തെരുവിൽ കിടന്ന് അടിപിടി; എതിരാളിയെ പെരുമ്പാമ്പിനെ ഉപയോഗിച്ച് പ്രഹരിച്ച് യുവാവ്– വിഡിയോ

Man Uses His Pet Python As A Weapon During Street Fight In Canada
Grab Image from video shared on Twitter by Crazy Clips/ crazyclipsonly
SHARE

തെരുവിൽ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. വഴക്കിനിടെ എതിരാളിയെ തോൽപ്പിക്കാൻ വളർത്തു പെരുമ്പാമ്പിനെയെടുത്ത് വീശിയടിക്കുകയായിരുന്നു ലൊറേനിയോ അവില എന്ന യുവാവ്. ഇണക്കി വളർത്തുന്ന പെരുമ്പാമ്പിനെ കയ്യിലെടുത്ത് ഇയാൾ എതിരാളിയെ ആക്രമിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. ദുൻഡാസ് എന്ന തെരുവിലെ റോഡിൽ വച്ചാണ് ഇരുവരും വഴക്കിട്ടത്. വഴക്ക് കയ്യാങ്കളിയിലേക്കെത്തിയതോടെ റോഡിനു നടുവിലേക്ക് ഇരുവരുമിറങ്ങി. ഇതിനിടെയാണ് ലൊറേനിയോ പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ പ്രഹരിക്കാൻ തുടങ്ങിയത്. വടി ഉപയോഗിച്ചെന്നപോലെ പാമ്പിനെ എടുത്ത് എതിരാളിയുടെ ശരീരത്തിൽ തലങ്ങും വിലങ്ങും ഇയാൾ പ്രഹരിക്കുകയായിരുന്നു. തെരുവിൽ ധാരാളമാളുകൾ ഈ കാഴ്ച കണ്ട് നിൽക്കുന്നുണ്ടായിരുന്നെങ്കിലും അവരാരും ഇരുവരെയും പിടിച്ചു മാറ്റാൻ തയാറായില്ല.

നിമിഷങ്ങൾക്കുള്ളിൽ പൊലീസ് വാഹനവും അവിടേക്കെത്തി. പൊലീസുകാർ തൊട്ടടുത്തെത്തുന്നത് വരെ ലൊറേനിയോ പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ചു കൊണ്ടിരുന്നു.ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നിറങ്ങിയതോടെ ഇയാൾ പാമ്പിനു മേലുള്ള പിടിവിട്ടു. നിലത്തു വീണ പാമ്പ് സെക്കൻഡുകൾകൊണ്ട് രക്ഷപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയിൽ കാണാം. ഇരുവരോടും തറയിൽ കമഴ്ന്ന് കിടക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. 

വഴക്ക് കണ്ടുനിന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞതനുസരിച്ചാണ് തങ്ങൾ സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആയുധം ഉപയോഗിച്ചുള്ള ആക്രമണവും മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയുമാണ് ലൊറേനിയോയിക്കു മേൽ ചുമത്തിരിക്കുന്ന കുറ്റങ്ങൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.  അതേസമയം തെരുവിൽ നടന്ന വഴക്കിന്റെ ദൃശ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടി. ഒന്നരക്കോടിക്കടുത്ത് ആളുകളാണ് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കാഴ്ചക്കാരിലൊരാൾ പകർത്തിയ വിഡിയോ കണ്ടത്.

ഇതോടെ ലൊറേനിയോയിക്കെതിരെ രൂക്ഷ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. ജീവനുള്ള ഒന്നാണെന്ന ചിന്ത പോലുമില്ലാതെ പെരുമ്പാമ്പിനെ ഉപയോഗിച്ചതിന് ഇയാൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന ആവശ്യമാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്ന് മറ്റുചിലർ കുറിച്ചു. അതേസമയം ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ അവസ്ഥയെന്താണെന്നും അത് ജീവനോടെയുണ്ടാവുമോ എന്നും ആശങ്ക പ്രകടിപ്പിക്കുന്നവരും ഏറെയാണ്.

പാമ്പുകൾ പോലെയുള്ള വന്യജീവികളെ വീടുകളിൽ വളർത്താൻ അനുമതി നൽകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. ഏതു സാഹചര്യത്തിലാണ് ഇയാൾ പെരുമ്പാമ്പുമായി പുറത്തിറങ്ങിയതെന്നതാണ് മറ്റുചിലരെ ചിന്തിപ്പിക്കുന്നത്. ഇയാൾക്ക് തക്കതായ ശിക്ഷ കിട്ടിയെന്ന് അറിയുന്നതുവരെ സമാധാനമുണ്ടാകില്ലെന്നാണ് ചിലരുടെ പ്രതികരണം.

English Summary: Man Uses His Pet Python As A Weapon During Street Fight In Canada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS