ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് പതിവാണ്. ഉത്തരത്തിൽ ഉത്സവത്തിന് എഴുന്നള്ളിച്ച ആന സമീപത്തു നിന്ന പ്ലാവിൽ നിന്ന് ചക്ക പറിച്ചെടുത്ത് ഭക്ഷിച്ചു. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നെറ്റിപ്പട്ടം കെട്ടിയ ആന പാപ്പാൻമാർക്കൊപ്പം റോഡിലൂടെ നടന്നുവരുന്നത് വിഡിയോയിൽ കാണാം. ആനയുടെ വരവ് കാണാൻ ചുറ്റും ആളുകൾ തടിച്ചു കൂടിയിട്ടുമുണ്ട്. ആനപ്പുറത്ത് മൂന്ന് പേർ ഇരിപ്പുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ ആന സമീപത്തു നിന്ന പ്ലാവിൽ നിന്ന് തുമ്പിക്കൈ ഉയർത്തി ചക്ക പറിച്ച് വായിലാക്കി നടന്നുപോകുന്നത് കാണാം.
ചുറ്റുമുണ്ടായിരുന്നവർ ആനയുടെ പ്രവൃത്തി കണ്ട് ഉച്ചത്തില്‍ ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. കേരളത്തിൽ നിന്നുള്ള ദൃശ്യമാണിത്. എന്നാൽ കൃത്യമായ സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചക്കയ്ക്കരികിൽ നിന്ന് ആനകളെ മാറ്റാനാവില്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടു കഴിഞ്ഞു.
English Summary: Elephant pluck Jackfruit using its trunk, video goes viral