ADVERTISEMENT

റഷ്യ - യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യുക്രെയ്നിലെ പല മേഖലകളിലും മൃഗശാലകളിൽ പാർപ്പിച്ചിരുന്ന മൃഗങ്ങൾ കൊടിയ പീഡനങ്ങൾക്ക് ഇരയായതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി നാല് സിംഹക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുദ്ധമേഖലയിൽ നിന്നും രക്ഷപ്പെടുത്തി ആഴ്ചകൾക്ക് ശേഷം ഇപ്പോൾ അവ അമേരിക്കയിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രത്തിൽ അഭയം തേടിയിരിക്കുകയാണ്.

നാലും അഞ്ചും മാസങ്ങൾ മാത്രം പ്രായമുള്ള സിംഹക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. ഇവയിൽ ടാറസ്, സ്റ്റെഫാനിയ, ലസ്യ എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന സിംഹക്കുഞ്ഞുങ്ങളെ ഒഡേസ എന്ന പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. പ്രാഡ എന്ന നാലാമത്തെ സിംഹക്കുഞ്ഞിനെ യുക്രെയ്നിന്റെ തലസ്ഥാന നഗരമായ കീവിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ ഇവയുടെ അമ്മമാർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

മൃഗങ്ങളെ കണ്ടെത്തിയ ശേഷം അവയെ സുരക്ഷിതസ്ഥാനത്തെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ, വൈൽഡ്ക്യാറ്റ് സാങ്ച്വറി എന്നീ സംഘടനകൾ. യുക്രെയ്നിൽ നിന്ന് ഇവയെ പോളണ്ടിലെ പോസ്നാൻ മൃഗശാലയിലേക്കാണ് ആദ്യമെത്തിച്ചത്. മൂന്നാഴ്ചക്കാലം  അവ മൃഗശാലയിൽ തന്നെ തുടർന്നു. അവയെ അമേരിക്കയിലെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകളായിരുന്നു പിന്നീട്. അതിനായി ധനസമാഹരണം നടത്തുകയും ഭരണതലത്തിലുള്ള അനുമതികൾ വാങ്ങുകയും ചെയ്തു.

പന്ത്രണ്ടര മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കൊടുവിലാണ് സിംഹക്കുഞ്ഞുങ്ങളെ ഷിക്കാഗോയിൽ എത്തിച്ചത്. അവിടെനിന്നും ഏഴുമണിക്കൂറിലധികം റോഡ് മാർഗം യാത്ര ചെയ്ത് വന്യജീവി സങ്കേതത്തിലേക്കെത്തിച്ചു. സിംഹക്കുഞ്ഞുങ്ങളുടെ ആരോഗ്യനില പരിശോധിച്ച ശേഷം അവയെ തണുപ്പേൽക്കാത്ത വിധം സജ്ജീകരിച്ച മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്. വന്യജീവി സങ്കേതത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട ശേഷം അവയെ വിശാലമായ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടും.

യുക്രെയ്നിൽ നിന്നും പോളണ്ടിലേക്കുള്ള സിംഹക്കുഞ്ഞുങ്ങളുടെ യാത്രയിലൂടെനീളം അവയ്ക്കൊപ്പം ഉണ്ടായിരുന്ന അമേരിക്കൻ സ്വദേശിയായ മൃഗരോഗ വിദഗ്ധൻ ആൻഡ്രു കുഷ്നിർ യാത്രയുടെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. ജനിച്ചുവീണ് ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു മൃഗങ്ങളും അനുഭവിക്കാത്തത്ര ദുരിതങ്ങളിൽ കൂടിയാണ് സിംഹക്കുഞ്ഞുങ്ങൾ കടന്നുപോയതെന്ന് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നൽകിയ മെറെഡിത്ത് വൈറ്റ്നി പറയുന്നു. യുദ്ധം രൂക്ഷമായ സമയത്താണ് യുക്രെയ്നിലെ പ്രജനന കേന്ദ്രത്തിൽ ഇവ ജനിച്ചത്. ആഴ്ചകൾ മാത്രം പ്രായമുള്ളപ്പോൾ അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

English Summary: Ukraine’s orphaned lion cubs finally find a home in US sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com