തെറ്റിദ്ധാരണ മൂലം മനുഷ്യർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ മറ്റു ജീവജാലങ്ങൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമോ ? അതിന് സാധ്യതയില്ലെന്നാണ് കരുതുന്നതെങ്കിൽ ഈ ദൃശ്യങ്ങൾ ഒന്ന് കണ്ടു നോക്കണം. പരസ്പരം ആക്രമിക്കാൻ യാതൊരു താൽപര്യവും ഇല്ലാതിരുന്ന രണ്ട് മൃഗങ്ങൾ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയതിന്റെ ദൃശ്യങ്ങളാണിത്. ഒരു ആനയും പെൺസിംഹവുമാണ് നിമിഷനേരംകൊണ്ട് ശത്രുക്കളായി മാറിയത്.സൗത്താഫ്രിക്കയിലെ ബലൂലെ ഗെയിം റിസർവിലാണ് സംഭവം.
നലേദി ഗെയിം ലോഡ്ജിലെ ജലാശയത്തിനരികിലുള്ള കിണറിന്റെ കരയിൽ അല്പം തണുപ്പേറ്റ് സ്വസ്ഥമായി കിടക്കുകയായിരുന്നു പെൺസിംഹം. ശാന്തമായി വിശ്രമിക്കുന്നതിനിടയിലാണ് അകലെ നിന്നും ഒരു ശബ്ദം കേട്ടത്. നോക്കിയപ്പോൾ കണ്ടത് നടന്നടുക്കുന്ന ഒരു കൊമ്പനെയും. പക്ഷേ അപ്പോഴേക്കും സമയം അല്പം വൈകിപ്പോയി. ഓടിമാറാൻ സാധിക്കില്ലെന്ന് കണ്ടതോടെ പ്രശ്നത്തിന് നിൽക്കേണ്ട എന്ന് കരുതി കിണറിന്റെ മറുവശത്തായി ഒളിച്ചിരിക്കാനായിരുന്നു സിംഹത്തിന്റെ ശ്രമം. എന്നാൽ ഇതൊന്നുമറിയാതെ ആന കിണറിനരികിലേക്കെത്തുകയും ചെയ്തു.
ദാഹിച്ചു വന്ന വരവിൽ ആന തുമ്പിക്കൈ ഉപയോഗിച്ച് കിണറ്റിൽ നിന്നും വെള്ളവും കുടിച്ചു. ഇതൊക്കെ നിരീക്ഷിച്ചുകൊണ്ട് മറുവശത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു സിംഹം. എന്നാൽ രണ്ടാമത്തെ തവണ വെള്ളമെടുക്കാനായി തുനിഞ്ഞപ്പോഴാണ് തൊട്ടപ്പുറത്ത് നിൽക്കുന്ന പെൺസിംഹം ആനയുടെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യ കാഴ്ചയിൽ ഭയന്നുപോയ ആനയാവട്ടെ ചെവികൾ കൂർപ്പിച്ച് പ്രതിരോധത്തിന് തയാറെടുത്തുകൊണ്ട് രണ്ടു ചുവടുകൾ പിന്നോട്ടെടുക്കുന്നതും വിഡിയോയിൽ കാണാം. ആരാദ്യം ആക്രമിക്കുമെന്ന സംശയമുള്ളതുപോലെ ഇരു മൃഗങ്ങളും അല്പനേരം അതേ നിൽപ് തുടർന്നു.
എന്നാൽ പിന്നീട് ആന ധൈര്യം സംഭരിച്ച് മുന്നോട്ടുവന്ന് വെള്ളം കുടിക്കുന്നത് തുടരുകയും ചെയ്തു. അതോടെ അല്പം ആശ്വാസമായി എന്ന് കരുതി സിംഹം ഒന്ന് ചലിച്ചതും ആന വീണ്ടും പ്രതിരോധത്തിന് തയാറെടുത്തു. തങ്ങളിൽ ആദ്യം ആര് പിന്മാറുമെന്ന് കാത്തിരിക്കുന്നത് പോലെ രണ്ടും മൃഗങ്ങളും ജാഗ്രതയോടെ നിന്നെങ്കിലും ഒടുവിൽ ഈ കളി പന്തിയല്ലെന്ന് തോന്നിയ ആന തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. കുടിക്കാനായി തുമ്പിക്കയ്യിൽ കരുതിയ വെള്ളം ആന സിംഹത്തിന് നേരെ ചീറ്റിച്ചു. ഇത് പ്രതീക്ഷിക്കാതിരുന്നതിനാൽ സിംഹം ഭയന്ന് അവിടെ നിന്നും ഓടി നീങ്ങുകയായിരുന്നു.
അതോടെ ധൈര്യം സംഭരിച്ച ആന ചിഹ്നം വിളിച്ചുകൊണ്ട് സിംഹത്തിന് പിന്നാലെ ഓടി. സിംഹം മറ്റൊരു വശത്തേക്ക് ഓടി മറഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ആന കിണറിനരികിലേക്ക് മടങ്ങിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ വേഗം ജനശ്രദ്ധ നേടി. താൻ ആക്രമിക്കാൻ മുതിരുകയല്ലെന്നും വിശ്രമിക്കാനെത്തിയതാണെന്നും പറയാൻ സിംഹത്തിനോ തന്റെ ഉദ്ദേശം വെള്ളം കുടിക്കുകയെന്നത് മാത്രമാണെന്ന് പറയാൻ ആനയ്ക്കോ സാധിക്കാത്തതാണ് ഇരുമൃഗങ്ങളെയും ശത്രുക്കളാക്കിയതെന്നാണ് ഒരാളുടെ കമന്റ്. എന്നാൽ കാട്ടിലെ ഏറ്റവും ശക്തരായ മൃഗങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിച്ച സിംഹം ആനയെ എങ്ങനെ ഭയന്നു എന്നതാണ് മറ്റൊരാളുടെ സംശയം. പൂർണവളർച്ചയെത്തിയ ഒരു ആനയോട് സിംഹം ഒറ്റയ്ക്ക് വന്നേറ്റുമുട്ടിയാൽ അന്തിമവിജയം തീർച്ചയായും ആനയ്ക്ക് തന്നെയാവും എന്നാണ് പലരുടെയും പ്രതികരണം. വലുപ്പത്തിൽ ആന തന്നെയാണ് മുന്നിൽ എന്നതാണ് അതിനുള്ള കാരണവും.
Engish Summary: Lion Tries Hiding from Elephant but Ends Up Getting Sprayed