ADVERTISEMENT

വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്.  ഒരേപോലെ ശക്തരായ മൃഗങ്ങളാണെങ്കിൽ അവയിൽ ആര് ജയിക്കുമെന്നത് അവസാന നിമിഷം വരെ ചങ്കിടിപ്പോടെ മാത്രമേ കണ്ടുനിൽക്കാനാവൂ. അത്തരം ഒരു ദൃശ്യമാണ് ദക്ഷിണാഫ്രിക്കയിലെ ലോവെൽഡ് മേഖലയിൽ നിന്നും പുറത്തു വരുന്നത്. ഒരു ജലാശയത്തിനരികിലായി പരസ്പരം ഏറ്റുമുട്ടുന്ന കാട്ടുപോത്തിന്റെയും മുതലയുടെയും    ദൃശ്യമാണിത്.

 

ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു ഒരുപറ്റം കാട്ടുപോത്തുകൾ. ഇതിനിടെ വെള്ളത്തിനുള്ളിൽ നിന്ന് ഒരു മുതല മുകളിലേക്ക് ഉയർന്നുവന്നു. മുതലയെ കണ്ട മാത്രയിൽ കാട്ടുപോത്തുകൾ കൂട്ടമായി കരയിലേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കൂട്ടത്തിലൊന്നിനെ പിടികൂടാൻ മുതലയ്ക്ക് സാധിച്ചു. വെള്ളം കുടിച്ചുകൊണ്ടിരുന്ന കാട്ടുപോത്തിന്റെ മൂക്കിലാണ്  മുതല കടിച്ചുവലിച്ചത്.

 

അടുത്ത നിമിഷത്തിൽ കാട്ടുപോത്തിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്താൻ മുതല ശ്രമിച്ചു. എന്നാൽ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ കാട്ടുപോത്ത് തയാറായിരുന്നില്ല. സർവശക്തിയുമെടുത്ത് കാട്ടുപോത്ത് പിന്നിലേക്ക് വലിഞ്ഞു. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കാട്ടുപോത്ത് ഉച്ചത്തിൽ അലറുന്നതും വിഡിയോയിൽ കേൾക്കാം. ഈ കാഴ്ച കണ്ട് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് കാട്ടുപോത്തുകൾ സമീപത്തേക്കെത്തിയെങ്കിലും അപകടത്തിൽപ്പെട്ടതിനെ രക്ഷിക്കാനുള്ള ശ്രമൊന്നും അവയുടെ ഭാഗത്തുനിന്നുണ്ടായില്ല.

 

മുതലയുമായുള്ള ബല പരീക്ഷണത്തിൽ ഒടുവിൽ കാട്ടുപോത്ത് തന്നെ വിജയിച്ചു.  ജലാശയത്തിൽ നിന്നും കരയിലേക്ക് കയറി ഏതാനും മീറ്ററുകൾ മുതലയെ വലിച്ചുകൊണ്ട് കാട്ടുപോത്ത് നടക്കുന്നത് തൃശ്യത്തിൽ കാണാം. കരയിലെത്തിയശേഷം കാട്ടുപോത്ത് ശക്തിയായി പിന്നോട്ട് വലിഞ്ഞതോടെ മുതലയ്ക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അടുത്ത നിമിഷം തന്നെ അത് പിന്തിരിഞ്ഞ് വെള്ളത്തിലേക്ക്  മടങ്ങി. ഇതോടെ അപകടം ഒഴിവായെന്ന ധൈര്യത്തിൽ കാട്ടുപോത്തുകളുടെ കൂട്ടം വീണ്ടും വെള്ളത്തിനരികിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

 

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഈ വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. കാട്ടിലെ രണ്ടു ശക്തരായ ജീവികൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിൽ അതു കണ്ട് ആസ്വദിക്കുന്നതിന് പുറമേ കൂട്ടത്തിലൊന്നിന് അപകടം സംഭവിക്കുന്നത് കണ്ടിട്ടും സഹായിക്കാൻ കാട്ടുപോത്തുകൾ കൂട്ടാക്കാതിരുന്നത് എന്താണെന്ന് സംശയമാണ് പലരും ഉയർത്തുന്നത്. എന്നാൽ കാട്ടുപോത്തിന് മുതലയെ നിഷ്പ്രയാസം തോൽപ്പിക്കാനാവുമെന്ന് ഉറപ്പുള്ളതിനാലാവാം അവ ഇടപെടാതിരുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. കാഴ്ചയിൽ കാട്ടുപോത്തിനാണ്  ശക്തിയെന്നു തോന്നുമെങ്കിലും അതിന്റെ മൂക്കിന്റെ തുമ്പിൽ മാത്രം കടിച്ചിട്ടും ഇത്രയും നേരം പിടിച്ചുനിന്ന മുതലയാണ് യഥാർഥ ശക്തൻ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

 

English Summary: Buffalo Drags Huge Croc Out of the Water by Its Nose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com