ADVERTISEMENT

മഞ്ഞുമൂടിയ പ്രദേശങ്ങളിൽ വിഹരിക്കുന്ന ധ്രുവക്കരടികൾ ഏറെ ആകർഷകമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ അവയുടെ ചിത്രങ്ങൾ ഏവരുടെയും മനം കവരുകയും ചെയ്യും. എന്നാൽ കാണുന്നതുപോലെ അത്ര സാധുക്കളല്ല ധ്രുവക്കരടികൾ. അവയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ മനുഷ്യർക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യതയേറെയാണ്. കൂറ്റൻ ധ്രുവക്കരടികളുടെ വലുപ്പം മാത്രം മതി മനുഷ്യനെ ഭയപ്പെടുത്താൻ . എന്നാൽ ഇപ്പോൾ തന്നെ ആക്രമിക്കാൻ പാഞ്ഞടുത്ത രണ്ട് ധ്രുവക്കരടികളെ ഒറ്റയ്ക്ക് നേരിടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കാനഡയിലെ വടക്കൻ ക്യൂബക്ക് മേഖലയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണിത്.

 

മഞ്ഞുമൂടിയ മലഞ്ചെരുവിൽ ക്യാംപിങിനെത്തിയ വ്യക്തിയാണ് വിഡിയോയിലുള്ളത്. തന്റെ ടെന്റിനു മുന്നിൽ നിന്ന വ്യക്തിയുടെ അടുത്തേക്ക് രണ്ടു ധ്രുവക്കരടികൾ ആക്രമിക്കാനായി ഓടിയെത്തുകയായിരുന്നു. അവ സമീപിക്കുന്നത് കണ്ട ഉടൻ തന്നെ അദ്ദേഹം ഒരു വലിയ വടി കയ്യിലെടുത്തു. ആദ്യത്തെ കരടി വളരെ സാവധാനത്തിലാണ് അദ്ദേഹത്തിനരികിലേക്കെത്തിയത്. അതോടെ വടി വീശി അതിനെ തുരത്താനാൻ ശ്രമിച്ചു. കരടി ഇതുകണ്ട് അൽപമൊന്നു പകച്ചെങ്കിലും അപ്പോഴേക്കും രണ്ടാമത്തെ കരടിയും അദ്ദേഹത്തിന് നേരെ ചീറിയെടുത്തു.

 

ഉടൻതന്നെ അദ്ദേഹം വടി രണ്ടാമത്തെ കരടിക്ക് നേരെ നീട്ടി അതിനെ പ്രഹരിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ വടി ഒടിഞ്ഞ് രണ്ട് കഷ്ണങ്ങളായി പോയി. വടികണ്ട് ഭയന്ന ആദ്യത്തെ കരടി അപ്പോഴേക്കും പിൻവാങ്ങി. രണ്ടാമത്തെ കരടിയും അൽപ ദൂരം പിന്നലേക്കോടിയെങ്കിലും വീണ്ടും പർവതാരോഹകനു നേരെ ഓടിയടുത്തു. താഴെ വീണു കിടന്ന വടിയുടെ ഒരു ഭാഗമെടുത്ത് അദ്ദേഹം കരടിയുടെ കാലുകൾ ലക്ഷ്യമാക്കി എറിയുന്നത് വിഡിയോയിൽ കാണാം. ഇതോടെ അദ്ദഹേത്തെ  കീഴ്പ്പെടുത്താനാവില്ലെന്ന തോന്നലിൽ രണ്ട് ധ്രുവക്കരടികളും അപ്പോൾ തന്നെ അവിടെ നിന്നും മടങ്ങുകയും ചെയ്തു.

 

റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങൾ ഏറെ അമ്പരപ്പോടെയാണ് ആളുകൾ കണ്ടത്. വടി കയ്യിൽ കരുതിയിരിക്കുന്ന മനുഷ്യനെ ഭയക്കണമെന്നും ലോകം മുഴുവൻ  കീഴടക്കാൻ മനുഷ്യർക്ക് അത് മാത്രമേ വേണ്ടൂവെന്നും കരടികൾ മനസ്സിലാക്കി എന്നാണ് ചിലരുടെ പ്രതികരണം. അതേസമയം കയ്യിൽ കിട്ടിയ വടി ധ്രുവക്കരടികൾക്ക് നേരെയെറിഞ്ഞത് ബുദ്ധിശൂന്യമായ പ്രവർത്തിയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. മൂന്നാമതൊരുതവണ ആക്രമണത്തിനായി കരടികൾ മുതിർന്നിരുന്നുവെങ്കിൽ പ്രതിരോധിക്കാൻ ആയുധമില്ലാതെ അദ്ദേഹം അപകടത്തിലാകുമായിരുന്നുവെന്നാണ് ഇവരുടെ വാദം.

 

English Summary: Man Fights Off Giant Polar Bears With Nothing But Sticks, Bizarre Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com