ലോകത്തിലെ ഏറ്റവും പ്രായമുള്ള നായയായി ബോബി. 1992 ൽ പോർച്ചുഗലിലെ ലീറിയിയലുള്ള വെറ്റിനറിയിലാണ് ബോബിയെ റജിസ്ട്രേഷൻ നടത്തിയത്. ബോബിയുടെ ഇപ്പോഴത്തെ പ്രായം മുപ്പത് വയസും 266 ദിവസവുമാണ്. ശരാശരി നായ്ക്കളുടെ ആയുസിന്റെ ഇരട്ടിയിൽ കൂടുതൽ പ്രായമാണ് ഇത്. ഇപ്പോൾ ബോബിയെ തേടി ഏറ്റവും പ്രായമുള്ള നായയ്ക്കുള്ള ഗിന്നസ് റെക്കോർഡും എത്തിയിരിക്കുകയാണ്. ബോബിയുടെ ഇപ്പോഴത്തെ യജമാനൻ ലയണൽ കോസ്റ്റ ബോബിയുടെ ആയുസിനെ പറ്റി ചില കാര്യങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
സാധാരണ നായ്ക്കളുടേതുപോലെ ബോബിയ്ക്ക് ചങ്ങലകളില്ല. അവൻ ധാരളം കറങ്ങി നടക്കാറുണ്ടന്നും മറ്റ് മൃഗങ്ങളുമായും മനുഷ്യരുമായും ഇടപെടാറുണ്ടെന്നും ലയണൽ കോസ്റ്റ പറയുന്നു. സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷമാണ് ബോബിയുടെ ആയുസിന്റെ കാരണമായി കുടുംബം വിശ്വസിക്കുന്നത്. വീട്ടിലുള്ള മനുഷ്യർ കഴിക്കുന്നത് തന്നെയാണ് ബോബിയ്ക്കും ഭക്ഷണം. ഒരു ലിറ്ററോളം വെള്ളവും ബോബിയുടെ ഭക്ഷണത്തിൻറെ ഭാഗമാണ്.
കഴിഞ്ഞ ഡിസംബറിൽ ചിഹ്വാഹ്വ ഇനത്തിൽപ്പെട്ട ജിനോ എന്ന നായയ്ക്ക് ഇതേ റെക്കോർഡ് ലഭിച്ചിരുന്നു. 22 വയസും 76 ദിവസവുമായിരുന്നു അന്ന് ജിനോയുടെ പ്രായം. മുൻപ് ഇതേ റെക്കോർഡിന് അഹർനായത് ഓസ്ട്രേലിയയിലെ ബ്ലൂ എന്ന നായ മാത്രമായിരുന്നു. 29 വയസും 5 മാസവുമായിരുന്നു ബ്ലൂവിന്റെ പ്രായം. 1939 ലായിരുന്നു ബ്ലൂവിന്റെ അന്ത്യം. അനേകം ഗിന്നസ് റെക്കോർഡ് എഡിഷനുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
English Summary: Oldest dog EVER record broken by 30-year-old Bobi from Portugal