ADVERTISEMENT

രാജ്യാന്തരതലത്തിൽ ഏറ്റവും പ്രശസ്തനായ ആന ഏതാണെന്നറിയാമോ? ആ ആനയാണ് ജംബോ. ഇന്നു നമ്മൾ ആനകളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങൾക്കും ജംബോ എന്ന പദം ഉപയോഗിക്കാറുണ്ട്. ആനകളെ മാത്രമല്ല, വലുപ്പം കൂടിയ എന്തിനെയും നമ്മൾ ജംബോ എന്ന പേരു കൊണ്ട് സംബോധന ചെയ്യും. ഇതെല്ലാം വന്നത് ജംബോ ആനയിൽ നിന്നാണ്. ജംബോയുടെ കഥയൊരു സങ്കടക്കഥയാണ്. ആഫ്രിക്കൻ ആന വിഭാഗത്തിൽ പെട്ടതാണ് ജംബോ. ആഫ്രിക്കയിൽ സുഡാൻ– ഇത്യോപ്യ അതിർത്തിയിൽ 1861ൽ ജനിച്ച ജംബോയ്ക്ക് രണ്ടു വയസ്സ് തികയും മുൻപ് തന്നെ അവന്റെ അമ്മ വേട്ടക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ചാം വയസ്സിനുള്ളിൽ ജംബോയെ യൂറോപ്പിലെത്തിച്ചു. അവിടെ അവനെ ലണ്ടൻ മൃഗശാലയിൽ പാർപ്പിച്ചു.

 

ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ആനക്കുട്ടനായി താമസിയാതെ ജംബോ മാറി. ജംബോയുടെ പുറത്തുകയറി സഫാരി നടത്താൻ ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. വിക്ടോറിയ മഹാറാണി, തിയഡോർ റൂസ്‌വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയ പ്രമുഖരൊക്കെ ജംബോയുടെ പുറത്ത് സഫാരി നടത്തിയിട്ടുണ്ട് . ഒട്ടേറെ പരസ്യങ്ങളിലും മറ്റും ജംബോ പ്രത്യക്ഷപ്പെടാനും തുടങ്ങി. ആദ്യകാലത്ത് ശരീരവലുപ്പം കുറവായിരുന്ന ജംബോ ലണ്ടനിലെത്തിയശേഷം വലിയ വളർച്ച നേടി. സാധാരണ ആഫ്രിക്കൻ ആനകളെക്കാൾ വലുപ്പമുണ്ടായിരുന്നു ജംബോയ്ക്ക്. അമ്മയുടെ സ്നേഹം ലഭിക്കാത്തതിനാലാകണം, ഇതിനിടെ അവൻ ചില്ലറ ദേഷ്യമൊക്കെ കാട്ടിത്തുടങ്ങി. ബ്രിട്ടനിൽ തരക്കേടില്ലാതെ ജീവിച്ചുവന്ന ജംബോയെ ഇതിനിടെ അമേരിക്കയിലെ ബാർണം ആൻഡ് ബെയിലി എന്ന സർക്കസ് കമ്പനിയുടെ ഉടമ പി.ടി.ബാർണത്തിന് വിറ്റു. ജംബോയ്ക്ക് മുപ്പതിനായിരം യുഎസ് ഡോളറാണു വിലയായി നൽകിയത്. വലിയൊരു തുകയായിരുന്നു അത്. താമസിയാതെ ജംബോയെ അമേരിക്കയിലേക്ക് അയക്കാൻ മൃഗശാല അധികൃതർ തീരുമാനിച്ചു.

 

‍ഈ തീരുമാനം ബ്രിട്ടനിൽ പ്രതിഷേധമുയർത്തി. പതിനായിരത്തിലധികം സ്കൂൾ വിദ്യാർഥികൾ ജംബോയെ വിടരുതെന്ന് ആവശ്യപ്പെട്ട് വിക്ടോറിയ റാണിക്കു കത്തെഴുതി. എല്ലാ ദിവസവും ഒട്ടേറെ ബ്രിട്ടിഷുകാർ മൃഗശാലയിലെത്തുകയും ജംബോയെ തൊട്ടുതലോടി അവനു ഭക്ഷണം നൽകി തങ്ങളുടെ സ്നേഹം അറിയിക്കുകയും ചെയ്തു. എന്നാൽ ഫലമൊന്നുമുണ്ടായില്ല. ജംബോയെ ഒരു വലിയ തടിക്കൂട്ടിലാക്കി, കപ്പലിലേറ്റി. കപ്പൽ അമേരിക്കയ്ക്കു തിരിച്ചു. ഒരു പ്രശ്നമുണ്ടായിരുന്നു. ജംബോ, മാത്യു സ്കോട്ട് എന്ന തന്റെ പാപ്പാനെ അല്ലാതെ മറ്റാരെയും അനുസരിച്ചിരുന്നില്ല. ജംബോയുടെ പാപ്പാനായി സ്കോട്ടിനെ തന്നെ നിയമിച്ചു. അയാളെയും അമേരിക്കയ്ക്കു കൂട്ടി. പതിനായിരക്കണക്കിന് ആളുകളാണ് ജംബോയുടെ വരവ് കാത്ത് ന്യൂയോർക്ക് തുറമുഖത്ത് കാത്തു നിന്നത്. 

തടിക്കൂട്ടിന്റെ വാതിൽ തുറന്ന് ജംബോ ആദ്യമായി പുറത്തെത്തിയപ്പോൾ തന്നെ ജനക്കൂട്ടം ആർത്തു വിളിച്ചു. താമസിയാതെ സർക്കസിൽ ജംബോയെ പ്രദർശിപ്പിച്ചു തുടങ്ങി. രണ്ടാഴ്ച കൊണ്ടു തന്നെ ജംബോയെ വാങ്ങാനും അമേരിക്കയിലെത്തിക്കാനും വേണ്ടി വന്ന തുകയിൽ കൂടുതൽ പ്രദർശനഫീസായി ബാർണത്തിനു ലഭിച്ചു. മൂന്നു വർഷം ബാർണം ആൻഡ് ബെയിൽ സർക്കസ് കമ്പനിയുടെ പ്രധാനതാരമായി ജംബോ ശോഭിച്ചു. അമേരിക്കയിലും അയൽരാജ്യങ്ങളിലുമെല്ലാം നിരവധി സർക്കസ് പ്രദർശനങ്ങളിൽ അവൻ പങ്കെടുത്തു. 

1885 സെപ്റ്റംബർ 12 ന് കാനഡയിലെ ഒന്റാരിയോയിൽ ഒരു പ്രദർശനത്തിനു ശേഷം റെയിൽവേസ്റ്റേഷനിൽ എത്തിച്ചതായിരുന്നു ജംബോയെയും ടോം തമ്പ് എന്ന കുട്ടിയാനയെയും. ട്രെയിനിൽ ഇവരെ അടുത്ത സ്ഥലത്തെത്തിക്കാനായിരുന്നു നീക്കം. ടോം തമ്പ് ഇതിനിടെ ട്രാക്കിലേക്കു കടന്നുകയറി. എന്നാൽ ഷെഡ്യൂൾ ചെയ്യാത്ത ഒരു ഗുഡ്സ് ട്രെയിൻ അവരുടെ സമീപത്തേക്ക് ഇരച്ചെത്തിയത് അപ്പോഴായിരുന്നു. ടോം തമ്പിനെ രക്ഷിക്കാൻ ജംബോ ആവുന്നത്ര ശ്രമിച്ചു. ശ്രമം വിജയിച്ചു. ടോം തമ്പിന്റെ ഒരു കാൽ ഒടിയുക മാത്രമാണ് ചെയ്തത്. എന്നാൽ ജംബോ...അവനെ ട്രെയിൻ ശക്തിയായി ഇടിച്ചു. 

300 അടിയോളം ദൂരം തള്ളിനീക്കി. ആ ഇടിയുടെ ആഘാതത്തിൽ ജംബോ മരിച്ചു. എന്നാൽ പ്രചരിക്കുന്ന കഥ ഇതാണെങ്കിലും ആരോഗ്യം നഷ്ടമായിക്കൊണ്ടിരുന്ന ജംബോയെ മനപൂർവം ബാർണം കമ്പനി ട്രെയിനിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നും ഒരു വാദമുണ്ട്. ഇതിനു ശേഷം ജംബോയുടെ ശരീരം കമ്പനി സ്റ്റഫ് ചെയ്ത് സൂക്ഷിച്ചു. പിൽക്കാലത്ത് തങ്ങളുടെ പല ഷോകളിലും ആളുകളെ ആകർഷിക്കാനായി ഈ സ്റ്റഫ് ചെയ്യപ്പെട്ട ശരീരം അവർ ഉപയോഗിച്ചു. പിന്നീട് ഇത് യുഎസിലെ ടഫ്റ്റ്സ് സർവകലാശാലയുടെ മ്യൂസിയത്തിലേക്കു മാറ്റി. എന്നാൽ 1975 ൽ ഇവിടെ സംഭവിച്ച ഒരു തീപിടിത്തത്തിൽ ജംബോയുടെ ശരീരം നശിച്ചുപോയി.

English Summary: The Incredibly Sad Story of Jumbo, the Most Famous Elephant of the 19th Century

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com