ത്വക്കിൽ ‘കാർബോക്സിലിക് ആസിഡുകള്‍’; കൊതുകുകൾ ചിലരെ മാത്രം എപ്പോഴും കടിക്കുന്നതിനു പിന്നിൽ?

Mosquitoes Bite Some People More Than Others
Image Credit: Jonathan Austin Daniels/ Istock
SHARE

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകമെന്നു കവി പറയുന്നു. ചോര കിട്ടാനായി എല്ലാ മനുഷ്യരെയും കടിക്കാൻ കൊതുകിനു മടിയൊന്നുമില്ല, എന്നാൽ ചിലരിലേക്ക് കൊതുകുകൾ കൂടുതൽ ആകർഷിക്കപ്പെടുമത്രേ. സ്വാഭാവികമായി, ഇവർക്കു കിട്ടുന്ന കടിയും കൂടുതലാകും. എന്തുകൊണ്ടാണ് ചില ആളുകളിലേക്ക് കൊതുകുകൾ കൂടുതൽ ആകർഷിക്കപ്പെടുന്നത്. ഇതിനു ഉത്തരം കണ്ടെത്തിയ ഗവേഷണവുമായി വന്നിരിക്കുകയാണ് ന്യൂയോർക്കിലെ റോക്‌ഫെല്ലർ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ. ഇവരുടെ ഗവേഷണഫലം സെൽ എന്ന പ്രശസ്ത ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ, സിക്ക ബാധ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയിലാണു ഗവേഷകർ പഠനം നടത്തിയത്. ത്വക്കിൽ കാർബോക്സിലിക് ആസിഡുകള്‍ കൂടുതലുള്ളവരെ കൊതുകുകൾ കൂടുതൽ ആകർഷിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. സാധാരണ മനുഷ്യരെ അപേക്ഷിച്ച് 100 മടങ്ങാണത്രേ ഇങ്ങനെയുള്ളവരെ കൊതുകുകൾ ആക്രമിക്കാനുള്ള സാധ്യത. ശരീരഗന്ധം പിന്തുടർന്നാണു കൊതുകുകളെത്തുക. ഇങ്ങനെയുള്ളവർ ഭക്ഷണരീതി മാറ്റിയാലോ കൂടുതൽ ശുചിത്വം പാലിച്ചാലോ കാര്യമില്ല, കൊതുകുകൾ വേട്ടയാടുക തന്നെ ചെയ്യും. ഗവേഷണത്തിനായി 64 വൊളന്റിയർമാരെ തിരഞ്ഞെടുത്ത് ഇവരുടെ ശരീരഗന്ധം പിടിച്ചെടുക്കുന്ന തരത്തിൽ നൈലോൺ സ്റ്റോക്കിങ്സുകൾ ഇട്ടശേഷം അതിന്റെ സാംപിളുകളിലേക്ക് കൊതുകുകളെ തുറന്നുവിട്ടായിരുന്നു പരീക്ഷണം. 

ചില സാംപിളുകളിലേക്ക് കൊതുകുകൾ കൂട്ടമായി പറന്നടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അവയിൽ നടത്തിയ പരീക്ഷണങ്ങളാണ് ഗവേഷണത്തിലെ കൗതുകകരമായ വിവരങ്ങളിലേക്ക് നയിച്ചത്. മാസങ്ങളെടുത്തായിരുന്നു പഠനം. ഫലങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനായി പലതവണ ഗവേഷണം തുടർന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു. ആഫ്രിക്കയിൽ നിന്നാണ് ഈഡിസ് ഈജിപ്തി കൊതുകൾ ഉത്ഭവിച്ചത്. എന്നാൽ ഇന്ന് ഇന്ത്യയുൾപ്പെടെ ട്രോപ്പിക്കൽ കാലാവസ്ഥാ സാഹചര്യമുള്ള മിക്ക രാജ്യങ്ങളിലും ഈ കൊതുകുകളെ കാണാം.

English Summary: Mosquitoes Bite Some People More Than Others

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS