കാട്ടിൽ സിംഹമാണ് രാജാവ്. ഗർജനം കേൾക്കുമ്പോൾ തന്നെ കാടാകെ നടുങ്ങും. എന്നാൽ കാട്ടിലെ സിംഹരാജാവ് നാട്ടിലിറങ്ങിയാൽ കഥയാകെ മാറും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗുജറാത്തിലെ തെരുവോരങ്ങളിൽ സിംഹങ്ങളിറങ്ങുന്നത് അത്ര അപൂർവമല്ല. കാടിനോടു ചേർന്നുള്ള ജനവാസ മേഖലകളിൽ ഒറ്റയ്ക്കും കൂട്ടമായുമൊക്കെ സിംഹങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയുടെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ വിഡിയോ.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം പങ്കുവച്ചത്. രാത്രിയുടെ മറവിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ സിംഹത്തെ ഒരു കൂട്ടം തെരുവുനായ്ക്കൾ ഉറക്കെക്കുരച്ചുകൊണ്ട് ഭയപ്പെടുത്തി ഓടിക്കുന്ന ദൃശ്യമാണിത്. നായ്ക്കൾ കൂട്ടത്തോടെ കുരച്ചുകൊണ്ട് പിന്നാലെയെത്തുന്നത് കണ്ട സിംഹം അവിടെനിന്ന് ഓടിമറയുകയായിരുന്നു. തെരുവുനായ്ക്കളുടെ തട്ടകത്തിൽ അവരു തന്നെയാണ് രാജാക്കൻമാർ എന്നു തെളിയിക്കുന്നതാണ് ഈ ദൃശ്യമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. രസകരമായ അഭിപ്രായങ്ങളാണ് വിഡിയോയിക്ക് താഴെ നിറയുന്നത്.
English Summary: Pack Of Dogs Chase Away A Majestic Lion In Gujarat