ADVERTISEMENT

കടലിൽ കാഴ്ചകൾ കാണാനെത്തുമ്പോൾ പ്രതീക്ഷിക്കുന്നതിനപ്പുറം പല അദ്ഭുതങ്ങളും കൺമുന്നിൽ സംഭവിച്ചെന്നുവരാം. കലിഫോർണിയയിലെ ഡാന പോയിന്റിനു സമീപം കടൽക്കാഴ്ചകൾ ആസ്വദിക്കാനായി ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഒരുകൂട്ടം യാത്രികർക്കും ലഭിച്ചത് അത്തരം ഒരു അത്ഭുതകാഴ്ചയാണ്. അവർക്കു മുന്നിൽവച്ച് കൂറ്റനൊരു തിമിംഗലം കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

തിമിംഗലങ്ങളെ കാണാനാവുമെന്ന്  പ്രതീക്ഷിച്ച് കടലിലേക്കെത്തിയ സഞ്ചാരികൾ ഗ്രേ വെയ്ൽ ഇനത്തിൽപ്പെട്ട ഒരു തിമിംഗലത്തെ കണ്ടതോടെ അങ്ങേയറ്റം സന്തോഷിച്ചു. എന്നാൽ അസാധാരണമാംവിധം മലർന്നും ചരിഞ്ഞും നീങ്ങിയ തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും അധികം വൈകാതെ രക്തം പുറത്തുവരുന്ന കാഴ്ചയാണ് യാത്രക്കാർ കണ്ടത്. ഇതോടെ തിമിംഗലത്തിന് എന്തെങ്കിലും അപകടം സംഭവിച്ചതാകുമോയെന്ന് ആശങ്കപ്പെട്ടെങ്കിലും അല്പസമയത്തിന് ശേഷം രക്തനിറം മാറി വെള്ളം തെളിഞ്ഞതോടെയാണ് തിമിംഗലം കുഞ്ഞിന് ജന്മം നൽകിയ കാര്യം ഇവർ അറിയുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാവുന്ന ഒരു അപൂർവ കാഴ്ച കണ്ടതിൽ അങ്ങേയറ്റം ആഹ്ലാദത്തിലായിരുന്നു യാത്രക്കാർ.

 

35 അടി നീളമുള്ള തിമിംഗലമാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കണ്ടതോടെ ബോട്ടിലുണ്ടായിരുന്ന സഞ്ചാരികൾ ആവേശഭരിതരാകയും യാത്ര അപ്പാടെ ഒരു ആഘോഷമാവുകയും ചെയ്തതായി ബോട്ടിന്റെ ക്യാപ്റ്റനായ ഗ്യാരി പറയുന്നു. യാത്രക്കാർ പകർത്തിയ തിമിംഗലത്തിന്റെ ദൃശ്യങ്ങളോടൊപ്പം ഡ്രോൺ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ ബോട്ടിനോട് ചേർന്ന് തിമിംഗലവും കുഞ്ഞും നീന്തുന്നതായി വിഡിയോയിൽ കാണാം.

 

പിറന്നു വീണ കുഞ്ഞ് അമ്മയുടെ ശരീരത്തോട്ചേർന്നു തന്നെ നീങ്ങുന്നതു കാണാം. അമ്മ തിമിംഗലമാകട്ടെ ഇടയ്ക്കിടെ ശ്വാസോച്ഛ്വാസം നടത്താനായി കുഞ്ഞിനെ ശരീരംകൊണ്ട് തട്ടി മുകളിലേക്കെത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ തിമിംഗലങ്ങൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന കാഴ്ച ക്യാമറയിൽ പകർത്താനാകുന്നത് തന്നെ അത്യപൂർവമാണ്. ശൈത്യകാലമാകുന്നതോടെ സമുദ്രത്തിലെ ചൂടുള്ള ഭാഗം തേടി അലാസ്കയിൽ നിന്നും മെക്സിക്കോയിലേയ്ക്ക് ഗ്രേ വെയ്‌ലുകൾ ദേശാടനം നടത്താറുണ്ട്. അതിനാൽ  തെക്കൻ കലിഫോർണിയയിൽ ഈ കാലയളവിൽ ഇവയെ ധാരാളമായി കാണാനാവും. ഈ അവസരം തിരിച്ചറിഞ്ഞ് തിമിംഗലങ്ങളെ കാണാനായാണ് സഞ്ചാരികൾ ബോട്ടിലെത്തിയിരുന്നത്.

 

അപൂർവ കാഴ്ച കണ്ട് ഏറെ സന്തോഷം തോന്നിയെങ്കിലും തിമിംഗലം ബോട്ടിനുതൊട്ടടുത്തെത്തിയതോടെ യാത്രക്കാർ ഭയന്നു. എന്തായാലും ഈ അമൂല്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ പതിനായിരക്കണക്കിന് ആളുകളാണ് അത് കണ്ടത്. അടുത്തകാലങ്ങളിലായി തീര പ്രദേശത്ത് മംഗലങ്ങൾ ചത്തനിലയിൽ കാണപ്പെടുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ വെസ്റ്റ് കോസ്റ്റ് ഗ്രേ വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെ ഗവേഷകർ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. നിലവിൽ ലോകത്താകെമാനം പതിനേഴായിരം ഗ്രേ തിമിംഗലങ്ങൾ ഉണ്ടെന്നാണ് കണക്ക്.

 

English Summary: Gray Whale Gives Birth and Shows Off Newborn Calf to Tour Group: Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com