ADVERTISEMENT

വനമേഖലയിൽ മൃഗങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നത് പ്രവചനങ്ങൾക്ക് അതീതമാണ്. പലപ്പോഴും മനുഷ്യന്റെ ചിന്തകൾക്കും പ്രതീക്ഷകൾക്കും നേർവിപരീതമായി പ്രവർത്തിച്ചെന്നും വരാം. അത്തരത്തിൽ തികച്ചും വിചിത്രമായ രീതിയിൽ ഒരു അമ്മ സിംഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ്  ടാൻസാനിയയിൽ നിന്ന് പുറത്തു വരുന്നത്. ജന്മം നൽകിയ കുഞ്ഞിന്റെ തല കടിച്ചു മുറിച്ച് ഭക്ഷിക്കുകയാണ് അമ്മസിംഹം.

 

ഗോരംഗോരോ ക്രേറ്ററിൽ നിന്നാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്. സിംഹങ്ങൾ ധാരാളമുള്ള മേഖലയാണിത്. ഇവിടുത്തെ സിംഹങ്ങളിൽ ഏറെയും കൂട്ടമായി  കഴിയുന്നവയാണ്.  ആധിപത്യത്തോടെ വിഹരിക്കുന്ന ഒരു ആൺ സിംഹവും അനേകം പെൺസിഹങ്ങളും കുഞ്ഞുങ്ങളും ചേരുന്നതാണ് ഇവയുടെ ഒരു കൂട്ടം. എന്നാൽ വനമേഖലയിലൂടെ സഫാരി നടത്തുകയായിരുന്ന ഒരു സംഘം ആളുകൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചയാണ് കണ്ടത്. ജനിച്ച് അധികം ദിവസങ്ങൾ പിന്നിട്ടിട്ടില്ലാത്ത സിംഹക്കുഞ്ഞിനെ കടിച്ചെടുത്ത് ഒരു പെൺ സിംഹം തനിയെ നടന്നു നീങ്ങുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.

 

ഇത് അത്ര സാധാരണമല്ലാത്ത കാഴ്ചയായതിനാൽ സഫാരി വാഹനം നിർത്തി സിംഹത്തിന്റെ ദൃശ്യം പകർത്തുകയും ചെയ്തു. കുഞ്ഞിനെ വായിൽ കടിച്ചെടുത്തായിരുന്നു അമ്മ സിംഹത്തിന്റെ നടത്തം. പുതിയ ഗുഹയിലേക്ക് കുഞ്ഞുങ്ങളെ മാറ്റേണ്ടിവരുമ്പോൾ ഇത്തരത്തിലാണ് സിംഹങ്ങൾ പെരുമാറുന്നത്. ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് അപകടം പറ്റാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുകയും ചെയ്യും. സമാനമായ രീതിയിൽ കുഞ്ഞിനെ സുരക്ഷിതമായെത്തിക്കാനാവും അമ്മ സിംഹം ശ്രമിക്കുന്നതെന്നാണ് കാഴ്ചക്കാർ കരുതിയത്.

 

എന്നാൽ പെട്ടെന്ന് സിംഹം കുഞ്ഞിനെ താഴെ വെച്ചു. പിന്നീട് അതിന്റെ ശരീരത്തിലുടെനീളം നക്കുകയും മുഖം ഉരുമ്മുകയും ചെയ്തു. കുഞ്ഞിനെ കളിപ്പിക്കുകയാണെന്നാണ് ആദ്യ കാഴ്ചയിൽ തോന്നിയത്. എന്നാൽ അമ്മ സിംഹം കുഞ്ഞിനെ പിടിച്ചിരിക്കുന്ന രീതി ഏറെ വിചിത്രമായിരുന്നു. ക്ഷീണം മൂലം വിശ്രമിക്കുകയായിരിക്കും സിംഹമെന്നും അല്പസമയത്തിനുള്ളിൽ കുഞ്ഞിനെയെടുത്ത് അത് വീണ്ടും നടന്നു നീങ്ങുമെന്നും സഞ്ചാരികൾ കരുതിയതായി ദൃശ്യം പകർത്തിയ ക്ലോസ് ബോമർ പറയുന്നു.

 

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മുൻകാലുകൾ നിവർത്തിവച്ച് കുഞ്ഞിനെ താങ്ങിപ്പിടിച്ച സിംഹം വായ പിളർത്തി അതിന്റെ തല അകത്താക്കിയ ശേഷം ശരീരത്തിൽ നിന്നും കടിച്ച് വേർപ്പെടുത്താൻ ശ്രമിച്ചു. അമ്പരപ്പോടെയാണ് സഞ്ചാരികൾ ഈ കാഴ്ച കണ്ടു നിന്നത്. ഒടുവിൽ ഒട്ടും ദയയില്ലാതെ കുഞ്ഞിന്റെ തല അമ്മ സിംഹം അകത്താക്കുകയും ചെയ്തു. 

 

പൊതുവേ കുഞ്ഞുങ്ങളോട് സ്നേഹത്തോടെ പെരുമാറുകയും പരിപാലിക്കുകയും ചെയ്യുന്നവയാണ് സിംഹങ്ങൾ. ആപത്തുകളിൽ അകപ്പെടാതെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ അവ എപ്പോഴും ശ്രമിക്കും. എന്നാൽ ഇവിടെ അമ്മ സിംഹം ഇത്തരത്തിൽ പെരുമാറാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും ഭക്ഷണ ദൗർലഭ്യമോ മാനസികപ്രശ്നങ്ങളോ ആവാം ഇതിനുള്ള കാരണമെന്നാണ് നിഗമനം. ഒടുവിൽ കുഞ്ഞിനെ ഭക്ഷിച്ച ശേഷം അവശിഷ്ടങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ച് സിംഹം നടന്നു നീങ്ങി.

 

English Summary: Lioness Bites Her Cub’s Head Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com