തുമ്പിക്കയ്യാൽ അനുഗ്രഹിക്കാൻ ഇനി ലക്ഷ്മിയില്ല; നടക്കുന്നതിനിടെ കുഴഞ്ഞുവീണു; ആന ചരിഞ്ഞത് ഹൃദയാഘാതത്തെ തുടർന്ന്

Puducherry temple elephant Lakshmi dies
Image Credit: Twitter/ Parveen Kaswan, IFS
SHARE

പുതുച്ചേരിയുടെ തലയെടുപ്പായിരുന്ന പിടിയാന ലക്ഷ്മിക്ക് (32) കണ്ണീരോടെ വിട. മണക്കുള വിനായക ക്ഷേത്രത്തിലെത്തുന്നവരെ തന്റെ തുമ്പിക്കൈ ഉയർത്തി സ്നേഹത്തോടെ അനുഗ്രഹിച്ചിരുന്ന ലക്ഷ്മി ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനിടെ കുഴ‍ഞ്ഞു വീണു ചെരിയുകയായിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നു സ്ഥിരീകരിച്ചു. കടുത്ത പ്രമേഹ ബാധിതയായിരുന്ന ലക്ഷ്മിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രത്യേക ചികിത്സകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വേർപാട്. സംസ്കാരത്തിനായി കൊണ്ടുപോയ വഴി നീളെ പുതുച്ചേരിയുടെ വിവിധ ഭാഗങ്ങളിൽ ‍നിന്നെത്തിയ പതിനായിരങ്ങളാണു ലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത്. 

പലരും വാവിട്ടു കരഞ്ഞു. പുതുച്ചേരി ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജനടക്കമുള്ളവർ ലക്ഷ്മിയുടെ വിയോഗത്തെ തുടർന്നു ക്ഷേത്രത്തിൽ നേരിട്ടെത്തി. 1996ൽ, 5–ാം വയസ്സിലാണ് ലക്ഷ്മി മണക്കുള വിനായഗർ ക്ഷേത്രത്തിലെത്തിയത്. ഭക്തർക്കു പുറമേ പുതുച്ചേരിയിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളും ലക്ഷ്മിയുടെ അനുഗ്രഹത്തിനായി ക്ഷേത്രനടയിലെത്തി തല കുനിക്കുന്നതു പതിവായിരുന്നു. ക്ഷേത്രത്തിൽ നിന്ന് ഗണപതിയുടെ രഥം പുറത്തേക്കിറക്കുന്ന വിശേഷ ചടങ്ങുകളിൽ രഥത്തെ ഘോഷയാത്രയുടെ മുന്നിൽ നയിച്ചിരുന്നതും ലക്ഷ്മിയായിരുന്നു.

ഹൃദയാഘാതം ഉണ്ടാകാനുള്ള യാതൊരു സാധ്യതകളും ഇല്ലായിരുന്നുവെന്നും ആന പൂർണ ആരോഗ്യവതിയായിരുന്നു എന്നുമാണ് അധികൃതർ അറിയിച്ചത്. മൃഗ സംരക്ഷണ സംഘടനയുടെ തെറ്റായ ഇടപെടലാണ് ആനയുടെ മരണകാരണമെന്നന്ന തരത്തിൽ ആരോപണങ്ങളും ഉയരുന്നുണ്ട്.വഴിയിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ആന നിമിഷങ്ങൾക്കുള്ളിൽ മരണമടയുകയായിരുന്നു. ഈ സമയത്ത് സർക്കാർ ചുമതലപ്പെടുത്തിയ മൃഗരോഗ വിദഗ്ധൻ സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ആനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആന ചരിഞ്ഞതായുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ധാരാളമാളുകൾ ലക്ഷ്മിക്ക് അന്ത്യോപചാരമർപ്പിക്കാനായി എത്തിയിരുന്നു.

എന്നാൽ ആനയുടെ അപ്രതീക്ഷിത മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ആനയെ പതിവായി ചികിത്സിച്ചിരുന്ന ഡോക്ടറിന് പകരം ഏതാനും ദിവസങ്ങളായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന സംഘടനയിലെ മൃഗരോഗ വിദഗ്ധനാണ് ലക്ഷ്മിയെ പരിചരിച്ചിരുന്നത്. ആനയ്ക്ക് തെറ്റായ കുത്തിവയ്പ്പുകൾ നൽകിയിരുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. മൃഗസംരക്ഷണ സംഘടനയുടെ ആവശ്യപ്രകാരം  ആനയ്ക്ക് ആവശ്യമായ  വ്യായാമം ലഭിക്കാത്ത വിധത്തിൽ അതിനെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് മറ്റൊരു ആരോപണം. ഇതുമൂലമാവാം ആനയ്ക്ക് ഹൃദയാഘാതം വന്നതതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

English Summary: Puducherry temple elephant Lakshmi dies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS