എത്ര വലിയ ഭീഷണി നേരിടുന്ന സമയത്തും മക്കളെ സുരക്ഷിതരാക്കാൻ എന്തു ത്യാഗവും സഹിക്കാൻ മാതാപിതാക്കൾ തയാറാകും. ചിലപ്പോൾ ഇതിനായി സ്വന്തം ജീവൻ പോലും പണയം വയ്ക്കാൻ മടിക്കാത്തവരുണ്ട്. മനുഷ്യരുടെ കാര്യം മാത്രമല്ല മൃഗങ്ങളുടെ ലോകത്തും സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ ഇങ്ങനെ തന്നെയാണ്. ഇതു തെളിയിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ. തന്റെ കുഞ്ഞിന് അപകടം കൂടാതെ വഴിയൊരുക്കാനായി സ്വന്തം ശരീരം പാലമായി മാറ്റിയിരിക്കുന്ന ഒരു അമ്മക്കുരങ്ങിന്റെ വിഡിയോയാണിത്.
ഉയരംചെന്ന മരങ്ങൾ നിറഞ്ഞിരിക്കുന്ന പ്രദേശത്ത് ഒരു മരത്തിന്റെ അഗ്രഭാഗത്തായി അമ്മക്കുരങ്ങും കുഞ്ഞും നിലയുറപ്പിച്ചിരിക്കുന്നതാണ് വിഡിയോയുടെ തുടക്കം. എന്നാൽ അവിടെ നിന്ന് ഏറ്റവുമടുത്തു നിൽക്കുന്ന മരം കുഞ്ഞിന് എത്തിപ്പിടിക്കാവുന്നത്ര ദൂരത്തിലല്ലായിരുന്നു. ഇതോടെ കുഞ്ഞുമൊത്ത് സുരക്ഷിതമായി ആ മരത്തിലേക്ക് എത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് അമ്മക്കുരങ്ങ്. തനിയെ ചാടാൻ വിട്ടാൽ കുഞ്ഞിന് അടുത്ത മരത്തിൽ എത്തിപ്പിടിക്കാനാവില്ല. മാത്രമല്ല ഇതിനിടയിൽ താഴെ വീണ് പരുക്കേൽക്കാനും സാധ്യതയേറെയാണെന്ന് . ഇത് മനസ്സിലായതോടെ അമ്മക്കുരങ്ങ് പരിഹാരവും കണ്ടെത്തി.
കുഞ്ഞിനെ സുരക്ഷിതമായ ഒരു ഭാഗത്തേക്ക് നീക്കിയശേഷം അമ്മക്കുരങ്ങ് മരക്കൊമ്പിന്റെ അറ്റത്തേക്ക് നീങ്ങി. അതിനുശേഷം കാലുകളും വാലും ഉപയോഗിച്ച് നിന്നിരുന്നു കൊമ്പിൽ പിടിമുറുക്കി അത് മുന്നോട്ടാഞ്ഞു. അടുത്ത നിമിഷം താഴെ വീഴുമെന്ന് തോന്നുമെങ്കിലും അമ്മക്കുരങ്ങിന് അടുത്ത മരത്തിന്റെ ചില്ലയിൽ പിടിക്കാൻ സാധിച്ചു. എന്നാൽ ഇരു കൈകളും കാലുകളും ഇത്രയും വലിച്ചുപിടിച്ച നിലയിൽ തുടരുന്നത് പന്തിയല്ലാത്തതിനാൽ ഒരു കാലും വാലും ഉപയോഗിച്ച് ആദ്യത്തെ മരത്തിലും ഒരു കൈ ഉപയോഗിച്ച് രണ്ടാമത്തെ മരത്തിലും പിടിമുറുക്കി.
അമ്മയുടെ ഉദ്ദേശം മനസ്സിലായിട്ടെന്നപോലെ ഒരു നിമിഷം പോലും വൈകാതെ കുട്ടിക്കുരങ്ങ് ഓടിവന്ന് അതിന്റ മുകളിലേക്ക് കയറുന്നതും വിഡിയോയിൽ കാണാം. കുഞ്ഞു സുരക്ഷിതമായി തന്റെ മുതുകിൽ പിടിയുറപ്പിച്ചു എന്ന് മനസ്സിലാക്കിയ അമ്മ ആദ്യത്തെ മരത്തിൽ നിന്നുള്ള പിടിപെട്ട് രണ്ടാമത്തെ മരത്തിലേക്ക് ചാടി. കണ്ടു നിൽക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും സ്വന്തം ജീവൻ അങ്ങേയറ്റം അപകടത്തിലാക്കിയായിരുന്നു അമ്മക്കുരങ്ങിന്റെ ഈ സാഹസികത. 16 സെക്കൻഡ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം.
പങ്കുവച്ച് ദിവസങ്ങൾക്കുള്ള ആയിരക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. കുഞ്ഞിന്റെ സുരക്ഷയെ കരുതി രണ്ടാമതൊന്ന് ആലോചിക്കാതെ സാഹസികതയ്ക്ക് അമ്മക്കുരങ്ങ് മുതിർന്നത് കണ്ട് അമ്പരന്നു കൊണ്ടാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്. തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഈ വലിയ കടമ്പ കടക്കാൻ സാധിക്കുമെന്ന ആ കുരങ്ങിന്റെ ആത്മവിശ്വാസത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്നതായി മറ്റൊരാൾ കുറിക്കുന്നു. ഭൂമിയിലെ ഓരോ ജീവിയും മനുഷ്യരെ എത്ര വലിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വിഡിയോ എന്ന് പ്രതികരിക്കുന്നവരും ഉണ്ട് .
English Summary: Monkey clutches to two tree branches to let her child pass