ജപ്പാനിലെ വടക്കൻ ഹൊക്കെയ്ഡോ ദ്വീപിലെ ഷുമാറിനെ തടാകത്തിനു സമീപം ഉടലിൽ നിന്ന് വേർപ്പെട്ട നിലയിൽ മനുഷ്യന്റെ തല കണ്ടെത്തി. ഇത് അതേ പ്രദേശത്തുവച്ച് കാണാതായ മീൻപിടുത്തക്കാരന്റേതാണെന്ന് സംശയം. കരടിയുടെ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതാകാം എന്ന അനുമാനങ്ങൾക്കിടെയാണ് തടാകത്തിനു സമീപം തല കണ്ടെത്തിയത്. തൊഷിഹിറോ നിഷിക്കാവ എന്ന വ്യക്തിയാണ് തടാകക്കരയിൽ മീൻപിടിക്കാനെത്തിയത്. ഇദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം ബോട്ട് മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.
എന്നാൽ തൊഷിഹിറോ ഇറങ്ങി അൽപ സമയത്തിനുശേഷം അതേ പ്രദേശത്ത് കരടിയെ കണ്ടതോടെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരിൽ ഒരാൾ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ല. പിന്നീട് തൊഷിഹിറോയെ കാണാതായതായി സ്ഥിരീകരിക്കുകയായിരുന്നു. ബോട്ട് ജീവനക്കാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തൊഷിഹിറോയേയും കരടിയെയും കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഒടുവിൽ കണ്ടെത്തിയ കരടിയെ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
പിന്നീടാണ് അദ്ദേഹത്തെ കാണാതായ അതേ പ്രദേശത്തു നിന്നു തലയുടെ ഭാഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് തൊഷിഹിറോ കരടിയുടെ ആക്രമണത്തിൽ തന്നെ കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തിച്ചേരുകയായിരുന്നു. കാണാതായ മീൻപിടുത്തക്കാരൻ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. തടാകത്തിന് സമീപപ്രദേശങ്ങളിൽ അപൂർവയിനം മത്സ്യങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഇവിടേക്ക് ധാരാളമാളുകൾ മീൻപിടിക്കാനായി എത്താറുണ്ട്.
എന്നാൽ കരടികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ ജനങ്ങൾ ഈ മേഖലയിലേക്ക് എത്തരുതെന്ന് അടിയന്തര മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ഗ്രിസ്ലി ബെയർ ഇനത്തിൽപ്പെട്ട കരടികൾ ധാരാളമുള്ള മേഖലയാണ് ഹോക്കെയ്ഡോ. ജപ്പാനിലെ വടക്കൻ മേഖലയിൽ പതിനായിരത്തിനടുത്ത് ഗ്രിസ്ലി ബെയറുകൾ ഉണ്ടെന്നാണ് കണക്ക്. അസാമാന്യ വലുപ്പമുള്ള ഇവയുടെ രൂപം ഏറെ ഭയാനകമാണ്. ഏഴടിക്ക് മുകളിൽ ഉയരവും 250 കിലോയോളം ശരീരഭാരവും ഇവയ്ക്കുണ്ടാകും.
English Summary: Japan Fisherman Feared Killed In Bear Attack After Human Head Found At Lake