കിടന്നുറങ്ങിയ ആൾ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മഹാരാഷ്ട്രയിലെ ജുന്നറിൽ കല്യാൺ നഗർ ഹൈവേയ്ക്ക് സമീപമാണ് സംഭവം. ഗാരിജിൽ കിടന്നുറങ്ങുകയായിരുന്ന ഉടമയുടെ മകൻ സുധാകർ ശർമയുടെ സമീപത്തേക്കാണ് രാത്രിയിൽ പുള്ളിപ്പുലി പതുങ്ങിയെത്തിയത്. ഇവിടെ തറയിൽ കിടന്നുറങ്ങുകയായിരുന്ന നായയെ പുലി കടിച്ചതോടെ അത് ഉറക്കെ കരഞ്ഞു. ഇതുകേട്ടാണ് സുധാകർ ശർമ ഉണർന്നത്. കണ്ണു തുറന്നപ്പോൾ കണ്ടത് നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി ഓടിമറയുന്നതാണ്.
കലൂസിലെ ജാചക് വസ്തി നിവാസികൾ പുലി ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. മേഖലയിൽ പുലികൾ ഇറങ്ങുന്നത് പതിവാണ്. രാത്രിയും പുലർച്ചയുമൊക്കെ പുറത്തിറങ്ങാൻ പോലും ഭയമാണ് പ്രദേശവാസികൾക്ക്. സമീപത്തുള്ള കരിമ്പിൻ പാടങ്ങളും വാഴത്തോട്ടങ്ങളുമൊക്കെയാണ് ഇവ താവളമാക്കിയിരിക്കുന്നത്. രാത്രിയിൽ ജനവാസകേന്ദങ്ങളിലിറങ്ങുന്ന പുലികൾ വളർത്തു നായകളെയും തെരുവുനായകളെയും ലക്ഷ്യമാക്കിയെത്തുന്നതും അവയെ ഇരയാക്കുന്നതും പതിവാണ്.
English Summary: CCTV footage captures leopard attack on pet dog