ADVERTISEMENT

ജനവാസ മേഖലകളിൽ പുള്ളിപ്പുലികളുടെ വിഹാരം തുടരുന്നതിനിടെ ബെംഗളൂരുവിലും മൈസൂരുവിലും വനം വകുപ്പ് അധികൃതർ നടത്തുന്ന തിരച്ചിൽ ഫലം കാണുന്നില്ല. മൈസൂരു ടി നരസീപുരയിൽ കോളജ് വിദ്യാർഥിനി മേഘ്നയെ (21) പുള്ളിപ്പുലി കടിച്ചു കൊന്നതിന്റെയും ബെംഗളൂരുവിൽ നാലിടത്ത് ഇവയെ കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ ബനശങ്കരിക്കു സമീപം സോമപുര, കെങ്കേരിക്കു സമീപം കോടിപാളയ,

 

ഉത്തരഹള്ളി മെയിൻ റോഡ്, യെലഹങ്കയ്ക്കു സമീപം ചിക്കജാല ഐടിസി ഫാക്ടറി എന്നിവിടങ്ങളിലായാണ് ജനം പുള്ളിപ്പുലികളെ കണ്ടത്. 5 ദിവസമായി നടക്കുന്ന തിരച്ചിൽ ഇന്നലെയും തുടർന്നെങ്കിലും ഇവ കെണിയിൽ കുടുങ്ങാത്തത് നഗരത്തെ ഭീതിയിലാക്കുന്നു. ഈ പ്രദേശങ്ങളിൽ ഇരുട്ടത്ത് കുട്ടികളെയും മറ്റും പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. പ്രഭാത സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായി.മൈസൂരു ടി നരസീപുരയിൽ 16 കെണികളും 20 സിസിടിവി ക്യാമറകളും ഡ്രോൺ ക്യാമറുകളുമായി വനം വകുപ്പിന്റെ 13 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. പുള്ളിപ്പുലിയെ കണ്ടാൽ വെടിവച്ചു കൊല്ലാനും സർക്കാർ ഉത്തരവിറക്കി.

ബെംഗളൂരുവും നഗരത്തിൽ മാത്രം നാലിടങ്ങളിലാണു കഴിഞ്ഞ ദിവസങ്ങളിലായി ഇവയെ കണ്ടെത്തിയത്. ബനശങ്കരിക്കു സമീപം സോമപുര, കെങ്കേരിക്കു സമീപം കോടിപാളയ, ഉത്തരഹള്ളി മെയിൻ റോഡ്, യെലഹങ്കയ്ക്കു സമീപം ചിക്കജാല ഐടിസി ഫാക്ടറി എന്നിവിടങ്ങളിലാണിത്. മൈസൂരുവിൽ കോളജ് വിദ്യാർഥിനി മേഘ്നയെ പുള്ളിപ്പുലി കടിച്ചുകീറി കൊന്ന സംഭവം കൂടി പുറത്തു വന്നതോടെ, ബെംഗളൂരു നഗരത്തിലെ പുലി വിഹാരത്തിനു ഉടൻ പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി റസിഡൻസ് അസോസിയേഷനുകൾ രംഗത്തുണ്ട്. 

ചിക്കജാല ഐടിസി ഫാക്ടറി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇവയെ കണ്ടതിനെ തുടർന്ന് രാത്രികാലങ്ങളിൽ പ്രദേശത്ത് ലൈറ്റുകളിട്ടും മറ്റും പൊലീസും വനം വകുപ്പ് അധികൃതരും ചേർന്ന് സുരക്ഷാ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ബനശങ്കരി, കെങ്കേരി തുടങ്ങിയ ഇടങ്ങളിലേക്കു പടർന്നു കിടക്കുന്ന തുറാഹള്ളി മേഖലയിലാണ് ഇവയിലേറെയും പതിയിരിക്കുന്നത്. ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണിവ. ബന്നേർഘട്ട നാഷനൽ പാർക്കിൽ നിന്നു കാടിറങ്ങുന്ന പുള്ളിപ്പുലികളാണ് ഇവിടെ വിഹരിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഉത്തരഹള്ളി മെയിൻ റോഡിൽ രാവിലെ പ്രഭാത സവാരിക്കു പോയവർക്കു മുന്നിലൂടെ പുള്ളിപ്പുലി ഓടി മറയുകയായിരുന്നു

വിദ്യാർഥിനിയെ വീടിന് സമീപം പുലി കടിച്ചുകൊന്നു

മൈസൂരുവിലാണ് കോളജ് വിദ്യാർഥിനിയെ പുള്ളിപ്പുലി കടിച്ചു കൊന്നത്. ടി നരസീപുര ഗവ.കോളജിലെ ബികോം വിദ്യാർഥിനി മേഘ്നയാണ് (21) മരിച്ചത്. കെബേഹുണ്ഡിയിലെ വീടിനു പിന്നിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7 ഓടെയാണു സംഭവം. 200 മീറ്ററോളം മേഘ്നയെ കടിച്ചുവലിച്ചു കൊണ്ടു പോയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ദേഹമാസകലം കടിച്ചു മുറിച്ച നിലയിൽ മേഘ്നയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി നരസീപുര താലൂക്കിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മൈസൂരു മഹാരാജാസ് കോളജ് വിദ്യാർഥി ഒക്ടോബറിൽ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുണ്ട്.

കെണിയിൽ കുടുങ്ങാതെ

പുള്ളിപ്പുലികളുടെ കാൽപാടുകൾ പിന്തുടർന്നും സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഒട്ടേറെയിടങ്ങളിൽ വനംവകുപ്പ് കെണികൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഒരെണ്ണം പോലും ഇതേവരെ കുടുങ്ങാത്തത് നഗരവാസികളെ ആശങ്കയിലാക്കുന്നു. ഒട്ടേറെ സ്കൂളുകളും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. രാത്രി വൈകിയും പുലർച്ചെയും മറ്റും ഈ മേഖലകളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് റസിഡൻസ് അസോസിയേഷനുകൾ മുന്നറിയിപ്പും നൽകി വരുന്നു

English Summary: Wild Leopards Continue to Roam Free In Mysuru and Bengaluru Despite Efforts to Capture Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com