ADVERTISEMENT

സ്വസ്ഥമായ ഒരു ജീവിതം ആഗ്രഹിച്ചാണ് അമേരിക്കക്കാരിയായ ആംബർ ഹോൾ എന്ന വനിത കൊളറാഡോയിൽ തന്റെ സ്വപ്നഭവനം സ്വന്തമാക്കിയത്. രണ്ടു മക്കളുമൊത്ത് ജീവിക്കാൻ വേണ്ട മതിയായ സൗകര്യങ്ങളുള്ള വീട് ആംബറിന് അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ വീട്ടിൽ താമസമാക്കി ഏതാനും ആഴ്ചകൾക്കുള്ളിൽ നടുക്കുന്ന അനുഭവമാണ് ആംബറിനെ കാത്തിരുന്നത്. വീടിന്റെ ഭിത്തിയിൽ നിറയെ പാമ്പുകൾ ഒളിച്ചിരിക്കുകയാണെന്ന് ഇവർ കണ്ടെത്തുകയായിരുന്നു. 

രണ്ടു വളർത്തുനായകൾക്കൊപ്പമാണ് ആംബർ പുതിയ വീട്ടിലേക്കെത്തിയിരുന്നത്. പെട്ടെന്നൊരു ദിവസം അവയിലൊന്ന് എന്തോ കണ്ട് ഭയന്നത് പോലെ പതുങ്ങി ഗ്യരേജിന്റെ മൂലയിലേക്ക് നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ പോയ ആംബർ അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഗ്യരേജിന്റെ ഭിത്തിയിലെ ഒരു വിള്ളലിനുള്ളിലൂടെ അനേകം പാമ്പുകൾ ഇഴഞ്ഞു നീങ്ങുന്ന കാഴ്ച. സ്വതവേ പാമ്പുകളെ അങ്ങേയറ്റം ഭയമുള്ള ആംബർ ഇതുകണ്ട് ഭയന്ന് നിലവിളിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറി.

എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചെങ്കിലും സംയമനം വീണ്ടെടുത്ത് ആനിമൽ കൺട്രോൾ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തു. ആനിമൽ കൺട്രോളിൽ നിന്നെത്തിയ പാമ്പ് പിടുത്ത വിദഗ്ധർ നടത്തിയ പരിശോധനകൾക്ക് ഒടുവിൽ ഗ്യരേജിനുള്ളിൽ നിന്നും ഒന്നും രണ്ടുമല്ല മുപ്പതിനടുത്ത് പാമ്പുകളെയാണ് പിടികൂടിയത്. പാമ്പു ഭയം വിട്ടൊഴിഞ്ഞെങ്കിലും അതിനടുത്ത ദിവസങ്ങളിലും ഒന്നോ രണ്ടോ എണ്ണത്തിനെ വീതം അതേ പ്രദേശത്ത് തന്നെ കാണുന്നുണ്ടായിരുന്നു എന്ന് ആംബർ പറയുന്നു.  

എന്താണ് പ്രശ്നം എന്ന് മനസ്സിലാകാതെ വന്നതോടെ അവർ പെസ്റ്റ് ഇൻസ്പെക്ടർമാരുടെ സഹായവും തേടി. വീട്ടിൽ പരിശോധന നടത്തിയ വിദഗ്ധർ നൽകിയ വിവരം ആരുടെയും ഉറക്കം കെടുത്തുന്ന ഒന്നായിരുന്നു. ആംബറിന്റെ വീടിനടിയിലുള്ള ഏതോ ഗൂഢ സങ്കേതത്തിൽ നൂറുകണക്കിന് പാമ്പുകൾ ഉണ്ടാവാനാണ് സാധ്യത യെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വീടിന്റെ ഒരു ഭാഗത്തെ തട്ട് പൊളിച്ചു നീക്കി ചുറ്റുമുള്ള കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്താൽ മാത്രമേ പെസ്റ്റ് കൺട്രോൾ വിദഗ്ധർ പറഞ്ഞ ഭാഗത്തേക്ക് ഇറങ്ങി പാമ്പുകളെ പിടികൂടാനോ നീക്കം ചെയ്യാനോ സാധിക്കൂ.എന്നാൽ തന്റെ ജീവിതത്തിലെ എല്ലാ സമ്പാദ്യവും വീടിനായി ചെലവിട്ടു കഴിഞ്ഞതിനാൽ  വീടിന്റെ ഒരു ഭാഗം പൊളിച്ച് പുനർനിർമിക്കാനുള്ള സാമ്പത്തികശേഷിയും ആംബറിനില്ല.

മറ്റൊരു വീട്ടിലേക്ക് മാറാമെന്ന് ചിന്തിക്കാൻ സാധിക്കാത്തതും ഇതേ കാരണം കൊണ്ടുതന്നെയാണ്. നിലവിൽ കയ്യിൽ ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം തട്ടു പൊളിച്ചു നീക്കാനും പാമ്പുകളെ പിടികൂടാനുമായി സമ്പാദിച്ചു വയ്ക്കുകയാണ് ഇവർ. ഗാർട്ടർ ഇനത്തിൽപ്പെട്ട പാമ്പുകൾ പൊതുവേ എത്ര അപകടകാരികളല്ലെങ്കിലും രണ്ടു മുതൽ നാലടി വരെ നീളമുള്ള പാമ്പുകൾ വീടിന്റെ പരിസരത്ത് യഥേഷ്ടം ചുറ്റിത്തിരിയുന്ന കാഴ്ച നടുക്കുന്നത് തന്നെയാണ്. വീടിനും ഗ്യരേജിനും ഇടയിലുള്ള ഭിത്തിയിൽ കൈവച്ചാൽ ഉള്ളിൽ പാമ്പുകളുടെ അനക്കം തൊട്ടറിയാൻ പോലും സാധിക്കും. 

പൊതുവേ പാമ്പുകളെ ഗ്യരേജിലാണ് കാണുന്നതെങ്കിലും രണ്ടോ മൂന്നോ വട്ടം അവയെ വീടിനുള്ളിലും കണ്ടിരുന്നതായി ആംബർ പറയുന്നു. നിലവിൽ ഉറങ്ങാനോ ബാത്റൂം പോലും സ്വസ്ഥമായി ഉപയോഗിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ആംബറും മക്കളും ഇവിടെ ജീവിക്കുന്നത്. തൊട്ടടുത്ത് ഒരു ഇല വീഴുന്ന അനക്കം കേട്ടാൽ പോലും ഭയന്ന് നിലവിളിക്കുകയാണ് തങ്ങളെന്ന് നിസ്സഹായയായി ഇവർ പറയുന്നു.

English Summary: She bought her dream home. Then she noticed the snakes in her wall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com