പരസ്പരം വിട്ടുകൊടുക്കാതെയുള്ള ഈ ഏറ്റുമുട്ടൽ ഏറെനേരം തുടർന്നിരുന്നു. നീർനായകൾ, സീലുകൾ തുടങ്ങിയ സസ്തനികളെ ഓർക്കകൾ ഭക്ഷണമാക്കുന്നത് പതിവാണ്. എന്നാൽ വെയ്ൽ വാച്ചിങ് അസോസിയേഷനിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഹംപ്ബാക്കുകളും ഓർക്കകളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്നോളം ഇരുവിഭാഗത്തിൽ ഒന്നു പോലും ചത്തതായി റിപ്പോർട്ടുകളില്ല . 

 

ഏറ്റുമുട്ടലിൽ ഏർപ്പെട്ട ഓർക്കകളെയും ഹംപ്ബാക്ക് തിമിംഗലങ്ങളെയും നിരീക്ഷകർ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സംഭവം നടന്നതിന് അടുത്ത ദിവസം തന്നെ ഹംപ്ബാക്ക് തിമിംഗലങ്ങളിൽ ഒന്നായ ഹൈഡ്രയെ കണ്ടെത്തിയിരുന്നു. തിമിംഗലത്തിന്റെ ശരീരത്തിൽ നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വെയിൽ വാച്ചിങ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായ എറിൻ ഗ്ലസ് വ്യക്തമാക്കി.  ദിവസങ്ങൾ പിന്നിട്ടിട്ടും ഏറ്റുമുട്ടലിൽ ഏർപ്പെട്ട മറ്റ് തിമിംഗലങ്ങളെയൊന്നും പരിക്കുകളോടെ കണ്ടെത്താത്തതിന്റെ ആശ്വാസത്തിലാണ് നിരീക്ഷകർ.

 

English Summary: Video shows a rare brawl between a pod of orcas and 2 humpback whales in the Pacific Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com