ADVERTISEMENT

തുറസായ സ്ഥലത്ത് പാമ്പിനെ കണ്ടാൽ പോലും പിന്നീട് അതുവഴി നടക്കാൻ ഭയക്കുന്നവരുണ്ട്. അപ്പോൾ അത്യാവശ്യ കാര്യത്തിനായി മേശവലിപ്പ് തുറക്കുമ്പോൾ അതിനുള്ളിൽ ഒരു പാമ്പിനെ കണ്ടാലോ? അതും ഉഗ്രനൊരു പെരുമ്പാമ്പിനെ. പാമ്പുകളെ ഭയമുള്ളവരാണെങ്കിൽ ഹൃദയസ്തംഭനം വരാൻ മറ്റൊന്നും വേണ്ട. സമാനമായ ഒരു അനുഭവമാണ് ഓസ്ട്രേലിയയിലെ ഒരു ബാർ മാനേജർക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് ഉണ്ടായത്. ക്വീൻസ്‌ലൻഡിലെ ബാറിൽ തന്റെ ഓഫീസ് മുറിയുടെ മേശവലിപ്പ് തുറന്നപ്പോൾ മാനേജർ കണ്ടത് കാർപെറ്റ് പൈതൺ വിഭാഗത്തിൽപ്പെട്ട ഒരു പെരുമ്പാമ്പിനെയാണ്.

 

അപ്രതീക്ഷിതമായ കാഴ്ച കണ്ട്  അദ്ദേഹം നടുങ്ങിപ്പോയി. സാധാരണഗതിയിൽ ഇത്തരം ഒരു സാഹചര്യമുണ്ടായാൽ വിഷമുള്ളതാണോ വിഷമില്ലാത്തതാണോ എന്നൊന്നും കണക്കിലെടുക്കാതെ ആളുകളെ വിളിച്ചുകൂട്ടി പാമ്പിനെ ഉപദ്രവിച്ചാണെങ്കിലും അവിടെനിന്ന് ഒഴിവാക്കാനാവും  ആളുകൾ ശ്രമിക്കുന്നത്. എന്നാൽ ഇവിടെ ബാർ മാനേജരാകട്ടെ പാമ്പിനെ ഉപദ്രവിക്കാൻ ശ്രമിക്കാതെ അപ്പോൾ തന്നെ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് എന്ന സംഘടനയെ വിവരം അറിയിച്ചു.

 

ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടനയിലെ പാമ്പ് പിടുത്ത വിദഗ്ധർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ കയ്യോടെ പിടിക്കപ്പെട്ടതൊന്നുംഅറിയാതെ ഈ സമയമത്രയും പെരുമ്പാമ്പ് മേശയ്ക്കുള്ളിൽ തന്നെ  ചുരുണ്ട് കിടക്കുകയായിരുന്നു. പാമ്പുപിടുത്ത വിദഗ്ധർ തന്നെയാണ് മേശവലിപ്പ് ഒളിത്താവളമാക്കിയ പാമ്പിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അതീവ ശ്രദ്ധയോടെ മേശ തുറന്നു പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യവും സംഘടന പുറത്തു വിട്ടിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്താതെ അനുസരണയോടെ അത് പാമ്പുപിടുത്ത വിദഗ്ധരുടെ ബാഗിനുള്ളിലേക്ക് കയറുകയായിരുന്നു. പിന്നീട് സുരക്ഷിതമായി പെരുമ്പാമ്പിനെ തുറന്നു വിടുകയും ചെയ്തു.

 

എന്തായാലും പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ അത് വളരെ വേഗം ശ്രദ്ധനേടി. ബാർ മാനേജരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് സ്വയം ചിന്തിച്ചുകൊണ്ടാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ പ്രതികരണങ്ങൾ കുറിക്കുന്നത്. ഈ കാഴ്ച കണ്ടിട്ട് ഇനി കുറച്ചു ദിവസത്തേക്ക് മേശ തുറക്കാൻ തന്നെ ഭയമായിരിക്കുമെന്നാണ് മറ്റു ചിലരുടെ കമന്റുകൾ. മാനേജരുടെ മേശയ്ക്കുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾക്ക് ഇതിലും മികച്ച ഒരു സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്താനില്ല എന്ന തരത്തിൽ രസകരമായ കമന്റുകളും പലരും കുറിച്ചു.

 

ഓസ്ട്രേലിയയിൽ ടാസ്മാനിയയിൽ ഒഴികെ എല്ലായിടങ്ങളിലും കാണുന്നവയാണ് കാർപെറ്റ് പൈതണുകൾ.  മറ്റ് പെരുമ്പാമ്പിനങ്ങളെ പോലെ തന്നെ ഇവയും വിഷമുള്ളവയല്ല. എലികൾ, ചെറിയ പക്ഷികൾ, പോസമുകൾ എന്നിവയാണ് കാർപെറ്റ് പൈതണുകളുടെ പ്രധാന ആഹാരം. രണ്ടു മുതൽ നാലു മീറ്റർ നീളത്തിൽ വരെ ഇവ വളരും. 15 കിലോഗ്രാമാണ് ഇവയുടെ ശരാശരി ഭാരം.

 

English Summary: Bar manager finds python inside office drawer, watch how the reptile was rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com