16 നായ്ക്കളുമായി മെക്സിക്കോ സിറ്റിയിൽ നിന്നും തുർക്കിയിലേക്ക് ഒരു വിമാനം പറന്നു. ഭൂകമ്പത്തിൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടുപോയവരെ തിരഞ്ഞ് കണ്ടെത്താനുള്ള സ്പെഷൽ രക്ഷാ സംഘമായിരുന്നു ആ നായ്ക്കൾ. മെക്സിക്കോയുടെ അഭിമാനങ്ങൾ. ഭൂകമ്പങ്ങളോട് മല്ലിട്ട് ജീവിക്കുന്നതിനാൽ തന്നെ തുർക്കിയിലെ ദുരിതവും അതിന്റെ വ്യാപ്തിയും മെക്സിക്കൻ അധികൃതർക്ക് അതിവേഗം മനസിലായി. ഉടൻ തന്നെ എംബസിയുമായി ബന്ധപ്പെട്ട് രക്ഷാസംഘത്തെ അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കൾക്കൊപ്പം സൈനികരും സംഘത്തിലുണ്ട്. ജീവന്റെ ഒരു തുള്ളിയെങ്കിലും ശേഷിച്ചാൽ അതിവേഗം രക്ഷാപ്രവർത്തകരെ അറിയിക്കാൻ മിടുക്കരാണ് മെക്സിക്കോയുടെ ഈ നായ്ക്കൂട്ടം. ബെൽജിയൻ മലിനോയിസായ എക്കോയാണ് പതിനാറംഗ സംഘത്തിന്റെ നിലവിലെ തലവൻ. മഞ്ഞ നിറത്തിലുള്ള ലാബ് റിട്രീവർ ഫ്രിദയായിരുന്നു സംഘത്തിലെ പഴയ സെലിബ്രിറ്റി. സുരക്ഷാ കണ്ണടയും ഷൂവുമായി ദുരന്ത ബാധിത പ്രദേശങ്ങളിൽ തിരച്ചിലിനിറങ്ങിയിരുന്ന 12 ജീവൻ രക്ഷിക്കുകയും 40 മൃതദേഹങ്ങൾ കണ്ടെടുക്കയും ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടർന്ന് ഫ്രിദ കഴിഞ്ഞ വർഷം ചത്തു.
മെക്സിക്കോയിക്ക് പുറമേ ക്രൊയേഷ്യ, ചെക്ക് റിപബ്ലിക്, ജർമനി, ഗ്രീസ്, പോളണ്ട്, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള നായ് സംഘങ്ങളും തിരച്ചിലിനായി തുർക്കിയിലേക്കും സിറിയയിലേക്കും എത്തിയിട്ടുണ്ട്. മെഷീൻ ഉപയോഗിച്ച് തിരച്ചിൽ അസാധ്യമായ സ്ഥലങ്ങളിലാകും നായ്ക്കളുടെ സേവനം ഉപയോഗിക്കുക.
English Summary: Mexico sends its beloved dog search and rescue teams to Turkey