ADVERTISEMENT

വലുപ്പത്തിൽ മുന്നിലല്ലെങ്കിലും കാട്ടിലെ ഏറ്റവും അപകടകാരികളായ ജീവികളായാണ് സിംഹങ്ങൾ അറിയപ്പെടുന്നത്. കൂറ്റൻ ആനകളെ പോലും ആക്രമിച്ചു കീഴ്പ്പെടുത്താനും ഇവയ്ക്കു മടിയില്ല. അപ്പോൾ കാണ്ടാമൃഗങ്ങൾ സിംഹങ്ങൾക്ക് മുന്നിൽ അകപ്പെട്ടാലോ?  അവയുടെ കഥ കഴിഞ്ഞതു തന്നെ എന്നു നമ്മൾ കരുതും. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഈ  വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശക്തിയുടെ കാര്യത്തിൽ കാണ്ടാമൃഗങ്ങളും ഒട്ടും പിന്നിലല്ല. കാണ്ടാമൃഗങ്ങളെ കണ്ട്  ഭയന്ന് പിന്തിരിഞ്ഞു പോകുന്ന സിംഹങ്ങളുടെ വിഡിയോയാണിത്.

 

സഫാരിക്കിടെ സഞ്ചാരികൾ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. വനപാതയിൽ രണ്ട് സിംഹങ്ങൾ വിശ്രമിക്കുന്നത് വിഡിയോയിൽ കാണാം.  അല്പസമയത്തിന് ശേഷം രണ്ട് കാണ്ടാമൃഗങ്ങൾ ആ വഴി നടന്നുവന്നു. സാധാരണഗതിയിൽ സിംഹങ്ങളെ കണ്ട് കാണ്ടാമൃഗങ്ങൾ വഴിമാറി പോകാനാണ് സാധ്യത. എന്നാൽ ഇവിടെ കാര്യങ്ങൾ മറിച്ചായിരുന്നു. കാണ്ടാമൃങ്ങളെ കണ്ടതോടെ സിംഹങ്ങളിലൊന്ന് ഓരേറ്റുമുട്ടൽ ഒഴിവാക്കാനെന്നപോലെ അവിടെ നിന്നും എഴുന്നേറ്റു.

 

തൊട്ടു പിന്നാലെ രണ്ടാമത്തെ സിംഹവും എഴുന്നേറ്റ് കാണ്ടാമൃഗങ്ങൾക്ക് നടന്നുപോകാൻ സൗകര്യമൊരുക്കാനായി വഴിയുടെ വശത്തെ കുറ്റിക്കാട്ടിലേക്ക് കയറി നിൽക്കുകയായിരുന്നു. അതേസമയം കാണ്ടാമൃഗങ്ങളാകട്ടെ സിംഹങ്ങളെ കണ്ടതിന്റെ ഭയമേതുമില്ലാതെ അവയ്ക്ക് തൊട്ടരികിലെത്തുകയും ചെയ്തു. അപ്പോഴേക്കും പാതയുടെ മറുവശത്തേക്ക് രണ്ട് സിംഹങ്ങളും നടന്നു നീങ്ങിയിരുന്നു. സിംഹങ്ങൾ കിടന്നിരുന്ന സ്ഥലത്ത് അൽപസമയം നിന്ന ശേഷം കാണ്ടാമൃഗങ്ങളും മുന്നോട്ട് നടന്നു. 

 

കൗതുകമുണർത്തുന്ന ഈ വിഡിയോ വളരെ വേഗം ജനശ്രദ്ധ നേടിയിട്ടുണ്ട്. കാണ്ടാമൃഗങ്ങളാണ് കാട്ടിലെ രാജാക്കന്മാർ എന്ന തലക്കെട്ടോടെയാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. അതേസമയം മനുഷ്യർക്ക് വലിയൊരു പാഠമാണ് സിംഹങ്ങൾ പകർന്നുതരുന്നത് എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

സ്വന്തം ജീവന് ആപത്ത് വരുമ്പോഴോ വിശക്കുമ്പോഴോ മാത്രമാണ് മൃഗങ്ങൾ മറ്റു ജീവികളെ ആക്രമിക്കുന്നത്. വലിയവരാണെന്ന് കാണിക്കാനും സന്തോഷത്തിനുമായി മറ്റു ജീവികളെ ഉപദ്രവിക്കാൻ മൃഗങ്ങൾ ഒരിക്കലും കൂട്ടാക്കില്ലെന്നതാണ് സിംഹങ്ങളുടെ പ്രവർത്തി പകർന്നു നൽകുന്ന പാഠമെന്ന് ഇവർ പറയുന്നു.

 

അതുമാത്രമല്ല മറ്റു ജീവികളോട് കരുതൽ കാണിക്കാനും പലപ്പോഴും മൃഗങ്ങൾക്ക് മടിയില്ലെന്നും വിഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. അതേസമയം കാണ്ടാമൃഗങ്ങൾ പ്രായത്തിൽ മുതിർന്നവരാണെന്നും ചെറുപ്പക്കാരായ സിംഹങ്ങൾ പ്രായത്തെ ബഹുമാനിച്ച കാഴ്ചയാണ് ഇതെന്നും രസകരമായ കമന്റുകളുമുണ്ട്. മറ്റുള്ളവയെ ആക്രമിക്കാനുള്ള കഴിവുകൊണ്ട് മാത്രമല്ല ഒരാൾ രാജാവാകുന്നതെന്നും അത് പെരുമാറ്റത്തിലൂടെ കാണിച്ചു തരികയാണ് സിംഹങ്ങൾ ചെയ്യുന്നതെന്നും അഭിപ്രായമുണ്ട്

 

Environment: Rhinos scare away two lions; strange behaviour caught on camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com