സന്ദർശകൻ തൊട്ടു, കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടുപോത്തിൻ കൂട്ടം; ദയാവധത്തിന് വിധേയമാക്കി അധികൃതർ

 Baby bison euthanized after Yellowstone tourist’s rescue attempt caused it to be rejected by herd
Image Credit: Hellen Jack / National Park Service
SHARE

മനുഷ്യരുടെ ഇടപെടലുകൾ മറ്റു ജീവജാലങ്ങൾക്ക് പലപ്പോഴും ദോഷകരമായി ഭവിക്കും. അത് അവയെ സഹായിക്കാനുള്ള ശ്രമമാണെങ്കിൽപോലും ചിലപ്പോൾ ഫലം വിപരീതമായെന്ന് വരാം. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ വ്യോമിങ്ങിലുള്ള യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്നത്. അപകടത്തിൽപ്പെട്ട കാട്ടുപോത്തിന്റെ കുഞ്ഞിനെ സന്ദർശകരിൽ ഒരാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് അധികൃതർക്ക് അതിനെ ദയാവധത്തിന് വിധേയമാക്കേണ്ടി വരികയായിരുന്നു.

നദി മുറിച്ചു കടക്കാൻ ശ്രമിച്ച കാട്ടുപോത്തിന്റെ കുഞ്ഞിനെ സന്ദർശകരിലൊരാൾ സഹായിച്ചതാണ് സംഭവത്തിന് തുടക്കം. ദേശീയോദ്യാനത്തിന്റെ വടക്കു കിഴക്കൻ മേഖലയിലുള്ള ഒരു നദി മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു കുഞ്ഞു കാട്ടുപോത്തും സംഘവും. എന്നാൽ ജനിച്ച് അധിക ദിവസം പിന്നിടാത്ത കുഞ്ഞ് നദി കടക്കുന്നതിനിടെ അമ്മയിൽ നിന്നും വേർപെട്ടു. ശക്തമായി ഒഴുകുന്ന വെള്ളത്തിൽ നിന്നും കരയ്ക്ക് കയറാനാവാതെ കാട്ടുപോത്തിന്റെ കുഞ്ഞ് ബുദ്ധിമുട്ടി. ഇത് കണ്ടുനിന്ന സന്ദർശകൻ അതിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.

വെള്ളത്തിലേക്ക് ചാടിയ അദ്ദേഹം കുഞ്ഞിനെ കരയിലേക്ക് നീക്കി. ദേശീയോദ്യാനത്തിലെ ക്യാമറയിൽ ഇതിന്റെ ചിത്രങ്ങളും പതിഞ്ഞിട്ടുണ്ട്. 50 വയസ്സിനടുത്ത് പ്രായം ചെന്ന ഒരാളാളാണ് കാട്ടുപോത്തിൻ കുഞ്ഞിനെ രക്ഷിച്ചത്. എന്നാൽ നല്ല മനസ്സോടെ ഇദ്ദേഹം ചെയ്ത പ്രവൃത്തി യഥാർഥത്തിൽ പോത്തിൻ കുട്ടിക്ക് വിനയവുകയായിരുന്നു. കരയിലേക്ക് കയറി തണുത്തുവിറങ്ങലിച്ചു നിന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന വിധത്തിൽ അദ്ദേഹവും മറ്റു ചില സന്ദർശകരും അതിനെ ഓമനിക്കുകയും ചെയ്തു. 

ഈ സമയമത്രയും അല്പം അകലലെയായി കാട്ടുപോത്തിൻകൂട്ടം നിലകൊള്ളുന്നുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അവ കുട്ടിയെ ഉപേക്ഷിച്ച് സ്ഥലംവിട്ടു.  മനുഷ്യരുടെ ഇടപെടലുകളുണ്ടായാൽ വന്യജീവികൾ അവയുടെ കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തി ഉപേക്ഷിക്കുന്നത് പതിവാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. തനിച്ച് ജീവിക്കാൻ അറിയാത്ത കുഞ്ഞ് ആ മേഖലയിലെത്തുന്ന വാഹനങ്ങളുടെയും സന്ദർശകരുടെയും പിന്നാലെ പോയി തുടങ്ങി. ഇതോടെ ദേശീയോദ്യാനത്തിലെ അധികൃതർ കുട്ടിയെ അതിന്റെ കൂട്ടവുമായി ചേർക്കാൻ പലതവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

തനിച്ചായിപ്പോയ കുട്ടി നിരത്തിലേക്കിറങ്ങുന്നതും ആളുകളുടെ അടുത്തേക്കെത്തുന്നതും അപകട ഭീഷണിയുയർത്തിയതോടെ മറ്റു മാർഗമില്ലാതെ അതിന് ദയാവധം നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും കുട്ടിയെ കൊലചെയ്യുകയല്ലാതെ മറ്റൊരു പരിഹാരം ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ദേശീയോദ്യാനത്തിലെത്തുന്ന സന്ദർശകർ വന്യജീവികളെ കണ്ടാൽ അവയിൽനിന്നും അകലത്തിൽ നിലകൊള്ളണമെന്നാണ് നിർദ്ദേശം. കരടികളെയോ ചെന്നായകളെയോ ആണ് കാണുന്നതെങ്കിൽ കൂടുതൽ അകലം പാലിക്കണം. കാട്ടുപോത്തിന്റെ കുഞ്ഞ് ഒറ്റപ്പെട്ടുപോയ സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. അതിനരികിലെത്തിയ വ്യക്തിയെ കണ്ടെത്തിയാൽ വന്യജീവികളെ ശല്യപ്പെടുത്തിയെന്ന കുറ്റത്തിന് ആറുമാസം തടവും 5000 ഡോളർ (4.13 ലക്ഷം രൂപ) പിഴയുമായിരിക്കും ശിക്ഷ.

English Summary: Baby bison euthanized after Yellowstone tourist’s rescue attempt caused it to be rejected by herd

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS