ADVERTISEMENT

ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി സമുദ്ര ജീവികൾക്ക് ടാഗ് നൽകാറുണ്ട്. അവയുടെ സഞ്ചാരപഥവും ജീവിതശൈലിയുമൊക്കെ പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. തിമിംഗലങ്ങളെയും സ്രാവുകളെയും പോലെയുള്ള അപകടകാരികളായ ജീവികൾക്ക് ടാഗ് നൽകുകയെന്നത് അത്ര നിസാരമായ കാര്യമല്ല. എന്നാൽ ഇത്തരത്തിൽ ടാഗ് നൽകുന്നതിനിടെ തെല്ലും ഭയമില്ലാതെ അപകടകാരിയായ കൂറ്റൻ സ്രാവിനെ കെട്ടിപ്പിടിക്കുന്ന ഒരു ഡൈവറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വന്യജീവി ഫൊട്ടോഗ്രാഫറായ ടൈലർ ഹോർട്ടണാണ് വിഡിയോയിൽ ഉള്ളത്.

 

11 അടി നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവിന് ടാഗ് നൽകുന്നതിനിടയിൽ പകർത്തിയ ദൃശ്യമാണിത്. തെക്കൻ കാരലൈനയിലെ ഹിൽട്ടൺ ഹെഡ് ദ്വീപിന് സമീപത്താണ് സംഭവം. ടൈലറിന്റെ ബോട്ടിന് സമീപത്തായി സ്രാവ് നീന്തുന്നത് വിഡിയോയിൽ കാണാം. ടാഗ് നൽകാനുള്ള ഉപകരണവും കയ്യിൽ പിടിച്ചുകൊണ്ട് ടൈലറും അരികിൽ തന്നെയുണ്ട്. എന്നാൽ മറുകൈ കൊണ്ട് സ്രാവിന്റെ ശരീരത്തിൽ അദ്ദേഹം ചുറ്റി പിടിക്കുകയായിരുന്നു.

 

തൊട്ടടുത്ത നിമിഷം സ്രാവ് ടൈലറിനെ ആക്രമിക്കുമെന്ന് തോന്നുമെങ്കിലും ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടിൽ സ്രാവ് ദൂരേക്ക് നീന്തി നീങ്ങുകയാണ് ചെയ്തത്. ഔട്ട് കാസ്റ്റ് സ്പോർട്ട് ഫിഷിങ് എന്ന സംരംഭത്തിന്റെ ഉടമയായ ചിപ്പ് മിഖാലവും ടൈലറിനൊപ്പം ടാഗ് നൽകാനെത്തിയിരുന്നു. ചൂണ്ടയിട്ട് ആകർഷിച്ചാണ് വമ്പൻ മീനുകളെ ടാഗ് നൽകാനായി അരികിലേക്കെത്തിക്കുന്നത്. ചൂണ്ടയിൽ കുരുക്കി ബോട്ടിലെത്തിച്ച ശേഷം സാറ്റ്‌ലെറ്റ് ടാഗ് നൽകി ഇവയെ തിരികെ കടലിലേക്ക് വിടുകയാണ് പതിവ്.

 

ചൂണ്ടയിൽ കുരുങ്ങുന്ന സമയത്ത് അക്രമാസക്തരാവുമെങ്കിലും ബോട്ടിനു സമീപമെത്തുന്നതോടെ പൊതുവേ ഇവ ശാന്ത സ്വഭാവത്തിൽ രക്ഷപെടാനുള്ള വഴി നോക്കുകയാണ് ചെയ്യുന്നത്. ഇര തേടാനുള്ള വ്യഗ്രതയാണ് സ്രാവുകളെ അക്രമാസക്തരാക്കുന്നതെന്നും അതിനുള്ള സാഹചര്യമല്ലെങ്കിൽ അവർ മറ്റു മീനുകളെ പോലെ തന്നെ പെരുമാറുമെന്നും ചിപ്പ് വ്യക്തമാക്കി. വിഡിയോയിലുള്ള സ്രാവും സമാനമായ അവസ്ഥയിലാണുണ്ടായിരുന്നത്. അതിനാലാണ് ദേഹത്ത് ചുറ്റിപ്പിടിച്ചിട്ടും അത് ടൈലറിനെ ആക്രമിക്കാൻ മുതിരാതിരുന്നത്. എന്തുതന്നെയായാലും വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെ ഏറെ പ്രചാരം നേടിയിട്ടുണ്ട്.

 

ആദ്യ കാഴ്ചയിൽ തന്നെ ഭയമുളവാക്കുന്ന ദൃശ്യങ്ങൾ എന്നാണ് പലരും പ്രതികരിക്കുന്നത്. സ്രാവ് അകലേക്ക് നീന്തി നീങ്ങുന്നത് കാണുന്നതുവരെ ശ്വാസം അടക്കിപ്പിടിച്ചിരുന്നതായി മറ്റു ചിലർ കുറിക്കുന്നു. സ്രാവിനങ്ങളിൽ തന്നെ ഏറ്റവും അപകടകാരികളെന്ന് അറിയപ്പെടുന്നവയാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ. ഏതു സാഹചര്യത്തിലായാലും അതിലൊന്നിന്റെ തൊട്ടരികിൽ നിന്ന് ശരീരത്തിൽ സ്പർശിക്കാൻ ടൈലർ കാണിച്ച ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പ്രതികരണങ്ങളേറെയും.

 

English Summary: Daredevil diver hugs 11-foot great white shark while swimming off South Carolina coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com