ADVERTISEMENT

ഒരു നേരം ആഹാരം കൊടുത്താൽ മനുഷ്യരേക്കാൾ നന്ദിയുണ്ടാകും മൃഗങ്ങൾക്ക് എന്ന് പറയാറുണ്ട്. അത് വളർത്തു മൃഗങ്ങൾക്കായാലും തെരുവിൽ അലയുന്ന മൃഗങ്ങൾക്കായാലും അങ്ങനെ തന്നെ. എന്നാൽ  അത്തരത്തിലൊരു ബന്ധവുമില്ലാതെ ഒരു വീട്ടമ്മയുടെ വേർപാടിൽ വേദനിക്കുന്ന കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വീട്ടമ്മയുടെ മൃതദേഹത്തിന്റെ കാൽക്കൽ കെട്ടിപ്പിടിച്ചു കരയുന്ന കുരങ്ങന്റെ ദൃശ്യമാണിത്. ഒഡിഷയിലെ ജഗത്‌സിങ്പുർ ജില്ലയിലെ നുവാഗൻ ഗ്രാമത്തിലാണ് വേറിട്ട സംഭവം.

 

വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടർന്നാണ് മഞ്ചു ദാസ് എന്ന 46കാരിയായ വീട്ടമ്മയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തിച്ചപ്പോഴേക്കും അവർ മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.  തുടർന്ന് മഞ്ചുവിന്റെ മൃതദേഹം സംസ്ക്കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് കൊണ്ടുവന്നു. പൊതുദർശനത്തിനായി വീട്ടിലെത്തിച്ചതോടെ ബന്ധുക്കളും അയൽവാസികളുമൊക്കെ വീട്ടിലെത്തി. ഇതിനിടയിലേക്കാണ് ലങ്കൂർ വിഭാഗത്തിൽപ്പെട്ട കുരങ്ങനും അവിടേക്കെത്തിയത്. അത് വന്നയുടൻ തന്നെ നിലത്ത് പായയിൽ കിടത്തിയിരിക്കുന്ന മൃതദേഹത്തിനരികിലിരുന്നു. 

 

മുഖം മൂടിയിരുന്ന തുണി കൈകൾ കൊണ്ട് നീക്കി. പിന്നീട് അടുത്തിരുന്നു കൈകൾ കൊണ്ട് മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് ഏറെ നേരം കിടന്നു കരഞ്ഞു. അടുത്ത ബന്ധുക്കളും മറ്റും കെട്ടിപ്പിടിച്ച് കരയുന്നതുപോലെയായിരുന്നു കുരങ്ങന്റെ പെരുമാറ്റം. പ്രത്യക്ഷത്തിൽ ഈ കുരങ്ങുമായി മഞ്ചുവിന് യാതൊരു അടുപ്പവുമില്ലായിരുന്നുവെന്ന് മഞ്ചുവിന്റെ മകൻ വിശദീകരിച്ചു. എന്തുകൊണ്ടാണ് കാട്ടിൽ നിന്നെത്തിയ കുരങ്ങൻ ഇങ്ങനെ പെരുമാറിയതെന്ന് വ്യക്തമല്ല. മഞ്ചു കുരങ്ങന് ആഹാരം ൻകുകയോ മറ്റോ ചെയ്തിട്ടുള്ളതായി അവരുടെ ബന്ധുക്കൾക്കും അറിയില്ല.

 

മണിക്കൂറുകളോളം അവിടെ ചിലവഴിച്ച കുരങ്ങനെ പലരും മാറ്റാൻ ശ്രമിച്ചെങ്കിലും അത് അവിടെ നിന്നു മാറാൻ കൂട്ടാക്കിയില്ല. സമീപത്തിരുന്ന സ്ത്രീ കുരങ്ങന്റെ പുറത്തും തലയിലുമെല്ലാം തലോടി അതിനെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിനിൽക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കുരങ്ങൻ 4 മണിക്കൂറോളമാണ് വീട്ടമ്മയുടെ അരികിൽ ചിലവഴിച്ചത്. വീട്ടമ്മയോടുള്ള കുരങ്ങന്റെ സ്നേഹം അവിടെ കൂടി നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. കുരങ്ങൻ വീട്ടമ്മയുടെ അരികിൽ നിന്ന് മാറിയശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. ശ്മശാനത്തിലേക്ക് പോകുന്ന വഴിയിലും കുരങ്ങൻ മൃതദാഹത്തെ പിന്തുടർന്നിരുന്നു.

 

English Summary: Monkey mourns death of woman in Odisha’s Jagatsinghpur dist: Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com