വിഷത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളവയാണ് ബ്ലാക്ക് മാമ്പകൾ. ഇവയുടെ കടിയേറ്റാൽ ഉടൻതന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് ഉറപ്പാണ്. അത്തരത്തിൽ ഉഗ്രവിഷമുള്ള ഒരു ബാക്ക് മാമ്പയെ അതിവിദഗ്ധമായി പിടികൂടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നിക്ക് ഇവാൻസ് എന്ന പാമ്പ് പിടുത്ത വിദഗ്ധൻ. ഗ്രേറ്റർ ഡർബൻ മേഖലയിലെ ഒരു വീട്ടുമുറ്റത്ത് നിന്നുമാണ് കൂറ്റൻ പാമ്പിനെ നിക്ക് പിടികൂടിയത്.
വീട്ടുമുറ്റത്ത് എത്തിയ പാമ്പിനെ കണ്ട് ഭയന്ന് നിലവിളിച്ചു കൊണ്ടാണ് ഉടമസ്ഥയായ സ്ത്രീ നിക്കിനെ ഫോൺ ചെയ്തത്. ഏറെ വലുപ്പമുള്ള കറുത്ത പാമ്പ് പൂച്ച കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ എത്തിയതാണെന്ന് അറിഞ്ഞതോടെ അത് ബ്ലാക്ക് മാമ്പ തന്നെയാവാം എന്ന് നിക്ക് ഉറപ്പിക്കുകയും ചെയ്തു. വിഷമുള്ളവയാണെങ്കിലും മനുഷ്യരുടെ സാമീപ്യം അറിഞ്ഞാൽ വേഗത്തിൽ ഒളിച്ചു കളയുന്നവയാണ് ബ്ലാക്ക് മാമ്പകൾ. ഒളിക്കാനുള്ള മറ്റൊരു മാർഗവും ഇല്ലെങ്കിൽ മാത്രമേ അവ കടിക്കാൻ മുതിരാറുള്ളൂ. മണിക്കൂറിൽ 12.5 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇനമായതിനാൽ താൻ പാമ്പിനെ കണ്ടെത്തിയ വീട്ടിലേക്ക് എത്തുമ്പോഴേക്കും അത് കടന്നു കളയുമെന്ന് നിക്കിന് തോന്നി.
അതിനാൽ ആ മേഖലയ്ക്ക് സമീപമുള്ള ഒരു സുഹൃത്തിനെ വിവരമറിയിച്ച് എത്രയും വേഗം അവിടേക്ക് എത്താൻ നിക്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനോടകം പാമ്പിനെ കണ്ട് സമീപവാസികൾ ഓടി കൂടുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ അത് അവിടെ നിന്നും കടന്നുകളഞ്ഞു. പാമ്പിനെ പിടികൂടാതിരുന്നത് മൂലം എല്ലാവരും ഭയത്തിലായെങ്കിലും പൂച്ചക്കുഞ്ഞുങ്ങളുടെ സാന്നിധ്യമുള്ളതിനാൽ അത് പിറ്റേന്ന് തിരികെ വരുമെന്ന് നിക്കിന് ഉറപ്പായിരുന്നു. പ്രതീക്ഷിച്ചതുപോലെ പിറ്റേദിവസം തന്നെ ബ്ലാക്ക് മാമ്പ മടങ്ങിയെത്തിയെങ്കിലും ഇത്തവണ അതിനെ പിടികൂടാൻ ഉറച്ച് നിക്കും അവിടെ എത്തി. എന്നാൽ കുറ്റിച്ചെടികൾക്കിടയിൽ കൂട്ടിയിട്ടിരുന്ന വിറകു കൂനയ്ക്കുള്ളിലാണ് പാമ്പ് അഭയം കണ്ടെത്തിയത്. സാധനങ്ങൾ കൂടിക്കിടന്നതും കൊടുംചൂടും പാമ്പിനെ പിടിക്കുന്നതിന് തടസ്സമായിരുന്നു.
വിറകു കൂനയുടെ മറുവശത്തുകൂടി പാമ്പ് രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ പ്രദേശവാസികളിൽ ചിലരെയും അദ്ദേഹം ചട്ടംകെട്ടി. ഏതാനും തടിക്കഷ്ണങ്ങൾ മാറ്റി നോക്കിയപ്പോഴാണ് പാമ്പ് എത്രത്തോളം വലുതാണെന്ന് നിക്കിന് മനസ്സിലായത്. വിറകു കൂനയുടെ മധ്യഭാഗത്തേക്ക് നീങ്ങാൻ ശ്രമിച്ചുകൊണ്ടിരുന്ന പാമ്പിനെ നാലും വശത്തു നിന്നും വിറകുകൾ മാറ്റി രക്ഷപ്പെടാനാവാത്ത വിധം കെണിയിലാക്കി. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തന്റെ കയ്യിലുണ്ടായിരുന്ന ചവണ പോലെയുള്ള ഉപകരണം ഉപയോഗിച്ച് പാമ്പിന്റെ കഴുത്തിന്റെ ഭാഗത്ത് തന്നെ നിക്ക് പിടിമുറുക്കി.
എന്നാൽ ഈ സമയംകൊണ്ട് പാമ്പ് ഒരു തടിക്കഷണത്തിൽ ശരീരം പൂർണമായും ചുറ്റിയിരുന്നു. ഇതുതന്നെയാണ് അവസരം എന്ന് കരുതിയ നിക്ക് അതിന്റെ തലയിൽ കടന്നുപിടിച്ച് കടിക്കാനാവാത്ത വിധം പാമ്പിനെ വരുതിയിലാക്കുകയായിരുന്നു. ഒൻപത് അടി നീളവും മൂന്നു കിലോഗ്രാമിനടുത്ത് ഭാരവുമാണ് പാമ്പിന് ഉണ്ടായിരുന്നത്. പൂച്ച കുഞ്ഞുങ്ങളാണ് ബ്ലാക്ക് മാമ്പകളുടെ പ്രിയപ്പെട്ട ഭക്ഷണം. ഏറെ ദൂരത്തിൽ നിന്നുതന്നെ അവയുടെ സാന്നിധ്യം തിരിച്ചറിയാൻ ബ്ലാക്ക് മാമ്പകൾക്കാവും. ഇതേ കാരണം കൊണ്ട് തന്നെയാണ് പാമ്പ് വീട്ടുമുറ്റത്തേക്കെത്തിയതെന്നും നിക്ക് വിശദീകരിച്ചു.
English Summary: Black Mamba Caught