മൃഗങ്ങളുടെ ശവപ്പറമ്പായി മൃഗശാല; ചത്തൊടുങ്ങുന്ന കൃഷ്ണമൃഗങ്ങൾ, സുരക്ഷാമാർഗങ്ങളില്ലാതെ ജീവനക്കാര്‍

Lack of space among reasons for TB spread: Report on animal deaths at T’Puram zoo
പ്രതീകാത്മക ചിത്രം. Image Credit: Pakhnyushchyy/Istock
SHARE

ക്ഷയരോഗ ബാധ റിപ്പോർട്ട് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാർക്ക് അടിസ്ഥാന സുരക്ഷാമാർഗങ്ങളായ ബൂട്ടോ കൈയുറയോ പോലും നൽകിയില്ല. സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കണമെന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്‍റെ  നിർദേശവും കേട്ട ഭാവമില്ല. ഇന്നലെ ചത്ത പുള്ളിമാൻ എരിഞ്ഞൊടുങ്ങുന്നതിന്റെ പുകയ്ക്കുള്ളിലൂടെ നോക്കുമ്പോഴും ബൂട്ടോ കൈയ്യുറയോ തുടങ്ങി സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിൽക്കുന്ന ജീവനക്കാരെ കാണാം. ചത്തൊടുങ്ങുന്ന കൃഷ്ണമൃഗങ്ങളുടെ കൂട്ടിൽ പരിചരിക്കുന്നയാൾക്ക് ഒരു മാസ്ക് പോലുമില്ല.  മൃഗശാല സന്ദർശിച്ച മന്ത്രി ഇതേ കാഴ്ച കണ്ട് പറഞ്ഞ വാക്കുകളാണിത്. മന്ത്രി ഞെട്ടി അഞ്ചു ദിനം കഴിയുമ്പോഴും ജീവനക്കാരുടെ സ്ഥിതി പഴയപടി തന്നെ. ക്ഷയരോഗം പടരുന്നിതിടെ സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കണമെന്ന് വിദഗ്ധ സംഘവും ശുപാർശ നൽകിയിരുന്നു. 

വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ മൃഗശാല ഇപ്പോൾ മൃഗങ്ങളുടെ ശവപ്പറമ്പാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇവിടെ ചത്തത്  മൂന്ന് കടുവകള്‍ ഉള്‍പ്പെടെ 422 മൃഗങ്ങളാണ്. ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍ പരം മൃഗങ്ങള്‍ ചത്തു. അടുത്തിടെ ചത്ത മൃഗങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ ഇരുപതെണ്ണത്തിന് ക്ഷയരോഗമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. കടുവക്കൂട്ടില്‍ ഇപ്പോൾ കഴുതപ്പുലിയെയാണ് പാർപ്പിച്ചിരിക്കുന്നത്. കാണികളെ ത്രസിപ്പിച്ചിരുന്ന  ജോര്‍ജും പൊന്നിയും ആതിരയുമൊക്കെ ഇപ്പോൾ ഒാര്‍മ മാത്രമായി. ഇനിയവശേഷിക്കുന്നത് നാലെണ്ണം . സിംഹരാജന്‍മാരുടെ ഗര്‍ജനവും നിലച്ചു. 

ഗ്രേസി മാത്രമാണ് കൂട്ടില്‍ ബാക്കി. ആയുഷ് പ്രായാധിക്യത്തേത്തുടര്‍ന്ന് ആശുപത്രിയിലാണ്. ജിറാഫ് , സീബ്ര, അമേരിക്കന്‍ പുലി തുടങ്ങിയവയുടെയൊക്കെ കൂടുകളിന്ന് കാലിയാണ്. 2017ല്‍ 49 , 18 ല്‍ 88, 19 ല്‍ 109 എന്നിങ്ങനെയാണ് ചത്ത മൃഗങ്ങളുടെ കണക്ക്. 2020 ല്‍ 85 ഉം 21 ല്‍ 91 മൃഗങ്ങളും ജീവന്‍ വെടിഞ്ഞു. പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഭൂരിഭാഗം മൃഗങ്ങളും കൂടൊഴിഞ്ഞതോടെ പേരില്‍ മാത്രമാണ് മൃഗശാലയുടെ പ്രതാപം. ഒരുവര്‍ഷത്തിനുളളില്‍ ഏററവും കൂടുതല്‍ ചത്തത് കൃഷ്ണമൃഗങ്ങളാണ് 54 എണ്ണം. 42 പുളളിമാനുകളും 3 ഇഗ്വാനകളും 3 കാട്ടുപോത്തുകളും ചത്തു. വിവിധയിനത്തില്‍പെട്ട 24 പക്ഷികള്‍,  12 ലക്ഷം വീതം വിലയുളള രണ്ട് പ്രത്യേകയിനം തത്തകള്‍. അനക്കോണ്ട ഒക്കെയും മണ്ണിനടയിലായി. ക്ഷയരോഗം സ്ഥിരീകരിച്ചതിനാല്‍ നടപടിയാവശ്യപ്പെട്ട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്ന് മൃഗശാലാ ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്. 

English Summary: Lack of space among reasons for TB spread: Report on animal deaths at Thiruvananthapuram zoo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS