പോസത്തെ വരിഞ്ഞുമുറുക്കി കൂറ്റൻ പെരുമ്പാമ്പ്; ഭയന്നുവിറച്ച് കുഞ്ഞ്-വിഡിയോ

Woman Finds 7ft Python Eating Possum As Its 'Traumatized' Baby Watches
Image Credit: FACEBOOK/HERVEY BAY SNAKE CATCHERS
SHARE

ഏതാനും ദിവസങ്ങൾക്കു മുൻപ് വീട്ടിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു കിഴക്കൻ ഓസ്ട്രേലിയയിലെ ഹെർവെ ബേ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു വനിത. എന്നാൽ പെട്ടെന്നാണ് വീടിന്റെ പിൻഭാഗത്തുള്ള വരാന്തയിൽ അസാധാരണമായ ഒരു ശബ്ദം കേട്ടത്. ശബ്ദം കേട്ട ഭാഗത്ത് ചെന്ന് നോക്കിയപ്പോൾ കണ്ടതാകട്ടെ ഏഴടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയും. പൂച്ചയോളം വലുപ്പം വരുന്ന ഒരു പോസത്തിനെ ചുറ്റിവരിഞ്ഞ ശ്വാസം മുട്ടിച്ച് ഭക്ഷണമാക്കാൻ ശ്രമിക്കുകയായിരുന്നു പെരുമ്പാമ്പ്.

പാമ്പിന്റെ വലുപ്പം കണ്ട് ഭയന്നുപോയ വീട്ടുടമസ്ഥ ഉടൻ തന്നെ ഹെർവേ ബേ സ്നേക്ക് ക്യാച്ചേഴ്സിലെ പാമ്പുപിടുത്ത വിദഗ്ധനായ ഡ്രൂ ഗോഡ്ഫ്രേയെ വിവരമറിയിച്ചു.  വീട്ടുമുറ്റത്ത് ഇടയ്ക്കിടെയെത്തിയിരുന്ന പോസത്തിന് ഉടമസ്ഥ ഫലവർഗങ്ങൾ നൽകുന്നത് പതിവായിരുന്നു. തന്റെ പ്രിയപ്പെട്ട പോസത്തെ പെരുമ്പാമ്പ് ഭക്ഷിക്കുന്നത് കണ്ട് വിഷമം തോന്നിയെങ്കിലും ഇത്രയും വലുപ്പമുള്ള ജീവിയെ നിസ്സാരമായി പിടികൂടി കൊല്ലുന്നത് കണ്ട് അദ്ഭുതവും തോന്നിയതായി അവർ പറയുന്നു. 

എന്തായാലും പാമ്പിനെ കണ്ടതായി അറിയിച്ച് അധികം വൈകാതെ തന്നെ ഡ്രൂ സ്ഥലത്തെത്തി. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ട പോസത്തിനെ പെരുമ്പാമ്പ് ഏതാണ്ട് പൂർണമായുമ വിഴുങ്ങിയ നിലയിലായിരുന്നു. വളരെ വേഗത്തിൽ തന്നെ ഡ്രൂ പെരുമ്പാമ്പിനെ പിടികൂടി ബാഗിലാക്കി മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അല്പസമയം കഴിഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെരുമ്പാമ്പ് തന്റെ അമ്മയെ പിടികൂടി ഭക്ഷണമാക്കുന്നത് നേരിൽ കണ്ട ഭയത്തിൽ കഴിയുന്ന ഒരു കുഞ്ഞു പോസവും വീടിന് സമീപം തന്നെ ഉണ്ടായിരുന്നു. 

ഏതാണ്ട് നാലുമാസത്തിനടുത്ത് മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. അമ്മയെ നഷ്ടപ്പെട്ടതിന്റെ വിഷമവും പാമ്പിനെ കണ്ടതിന്റെ ഭയവും കാരണം വിറയ്ക്കുന്ന നിലയിലായിരുന്നു കുഞ്ഞു പോസം. അമ്മയുടെ പാൽ കുടിക്കുന്ന പ്രായം കഴിയാത്തതിനാൽ കുഞ്ഞുപോസം ഏറെ ബുദ്ധിമുട്ടേണ്ടി വരും എന്ന്  സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചുകൊണ്ട് ഡ്രൂ കുറിക്കുന്നു. എന്നാൽ ഡ്രൂ അരികിലെത്തിയിട്ടും പോസത്തിന് ഭയമുണ്ടായിരുന്നില്ല. അതിനെ ടവ്വൽ ഉപയോഗിച്ച് പൊതിഞ്ഞെടുത്ത ശേഷം അദ്ദേഹം ഈസ്റ്റ് കോസ്റ്റ് എക്സോട്ടിക് ഹവൻ എന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കാർപെറ്റ് പൈതണുകളുടെ  ഉപവിഭാഗമായ കോസ്റ്റൽ കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പാണ് പോസത്തെ വിഴുങ്ങിയത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരമേഖലയിൽ കാണപ്പെടുന്ന ഇവ 13 അടിവരെ നീളത്തിൽ വളരുന്നവയാണ്. ഇവയുടെ കടി മനുഷ്യർക്ക് അങ്ങേയറ്റം വേദനാജനകമാണെങ്കിലും വിഷബാധയേൽക്കില്ല. അമ്മ പോസത്തെ നഷ്ടപ്പെട്ട കുഞ്ഞിന്റെ അവസ്ഥയോർത്ത് വിഷമമുണ്ടെങ്കിലും പെരുമ്പാമ്പ് പ്രകൃതിനിയമം അനുസരിച്ച് മാത്രമാണ് പെരുമാറിയതെന്നും ഡ്രൂ പറയുന്നു.

English Summary: Woman Finds 7ft Python Eating Possum As Its 'Traumatized' Baby Watches

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS