ADVERTISEMENT

വളർത്തു മൃഗങ്ങളെ കുളിപ്പിക്കുന്നത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. നായ്ക്കളെയും പൂച്ചകളെയുമൊക്കെ ഉടമകൾ കുളിപ്പിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു അരുമയുടെ കുളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കണ്ടാൽ പോലും പലരും ഭയന്നുവിറയ്ക്കുന്ന ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നായ രാജവെമ്പാലയെയാണ് ഒരാൾ സോപ്പുലായനി ഉപയോഗിച്ച് തേച്ചുകഴുകി കുളിപ്പിച്ചത്. സോപ്പ് ലായനി കൈയിലൊഴിച്ച ശേഷം പതപ്പിച്ച് പാമ്പിന്റെ തലയിലും മുഖത്തുമൊക്കെ ഇയാൾ പുരട്ടുന്നതും ദൃശ്യത്തിൽ കാണാം. പിന്നീട് വെള്ളമൊഴിച്ച് പാമ്പിന്റെ ശരീരം മുഴുവൻ തേച്ചുകഴുകുകയും ചെയ്തു. ഇയാൾ സോപ്പു തേച്ചു കുളിപ്പിക്കുന്ന സമയം പാമ്പ് യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ തലയുടെ ഭാഗം ഉയർത്തിപ്പിടിച്ച് അവിടെത്തന്നെ തുടരുകയും ചെയ്തു. അപകടകാരിയ പാമ്പിനെ ഇത്ര ലാഘവത്തോടെ കുളിപ്പിക്കുന്നതു കണ്ടതിന്റെ ഞെട്ടലിലാണ് വിഡിയോ കണ്ടവർ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുൾ ഖ്വായും ആണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്. നിരവധിയളുകൾ ഇപ്പോൾത്തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

വന്യജീവി സംരക്ഷണ നിയമപ്രകാരം നമ്മുടെ രാജ്യത്ത് ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്.ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്പുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്‌ട ഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും കഴിക്കാറുണ്ട്. ‌രാജവെമ്പാലകൾ എല്ലാം ഒറ്റ വിഭാഗത്തിൽപെടുന്ന പാമ്പുകളാണെന്നാണ് ആദ്യം ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ഗവേഷണത്തിൽ 4 ഉപവിഭാഗങ്ങൾ ഇവയ്ക്കുണ്ടെന്നു കണ്ടെത്തി.രാജവെമ്പാലയുടെ വിഷം നാഡികളെ ബാധിക്കുന്ന ന്യൂറോ ടോക്സിനുകളാണ്. 20 മുതൽ 40 വരെ മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം ഇവ പുറപ്പെടുവിക്കും. സ്വയം കൂടുണ്ടാക്കി മുട്ടയിടുന്ന പാമ്പുകളാണു രാജവെമ്പാലകൾ. വായിൽനിന്നുവരുന്ന ഒരു പ്രത്യേക ദ്രാവകവും ഈറ്റപുല്ലും ഉപയോഗിച്ചാണു കൂടുണ്ടാക്കൽ. 20 മുതൽ 25 വരെ മുട്ടകൾ ഇത്തരം കൂടുകളിൽ ശേഖരിക്കാൻ സ്‌ഥലമുണ്ടാവും.

ഇന്ത്യയുടെ ദേശീയ ഉരഗമാണ് രാജവെമ്പാല. അപകടകാരികളായ പാമ്പുകളാണ് രാജവെമ്പാലകൾ. 20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.

അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കും. ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവ്. എന്നാൽ, സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. മറ്റു പാമ്പുകളും ഉടുമ്പുമാണു പ്രധാന ഭക്ഷണം. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും.

English Summary: Man Fearlessly Gives a Bath to Giant King Cobra in Viral Video That Has Left Netizens Wide-Eyed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com