ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരവും വലുപ്പവുമുള്ള പൂച്ചയെ കണ്ടാൽ അതൊരു പുലിയുടെയോ ചീറ്റയുടേയോ കുഞ്ഞാണെന്നു ചിലപ്പോൾ തോന്നിയേക്കുമെന്നാണ് കണ്ടവർ പറയുന്നത്. സാവന്ന ക്യാറ്റ് വിഭാഗത്തിൽപെടുന്ന ഫെൻറീർ എന്ന പൂച്ചയെയാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള പൂച്ചയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് തിരഞ്ഞെടുത്തിരിക്കുന്നത്. 18.83 ആണ് ഈ പൂച്ചയുടെ പൊക്കം. സാധാരണ നമ്മൾ കാണുന്ന നാട്ടുപൂച്ചകളുടെ ഇരട്ടിപ്പൊക്കമുണ്ട്. അമേരിക്കയിലെ മിഷിഗനിലെ ഫാർമിങ്ടൻ ഹിൽസിലുള്ള ഡോ. വില്യം ജോൺ പവേഴ്സിന്റെ ഉടമസ്ഥതയിലാണ് ഈ പൂച്ച.

 

ഇന്റർനാഷനൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയിനമാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനത്തിൽ ഉൾപ്പെടുന്നത്. വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണു സെർവാൽ. ഫെൻറീറിന്റെ മുത്തശ്ശൻ പൂച്ച ആഫ്രിക്കയിലെ കോംഗോയിൽ നിന്നുള്ള പൊക്കമുള്ള ഒരു സെർവാലായിരുന്നു. സാധാരണ ഗതിയിൽ കണ്ടുവരുന്ന സാവന്ന ഇനത്തിലുള്ള പൂച്ചകളേക്കാളും പൊക്കമുള്ളതാണ് ഫെൻറീർ. സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണു പൊക്കം. 

 

വീട്ടിൽ ഒട്ടേറെ പൂച്ചകളെ വളർത്തുന്നയാളാണ് ഫെൻറീറിന്റെ ഉടമയായ ഡോ. വില്യം ജോൺ പവേഴ്സ്. 12 ആഴ്ച പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഫെൻറീറിനെ കൂട്ടത്തിൽ കൂട്ടിയത്. പലപ്പോഴും ഫെൻറീറിനെ കാണുന്നവർ അതൊരു പുലിക്കുട്ടിയോ, പ്യൂമയോ, ഓസിലോട്ടോ ആണെന്നു കരുതാറുണ്ടെന്നും ഡോ.വില്യം പറയുന്നു. ഒരു ഡോക്ടറും എച്ച്ഐവി രോഗബാധയെക്കുറിച്ചുള്ള സ്പെഷലിസ്റ്റുമാണ് ഡോ. വില്യം. ഫെൻറീറിനെ ലോകത്തെ ഏറ്റവും ഉയരമുള്ള പൂച്ചയായി തിരഞ്ഞെടുത്തത് ഗുണകരമാണെന്നാണ് ഡോ. വില്യം പറയുന്നത്. ഹൈബ്രിഡ് ഇനം പൂച്ചകളെക്കുറിച്ചുള്ള അവബോധം ആളുകൾക്കിടയിൽ സൃഷ്ടിക്കാൻ ഇതു വഴിയൊരുക്കുമെന്ന് അദ്ദേഹം പറയുന്നു.

 

English Summary: People often confuse Fenrir, the world’s tallest living domestic cat, with a ‘small panther, puma, or ocelot’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com