ADVERTISEMENT

പസിഫിക് സമുദ്രത്തിലെ യുഎസിന്റെ അധീനതയിലുള്ള ദ്വീപായ ഗുവാം കടുത്ത പ്രതിസന്ധിയിലാണ്. കാറ്റഗറി 4 വിഭാഗത്തിൽപെടുന്ന മവാർ എന്ന ചുഴലിക്കാറ്റ് ഗുവാമിൽ കനത്ത നാശം വിതയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും ദ്വീപിൽ ആഞ്ഞടിക്കുകയാണ്. മരങ്ങൾ കടപുഴകി വീണു. ദ്വീപിൽ വൈദ്യുതി പൂർണമായി മുടങ്ങിയ അവസ്ഥയാണ്. പസിഫിക്കിലെ മൈക്രോനേഷ്യൻ മേഖലയിലെ ഏറ്റവും വലിയ ദ്വീപായ ഗുവാം യുഎസിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള ഭൂമേഖല കൂടിയാണ്. 1898ലാണ് ഈ ദ്വീപ് യുഎസിന്റെ അധീനതയിലായത്. ആയിരക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന വലിയ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഗുവാം. എന്നാൽ ഇതിനപ്പുറം, പരിസ്ഥിതിപരമായ ഒരു വിഷയം മൂലവും ഗുവാം വളരെ പ്രശസ്തി നേടി. 

 

ലോകത്ത് പലയിടത്തും പ്രശ്‌നം സൃഷ്ടിക്കുന്ന അധിനിവേശ ജീവികളുമായി (ഇൻവേസീവ് സ്പീഷീസ്) ബന്ധപ്പെട്ടുള്ള ആക്രമണം ശക്തമായ ദ്വീപാണ് ഗുവാം. ഗുവാമിലെ അധിനിവേശ ജീവി ഒരു വിഷപ്പാമ്പാണ്, ബ്രൗൺ സ്‌നേക് എന്നാണ് ഇതിന്റെ പേര്. മേഖലയിൽ തദ്ദേശീയമായുണ്ടായിരുന്ന പക്ഷികളുടെയും ചെറുജീവികളുടെയും എണ്ണം വലിയ രീതിയിൽ കുറയാൻ ഈ പാമ്പ് കാരണമായി. പുതുതായി കിളിർക്കുന്ന മരങ്ങളുടെ തോത് പോലും 92 ശതമാനത്തോളം കുറയാൻ ഈ പാമ്പ് ഇടയാക്കി. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനുമായുള്ള യുഎസിന്റെ യുദ്ധത്തിൽ ഗുവാം ഒരു തന്ത്രപ്രധാനമായ താവളമായിരുന്നു. അന്നത്തെ കാലത്ത് പാപ്പുവ ന്യൂഗിനിയിൽ നിന്നും സൈനിക ഉപകരണങ്ങൾ ഗുവാമിലേക്ക് എത്തിച്ചിരുന്നു. ഇതിനൊപ്പം വന്നതാണ് ഈ പാമ്പുകളും. പിന്നീടിവ 544 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ചെറുദ്വീപിൽ ആധിപത്യമുറപ്പിച്ചു.

 

ഈ പാമ്പുകൾ മനുഷ്യർക്ക് വലിയ ഭീഷണിയല്ല. എന്നാൽ മൂഷികവർഗത്തിലും മറ്റും പെടുന്ന ചെറുജീവികളും പക്ഷികളും വലിയതോതിൽ ഇവയ്ക്കിരയായി. ഒരു വേട്ടക്കാരൻ ജീവിയുടെ അഭാവം മൂലം ഗുവാമിലെ ചെറുജീവികൾക്ക് ഓടിയൊളിക്കാനും മറ്റുമുള്ള കഴിവ് കുറവായിരുന്നു. ഇത് ബ്രാൺ സ്‌നേക്കുകൾക്ക് വലിയ അനുകൂല സാഹചര്യം സൃഷ്ടിച്ചു. ദ്വീപിലെത്തിയ ചുരുക്കം പാമ്പുകളിൽ നിന്ന് ഇവയുടെ എണ്ണം 20 ലക്ഷമായി വളർന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ 5000 പാമ്പുകൾ എന്ന നില.

 

ദ്വീപിലുണ്ടായിരുന്ന 12 തരം പക്ഷികളിൽ 10 എണ്ണവും ഇവയുടെ ആക്രമണത്തിൽ പൂർണമായി അപ്രത്യക്ഷമായി. ലോകത്ത് മറ്റെവിടെയും കാണാത്ത ഒരു പൊൻമാൻ പക്ഷിയും ഇക്കൂട്ടത്തിലുണ്ട്.ഗുവാമിലെ പക്ഷികൾ വൃക്ഷങ്ങളുടെ വിത്തുകൾ പുതിയിടങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ റോളാണ് വഹിക്കുന്നത്. പക്ഷികൾ കുറഞ്ഞതോടെ ഈ പ്രക്രിയയും നശിച്ചു. ഇതോടെ ദ്വീപിൽ പുതിയ മരങ്ങൾ വളരുന്നത് കുറഞ്ഞു.

 

English Summary: Guam's Brown Treesnake: Worse Than The Burmese Python?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com