പാമ്പുകൾ മരത്തിൽ കയറുന്നതും ശിഖരങ്ങളിലൂടെ അതിവേഗം ഇഴഞ്ഞു നീങ്ങുന്നതും സാധാരണ കാഴ്ചയാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അതിവേഗം ചുറ്റിപ്പിണഞ്ഞ് മരത്തിനു മുകളിലേക്ക് കയറുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെടുന്ന പാമ്പാണ് മരത്തിലേക്ക് ഇഴഞ്ഞു കയറിയത്. നിമിഷ നേരം കൊണ്ടാണ് പാമ്പ് മരത്തിന്റെ മുകളിലെത്തിയത്. പെരുമ്പാമ്പിന്റെ വ്യത്യസ്തമായ സഞ്ചാര രീതിയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. പാമ്പുകളും കാലില്ലാത്ത മറ്റ് ഉരഗങ്ങളും മരങ്ങളിലൂടെ ഇഴഞ്ഞുനീങ്ങാൻ ഉപയോഗപ്പെടുത്തുന്ന ഈ സഞ്ചാരരീതിയെ ‘കൺസെർട്ടീന മൂവ്മെന്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ശരീരത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് മരത്തിന്റെ പ്രതലത്തിൽ ‘ഗ്രിപ്’ കണ്ടെത്തുകയും, താഴേക്കു വീഴാതെ അവിടെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുകയാണ് ഈ യാത്രയിലെ ഒരു ഭാഗം. ഇത്തരത്തിൽ വീഴാതെ നിൽക്കുന്ന അതേ സമയംതന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങളെ മുന്നിലോട്ടു തള്ളി സഞ്ചരിക്കുകയും ചെയ്യും. ഒരു തരം ഹോൾഡ്–ആൻഡ്–റിലീസ് മൂവ്മെന്റ് എന്നുതന്നെ പറയാം. മരത്തിൽ ചുറ്റിപ്പിണഞ്ഞുള്ള സഞ്ചാരത്തിൽ ഈ ‘കൺസെർട്ടീന’ രീതിയാണ് പാമ്പുകളെ സഹായിക്കുന്നത്. ഫാസിനേറ്റിങ് എന്ന ട്വിറ്ററ്‍ പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
നീളത്തിന്റെ കാര്യത്തിൽ പെരുമ്പാമ്പുകളിൽ മുന്നിലാണ് റെറ്റിക്യുലേറ്റഡ് പൈതണുകൾ. ഇരുപതടി നീളത്തിൽ വരെ വളരുന്നവയാണ് ഇവ. തെക്കുകിഴക്കൻ ഏഷ്യയാണ് ഇവയുടെ ജന്മദേശം ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കുന്നവയാണ് ഈ ഗണത്തിൽപ്പെട്ട പെരുമ്പാമ്പുകൾ. നദികളും തടാകങ്ങളുമടക്കം ജലാശയങ്ങളുള്ള മേഖലകളിലാണ് ഇവയെ കൂടുതലായി കാണാൻ സാധിക്കുക.
പക്ഷികളും ചെറിയ സസ്തനികളുമാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളുടെ പ്രധാന ഭക്ഷണം. എന്നാൽ ഒത്തുകിട്ടിയാൽ പന്നികൾ, മാനുകൾ തുടങ്ങിയ ജീവികളെയും ഇരയാക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മറ്റു പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇവയ്ക്ക് സാധിക്കും. റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിലും ഇവയുടെ പിടിയിലായി കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചെന്നു വരാം
English Summary: Massive Python Climbs Tree In A Mesmerising Way