ADVERTISEMENT

വയനാട് ബത്തേരിയില്‍നിന്ന് പിടികൂടിയ പിഎം 2 കാട്ടാനയെ തിരികെ കാട്ടില്‍ വിടാന്‍ വനംവകുപ്പ് ആലോചന തുടങ്ങി. മൃഗസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്‍റെ സാധ്യത പരിശോധിക്കാന്‍ പിസിസിഎഫ് ഗംഗാസിങ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ ആനയെ മുത്തങ്ങയില്‍ തന്നെ പാര്‍പ്പിക്കണമെന്നും പുറത്തുവിടാനാണ് തീരുമാനമെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ പറഞ്ഞു.

 

ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച പിഎം 2 എന്ന കാട്ടാനയെ ജനുവരി 9നാണ് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. മുത്തങ്ങ ആനപന്തിയിലെ കൂട്ടിലടച്ച പന്തല്ലൂര്‍ മഖ്ന 2 എന്ന പി.എം 2 പാപ്പാന്‍മാരുടെ ശിക്ഷണത്തില്‍ മെരുങ്ങിതുടങ്ങി. കൂട്ടിന് പുറത്തിറക്കി കുങ്കിയാന പരിശീലനം തുടങ്ങാന്‍ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്ക് വിടണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയത്. ഇതോടെ ഈ സാധ്യത പരിശോധിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ചെയർമാനായി അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രിസിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഗംഗാസിങ്ങിന്‍റെ നിര്‍ദ്ദേശം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പരിസ്ഥിതി സംഘടനാ പ്രവർത്തകരും  സമിതിയിൽ അംഗങ്ങളാണ്. ആനയെ കൂട്ടിലിട്ടു പീഡിപ്പിക്കാതെ ജനങ്ങളെ ബാധിക്കാത്ത വിധത്തില്‍ കാട്ടില്‍ വിടണമെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം.

 

എന്നാല്‍ അക്രമകാരിയായതുകൊണ്ടാണ് ആനയെ പിടികൂടേണ്ടി വന്നതെന്നും തിരികെ വിടാന്‍ തീരുമാനിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ . പിഎം ടുവിനെ മുത്തങ്ങയില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്ത് നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. തമിഴ്നാട്ടില്‍ രണ്ടുേപരെ കൊന്ന പിഎം 2വിനെ കഴിഞ്ഞ ഡിസംബറിൽ തമിഴ്നാട് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് സത്യമംഗലം കാട്ടിൽ വിട്ടുവെങ്കിലും ആന പന്തല്ലൂരിലെ ജനവാസകേന്ദ്രങ്ങളിൽ നിന്നു മാറിയിരുന്നില്ല. വീടുകള്‍ തകര്‍ത്ത് അരി തിന്നും കൃഷിയിടങ്ങള്‍ നശിപ്പിച്ചും ഭീതിപരത്തി. പിന്നീട് ബത്തേരിയിലേക്ക് എത്തി. സമാധാനം നഷ്ടപ്പെട്ട ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പിന്നാലെയാണ് പിഎം ടുവിനെ വനംവകുപ്പ് പിടികൂടുന്നത്.

 

English Summary:Forest department planning to release Rogue tusker PM-2 captured in Wayanad 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com