തലയിൽ കടിച്ചത് 8 അടി നീളമുള്ള പെരുമ്പാമ്പ്: രക്തത്തിൽ കുളിച്ച് സഞ്ചാരി, ഭയന്ന് കാഴ്ചക്കാർ

Hiker Covered in Blood After 8-Ft. Snake Bites His Head: Felt Like a 'Slap'
Image Credit: JOEY ZAYNE
SHARE

ഉരഗ വർഗങ്ങൾ ധാരാളമുള്ള മേഖലയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ്. വീടിനകത്തുവരെ പാമ്പുകൾ കയറുന്ന സംഭവങ്ങൾ ഇവിടെ നിത്യസംഭവമാണ്. ഇപ്പോഴിതാ യാതൊരു പ്രകോപനവും ഇല്ലാതെ ഒരു പെരുമ്പാമ്പ് വനത്തിലൂടെ നടക്കുകയായിരുന്ന സഞ്ചാരിയുടെ തലയിൽ കടിച്ച സംഭവമാണ് പുറത്തുവരുന്നത്.  എട്ടടി നീളമുള്ള പെരുമ്പാമ്പാണ് ജോയ് സെയിൻ എന്ന സഞ്ചാരിയെ ആക്രമിച്ചത്. ക്വീൻസ്‌ലൻഡിലെ ബഹാന ഗോർജ് എന്ന ദേശീയോദ്യാനത്തിൽ വച്ചായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം വനപാതയിലൂടെ നടന്നു നീങ്ങുന്നതിനിടെ മറ്റു രണ്ടു പേർ പാതയ്ക്ക് മുകളിലായി മരത്തിൽ നിന്നും തൂങ്ങി കിടക്കുന്ന പെരുമ്പാമ്പിനെ കാട്ടി കൊടുത്തിരുന്നു. സ്ക്രബ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പായിരുന്നു അത്. മരത്തിലുണ്ടായിരുന്ന വവ്വാലുകളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു പാമ്പെന്നാണ് നിഗമനം. എന്തായാലും ഈ കാഴ്ച തന്റെ ക്യാമറയിൽ പകർത്താൻ ജോയ്സ് തീരുമാനിച്ചു.  ഏതാനും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. എന്നാൽ ഇതിനോടകം പാമ്പ് കുറച്ചുകൂടി അടുത്തെത്തുന്നതായി തോന്നിയതോടെ ചിത്രങ്ങൾ പകർത്താനുള്ള ശ്രമം ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു.

അപ്പോഴാണ് തന്റെ വാഹനത്തിന്റെ താക്കോൽ ബാഗിലുണ്ടോയെന്ന് ജോയ്സ് പരിശോധിച്ചത്. ഇതിനിടെ ബാഗിൽ ഉണ്ടായിരുന്ന മറ്റു ചില വസ്തുക്കൾ തറയിലേക്ക് വീഴുകയും ചെയ്തു. അവ ശേഖരിച്ച് ബാഗിലാക്കാനുള്ള വ്യഗ്രതയിൽ പാമ്പ് തൂങ്ങിക്കിടക്കുന്ന വിവരം ജോയ് മറന്നു പോയിരുന്നു. ഞൊടിയിടകൊണ്ട് പാമ്പ് ജോയ്സിന്റെ തലയിൽ തന്നെ ശക്തിയിൽ കടിച്ചു. മുഖം തീർത്ത് അതിശക്തമായി അടികിട്ടിയ അവസ്ഥയായിരുന്നു അപ്പോഴെന്ന് അദ്ദേഹം പറയുന്നു.

അല്പം ചരിവുള്ള പ്രദേശമായിരുന്നതിനാൽ കടിയേറ്റ ഉടനെ ജോയ്സ് താഴേക്ക് വീഴുകയും ചെയ്തു. ഒടുവിൽ ഒരു മരത്തിൽ പിടിച്ചാണ് അദ്ദേഹം കൂടുതൽ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടത്. യാതൊരു പ്രകോപനവും ഇല്ലാതിരുന്നതിനാൽ പാമ്പ് ഇത്തരത്തിൽ ആക്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജോയ്സ് പറയുന്നു. ഉടൻ തന്നെ സമീപത്തെ ജലാശയത്തിൽ ചെന്ന് മുറിവുകൾ കഴുകിയെങ്കിലും രക്തം വാർന്നു പൊയ്ക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു. ഒടുവിൽ ടീ ഷർട്ട് ഉപയോഗിച്ച് മുറിവേറ്റ ഭാഗം കെട്ടിവച്ചാണ് അവർ വനത്തിനു പുറത്തെത്തിയത്.

തന്റെ അനുഭവത്തെക്കുറിച്ച് ജോയ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സമാനമായ അനുഭവങ്ങളിൽ കൂടി കടന്നുപോയ നിരവധി ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. വിഷമില്ലാത്ത ഇനം ആയതിനാൽ സ്ക്രബ് പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകളുടെ കടിയേറ്റാൽ ജീവഹാനിയുണ്ടാകില്ല. എന്നാൽ പ്രധാനപ്പെട്ട ഞരമ്പുകളിലോ രക്തധമനികളിലോ ആണ് കടിയേൽക്കുന്നതെങ്കിൽ രക്തം വാർന്ന് അപകടമുണ്ടായെന്നും വരാം.

English Summary: Hiker Covered in Blood After 8-Ft. Snake Bites His Head: Felt Like a 'Slap'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS