കയാക്കിങ്ങിനിടെ സ്രാവിന്റെ ആക്രമണം; ബോട്ടിൽ കടിച്ച് ടൈഗർ സ്രാവ്– വിഡിയോ

Man pushes away tiger shark that attacked his kayak. Watch hair-raising video
Grab image from video shared on Youtube by Hawaii Nearshore Fishing
SHARE

കയാക്കിങ്ങിനിടെ വിനോദത്തിനായി മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിൽ കടിച്ച് ടൈഗർ സ്രാവ്. ഹവായിലാണ് സംഭവം. മീൻപിടുത്തത്തിനാണെങ്കിലും വിനോദത്തിനാണെങ്കിലും കടലിലിറങ്ങുമ്പോൾ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. കടൽ ജീവികളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കാം. വേണ്ടത്ര സുരക്ഷാ മുൻകരുതലുകളും പരിശീലനവുമില്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടമായെന്നുവരാം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഹവായിൽ കയാക്കിങ്ങിന് ഇറങ്ങിയ ഒരു വ്യക്തി നേരിട്ട ഭയാനകമായ ഒരു അനുഭവം ഇക്കാര്യമാണ് ഓർമിപ്പിക്കുന്നത്. കയാക്കിങ്ങിനിടെ വിനോദത്തിനായി മീൻ പിടിക്കുകയായിരുന്ന ഇയാളുടെ ബോട്ടിൽ കൂറ്റനൊരു ടൈഗർ സ്രാവാണ് കടിച്ചത്.

ക്വാലോവയിലെ തീരത്തു നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലെ സമുദ്രത്തിൽ കയാക്കിങ് നടത്തുകയായിരുന്നു സ്കോട്ട് ഹരാഗുഷി. മീൻപിടുത്തത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ ക്യാമറയും ഓൺ ചെയ്തു വച്ചായിരുന്നു സ്കോട്ടിന്റെ സഞ്ചാരം. പെട്ടെന്നാണ് മോട്ടോർ ഇല്ലാത്ത ബോട്ടിന്റേതിന് സമാനമായ ഒരു ശബ്ദം സമീപത്തായി സ്കോട്ട് കേട്ടത്. അപരിചിതമായ ശബ്ദം കേട്ട് അത് എന്താണെന്നറിയാൻ നാലുപാടും നോക്കിയെങ്കിലും തുടക്കത്തിൽ ഒന്നിനെയും അദ്ദേഹത്തിന് കണ്ടെത്താനായില്ല.

നിമിഷങ്ങൾക്കുള്ളിൽ ബോട്ടിൽ നിന്നും അല്പം അകലെയായി തവിട്ടു നിറത്തിലുള്ള എന്തോ ഒന്ന് വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഉയർന്നു വരുന്നത്കണ്ടു. ആദ്യ കാഴ്ചയിൽ അതൊരു കടലാമയാവുമെന്നാണ് സ്കോട്ട് കരുതിയത്. എന്നാൽ അല്പം കൂടി ഉയർന്നുവന്നതോടെ ചിത്രം വ്യക്തമായി. കൂറ്റനൊരു ടൈഗർ സ്രാവായിരുന്നു അത്. കടലിലെ ഇരപിടിയന്മാരിൽ മുൻനിരയിലുള്ള ടൈഗർ സ്രാവിനെ കണ്ടതും ഭയന്നു പോയതായി സ്കോട്ട് പറയുന്നു. എന്ത് ചെയ്യണമെന്ന് ചിന്തിക്കാനാവും മുമ്പ് തന്നെ സ്രാവ് അതിവേഗത്തിൽ സ്കോട്ടിന്റെ ബോട്ടിനരികിലെത്തി.

ആക്രമിക്കാനെത്തിയ സ്രാവ് ബോട്ടിൽ ചാടി കടിക്കുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതിശക്തമായ ആക്രമണത്തിൽ ബോട്ടിന്റെ ദിശ തന്നെ മാറി പോയിരുന്നു. എന്നാൽ പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത സ്കോട്ട് തന്റെ കാലുകൾ ഉപയോഗിച്ച് സ്രാവിന്റെ ശരീരത്തിൽ ശക്തിയായി തള്ളിയതോടെ അത് ബോട്ടിനു മേലുള്ള പിടിവിട്ടു. ഇക്കാര്യങ്ങളെല്ലാം സെക്കൻഡുകൾ കൊണ്ട് സംഭവിക്കുകയായിരുന്നുവെന്ന് സ്കോട്ട് പറയുന്നു. പിന്നീട് അദ്ദേഹം മീൻപിടുത്തം തുടരുകയും ചെയ്തു. എന്നാൽ വീട്ടിലെത്തി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എത്രത്തോളം അപകടകരമായ രംഗമായിരുന്നു അതന്ന് സ്കോട്ട് പോലും തിരിച്ചറിഞ്ഞത്.

അദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കയാക്കിങ്ങിനിടെ അതേ പ്രദേശത്ത് തന്നെ മുറിവേറ്റ നിലയിൽ ഒരു നീർനായേയും സ്കോട്ട് കണ്ടിരുന്നു. നീർനായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബോട്ട് കണ്ട സ്രാവ് അത് തന്റെ ഇരയായിരിക്കുമെന്ന് തെറ്റിദ്ധരിച്ചാവാം ആക്രമണത്തിന് മുതിർന്നത് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേദിവസം ആറു മീറ്റർ നീളമുള്ള സ്രാവിനെ  കണ്ടതായി ചൂണ്ടിക്കാട്ടി തീരദേശ അധികൃതർ നോർത്ത് ബീച്ചിലേക്കുള്ള പ്രവേശനം നിരോധിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്കോട്ടുമായി ഏറ്റുമുട്ടൽ നടത്തിയ സ്രാവ് തന്നെയാണോ ഈ മേഖലയിൽ കാണപ്പെട്ടത് എന്ന് വ്യക്തമല്ല.

English Summary: Man pushes away tiger shark that attacked his kayak. Watch hair-raising video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS