തിമിംഗല കുഞ്ഞിനെ വളഞ്ഞ് കൊലയാളി തിമിംഗലങ്ങൾ: രക്ഷപ്പെടുത്താൻ ശ്രമിച്ച് അമ്മ: വിഡിയോ

Mother Whale Desperately Trying to Save Calf From Brutal Orca Attack
Grab Image from video shared on youtube by Jakz
SHARE

സമുദ്രത്തിലെ ഏറ്റവും അപകടകാരികളായ ഇനമാണ് ഓർക്ക തിമിംഗലങ്ങൾ അഥവാ കൊലയാളി തിമിംഗലങ്ങൾ.  കൂട്ടം ചേർന്ന് ഇരയെയോ എതിരാളികളെയോ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതാണ് ഇവയുടെ പ്രധാന സ്വഭാവ സവിശേഷത. അത്തരത്തിൽ കൺമുന്നിൽ കിട്ടിയ ഗ്രേ വെയിൽ വിഭാഗത്തിൽപ്പെട്ട ഒരു തിമിംഗല കുഞ്ഞിനെ കൂട്ടംചേർന്ന് ആക്രമിക്കുന്ന ഓർക്ക തിമിംഗലങ്ങളുടെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒാറിഗണിന് സമീപമുള്ള സമുദ്രത്തിൽ നിന്ന് നേച്ചർ ഫൊട്ടോഗ്രാഫറായ ജാക്‌ലിൻ ലാർസണാണ് ഈ ദൃശ്യം പകർത്തിയത്.

ആക്രമണകാരികളായ ഓർക്ക തിമിംഗലക്കൂട്ടത്തിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താൻ അമ്മ തിമിംഗലം ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അഞ്ചിലധികം ഓർക്ക തിമിംഗലങ്ങൾ ഒന്നിച്ച് നീങ്ങുന്നത് കണ്ടാണ് ജാക്ക്ലിൻ ശ്രദ്ധിച്ചത്. ഒരേ രീതിയിൽ അവ നീങ്ങുന്നതും വെള്ളം തെറിപ്പിക്കുന്നതുമെല്ലാം കണ്ട് ആദ്യം എന്താണ് സംഭവിക്കുന്നത് എന്ന്  ജാക്‌ലിന് മനസ്സിലായില്ല. അല്പസമയത്തിനു ശേഷമാണ് അവയ്ക്കരികിലായി ഗ്രേ തിമിംഗലത്തിനെയും കുഞ്ഞിനെ കണ്ടത്. തിമിംഗല കുഞ്ഞിനെ ആക്രമിക്കാനായി ഓർക്കാതിമിംഗലങ്ങൾ വട്ടം കൂടുകയായിരുന്നു.

ഡ്രോൺ ഉപയോഗിച്ചാണ് ജാക്‌ലിൻ ദൃശ്യം പകർത്തിയത്. ഓരോ തവണ കൊലയാളി തിമിംഗലങ്ങൾ അടുക്കുമ്പോഴും കുഞ്ഞിനെ രക്ഷിക്കാനായി അമ്മത്തിമിംഗലം പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ  വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഒരേ ചലനങ്ങളോടെ ഓർക്ക തിമിംഗലങ്ങൾ അവയ്ക്ക് ചുറ്റും തന്നെ നീന്തിക്കൊണ്ടിരുന്നു. മൂന്നു മണിക്കൂറിലേറെ നേരം തന്റെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മ തിമിംഗലം പോരാടി. 

കുഞ്ഞിനും ഓർക്ക തിമിംഗലങ്ങൾക്കും ഇടയിൽ നിലകൊള്ളാനായിരുന്നു അമ്മ തിമിംഗലത്തിന്റെ ശ്രമം. എന്നാൽ വലുപ്പത്തിൽ ഓർക്ക തിമിംഗലങ്ങളെക്കാൾ വലുതാണെങ്കിലും ഒടുവിൽ അതിന് തോൽവി സമ്മതിക്കേണ്ടി വന്നു.  കൊലയാളി തിമിംഗലങ്ങളുടെ പ്രഹരമേറ്റ് പിടിച്ചുനിൽക്കാനാവാതെയാണ് തിമിംഗല കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ട ശേഷം അതിന്റെ ജഡം സംരക്ഷിക്കാനായിരുന്നു അമ്മ തിമിംഗലത്തിന്റെ ശ്രമം. എന്നിട്ടും പിന്മാറാൻ തയാറാകാതെ ഓർക്ക തിമിംഗലങ്ങൾ അമ്മ തിമിംഗലത്തെ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

ഇതിനിടെ അമ്മ തിമിംഗലത്തിനും പ്രഹരമേറ്റിരുന്നു. ഇരുട്ട് വ്യാപിച്ചു തുടങ്ങിയതോടെയാണ് ഒടുവിൽ മറ്റു മാർഗമില്ലെന്ന് മനസ്സിലാക്കി അമ്മ തിമിംഗലം മടങ്ങിയത്. ഈ കാഴ്ച കണ്ട് ഏറെ വിഷമം തോന്നിയെങ്കിലും സമുദ്രജീവികൾക്ക് ഭക്ഷണം തേടാൻ മറ്റു മാർഗമില്ലെന്ന തിരിച്ചറിവിലാണ് താൻ സമാധാനിച്ചതെന്ന് ജാക്‌ലിൻ പറയുന്നു. ജാക്‌ലിൻ തന്നെയാണ് ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. പ്രകൃതിയിലെ വൈവിധ്യങ്ങളും അദ്ഭുതങ്ങളും ജീവികളിലെ ആക്രമണ മനോഭാവവും എത്തരത്തിലാണെന്നത് കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും  ജാക്‌ലിൻ വിശദീകരിച്ചു.

English Summary: Watch Mother Whale Desperately Trying to Save Calf From Brutal Orca Attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA